തിരുവനന്തപുരം: വാളയാർ കിഡ്‌സ് ഫോറം വാളയാര്‍ പെണ്‍കുട്ടികളുടെ പീഡനക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് തന്റെ അറിവോടെയല്ലെന്ന് വാളയാർ പെൺകുട്ടിയുടെ അമ്മ. വാളയാര്‍ പീഢനക്കേസില്‍ ഡിവൈഎസ്പി സോജനെതിരെയുള്ള പരാമർശം മാറ്റണമെന്ന വാളയാർ കിഡ്സ് ഫോറത്തിന്റെ ആവശ്യം തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയത്.
വാളയാർകേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഹൈക്കോടതി വിധിയിൽ പരാമർശിച്ചിരുന്നു. പോലീസ് സേനയ്‌ക്ക് തന്നെ അവമതിപ്പുണ്ടാകുന്ന രീതിയിലാണ് ഡിവൈഎസ്പി സോജന്റെ അന്വേഷണമെന്നായിരുന്നു ഹൈക്കോടതി പരാമർശം. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ 103-ാം പാരഗ്രാഫിലാണ് ഈ പരാമര്‍ശം എന്ന് അറിയുന്നു. നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കിഡ്‌സ് ഫോറം സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്.
എന്തിനാണ് പ്രോക്സി(മറ്റൊരാള്‍ക്ക് വേണ്ടി) ഹർജി നൽകുന്നതെന്ന് കിഡ്സ് ഫോറത്തിനോട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ആരാഞ്ഞു. എന്നാൽ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പരാമശങ്ങൾക്ക് എതിരെ അവരല്ലേ കോടതിയിൽ എത്തേണ്ടതെന്ന് ജസ്റ്റിസ് മാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് ആരാഞ്ഞു. ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറത്തിന്റെ അഭിഭാഷകൻ ഹർജി പിൻവലിച്ചത്.
ഈ സംഘടന അന്വേഷണ ഉദ്യോഗസ്ഥനായ സോജനുവേണ്ടിയാണോ സുപ്രീം കോടതിയെ സമീപിച്ചതെന്ന് സംശയമുണ്ടെന്നും പെൺകുട്ടികളുടെ അമ്മ ആരോപിച്ചു.സമര സമിതിയുമായി വാളയാർ കിഡ്‌സ് ഫോറം ചർച്ച നടത്തിയിട്ടില്ലന്നും അമ്മ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: