കാനം രാജേന്ദ്രന്റെ ആവേശമായിരുന്നു കനയ്യകുമാര്‍. കാനത്തിന്റെ മാത്രമല്ല സകലമാന മോദിവിരുദ്ധരുടെയും സ്വപ്നകാമുകനായിരുന്നു. ഇന്ത്യന്‍ ചെഗുവേര എന്നൊക്കെ അമിതാവേശം കൊണ്ട് ആര്‍ത്തുവിളിച്ചത് കമ്മ്യൂണിസ്റ്റുകാര്‍ മാത്രമായിരുന്നില്ല. വിദേശത്തുനിന്ന് കണക്കില്ലാതെ പണം വരുത്തി മതംമാറ്റവും മാധ്യമപ്രവര്‍ത്തനവും നടത്തി തെഴുത്തവര്‍ക്ക്മേല്‍ മോദി സര്‍ക്കാര്‍ പിടിമുറുക്കിയ കാലം മുതല്‍ അവര്‍ മുട്ടിപ്പായി നടത്തിയ പ്രാര്‍ത്ഥനകളുടെ ഫലമായി ജെഎന്‍യുവില്‍ പിറവിയെടുത്ത ചെഗുവേരയുടെ അവതാരമായിരുന്നു കനയ്യ. വട്ടം നിന്ന് തള്ളിക്കയറ്റിയിട്ടും ഒരിഞ്ചുപോലും മുന്നോട്ടുപോകാത്ത രാഹുല്‍ഗാന്ധിയുടെ പ്രകടനത്തില്‍ നിരാശരായി, ജനാധിപത്യത്തില്‍ പോലും വിശ്വാസം നഷ്ടപ്പെട്ട് തലകുമ്പിട്ട് നടന്ന കാലത്താണ് മുപ്പത്തിനാലുകാരന് കനയ്യ കോളേജ്കുമാരനാണെന്നും പറഞ്ഞ് ആസാദി വിളിച്ചത്.
അന്നുമുതല്‍ കനയ്യയുടെ വിപ്ലവവീര്യത്തില്‍ വല്ലാണ്ട് പ്രകമ്പിതരായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍. ജെഎന്‍യുവിലും ദല്‍ഹിയിലെ തെരുവിലും നടന്ന് രാജ്യത്തെ തവിടുപൊടിയാക്കിക്കളയും എന്ന് വാ പോയ കോടാലി കണക്കെ അലറി വിളിച്ച കനയ്യയെ കേരളത്തില്‍ പല തവണ വിളിച്ചുവരുത്തിയിട്ടുണ്ട് കാനവും കൂട്ടരും. ആരാണ് ഈ ബീഹാറുകാരന്റെ പിന്നിലെന്ന് രാജ്യം പണ്ടേ ചര്‍ച്ച ചെയ്തതാണ്. പാര്‍ലമെന്റ് ആക്രമിച്ച കൊടുംഭീകരന് അഫ്സല് ഗുരുവിന് വേണ്ടി അനുസ്മരണ പരിപാടികള്‍ നടത്തുക, ജെഎന്‍യു കാമ്പസില്‍ മഹിഷാസുര രക്തസാക്ഷിദിനം കൊണ്ടാടുക, കശ്മീര്‍ മുതല്‍ കേരളം വരെയുള്ള നാടുകള്‍ക്ക് ഭാരതത്തില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് മുദ്രാവാക്യം വിളിക്കുക… തുടങ്ങിയവയാണ് കനയ്യയും കൂട്ടരും നടത്തിവന്നിരുന്ന കലാപരിപാടികള്‍. ഇയാളില്‍ നിന്ന് ആവേശം കൊണ്ടാണ് കേരളത്തില്‍ ചുംബനസമരക്കാര്‍ മുതല്‍ ദേശീയഗാനവിരോധികള്‍ വരെ നിറഞ്ഞാടിയത്. തീയറ്ററില്‍ ദേശീയപതാക കാണുമ്പോള്‍ അശ്ലീലവും ആഭാസവും നടത്തിക്കളയാമെന്ന് കമ്മ്യൂണിസ്റ്റ് കുഞ്ഞുങ്ങള്‍ക്ക് തോന്നിയത് കനയ്യയുടെ വിപ്ലവ കാലത്തായിരുന്നു.
സിപിഐയില്‍ എം.എ. ബേബി കളിച്ചുനടക്കുന്ന ബിനോയ് വിശ്വത്തെപ്പോലുള്ളവരൊക്കെ ഈ ബീഹാറുകാരന്റെ താളത്തിനൊപ്പിച്ച് നിരത്തില്‍നിന്ന് നൃത്തമാടുകയും പന്ന്യന്‍ രവീന്ദ്രന് മുടിയാട്ടം നടത്തുകയും ചെയ്യുന്നതൊന്നും അത്ര പഴയ കാര്യമല്ല. എന്തിന് സദാ വലിഞ്ഞുമുറുകി നടക്കുന്ന കാനം വരെ കൈയടിച്ച് പാടിയിട്ടുണ്ട് കനയ്യയുടെ ആസാദി. ഒന്നാന്തരം വിഘടനവാദമുദ്രാവാക്യം പൊതുനിരത്തില്‍ നിന്ന് പച്ചയ്ക്ക് വിളിച്ചുകൂവി താരമായ ഒരുത്തനെ ദേശീയനിര്‍വാഹകസമിതിയാക്കി എഴുന്നെള്ളിച്ച് നടന്ന പാപ്പരത്തമാണ് ഇക്കാലമത്രയും കാനവും കൂട്ടരും പ്രകടിപ്പിച്ചത്. ജനിച്ച നാട്ടിലാര്‍ക്കും വേണ്ടാത്ത ഈ കുരിപ്പിന് രാഷ്ട്രിയത്തിലും പൊതുമണ്ഡലത്തിലും സ്വീകാര്യത ഉണ്ടാക്കിക്കൊടുത്തത് മോദിവിരുദ്ധ ഹിസ്റ്റീരിയ പിടിപ്പെട്ട മാധ്യമങ്ങളും കാനമടക്കമുള്ള രാഷ്ട്രീയക്കാരുമാണ്.
രാജയും രാജയുടെ ഭാര്യ ആനിരാജയും കഴിഞ്ഞാല്‍ പിന്നെ കാനത്തിന്റെ പാര്‍ട്ടിയില്‍ നാല് പേരറിയുന്ന ഒരാള്‍ ജെഎന്‍യുവില്‍ മാധ്യമങ്ങള്‍ മുളപ്പിച്ച ഈ രാജ്യവിരുദ്ധ തകരയായിരുന്നു. ആ മുതലാണ് രാഹുല്‍ ഗാന്ധിയുടെ കൂടെ ചായ കുടിക്കാന്‍ പോയത്. അത് കടുത്ത വഞ്ചനയാണെന്ന് കാനവും അഖിലേന്ത്യാ കാനമായ രാജയും പറയുന്നു. കാശ് കൊടുത്ത് സിപിഐ ഓഫീസില്‍ വെച്ചിരുന്ന എസിയും ഊരിയാണ് കനയ്യ എഐസിസി ഓഫീസിലേക്ക് ചേക്കേറിയത്. എസി ബൂര്‍ഷ്വാപാര്‍ട്ടിയുടെ അടയാളമാണെന്നും കനയ്യ ഒന്നാന്തരം വര്‍ഗവഞ്ചകനാണെന്നുമുള്ള സിപിഐ നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനം ഇതാണ്. കനയ്യ പോകുന്ന പോക്കില്‍ ഊരിക്കൊണ്ടുപോയ എസിയിലായിരുന്നു സിപിഐയുടെ ആകെ ആശ്വാസം. അതാണ് ഒറ്റയടിക്ക് നഷ്ടമായത്.
കനയ്യ കോണ്‍ഗ്രസിലേക്ക് പോകുന്നു എന്ന ചര്‍ച്ച കുറേക്കാലമായി അന്തരീക്ഷത്തിലുണ്ട്. കനയ്യ കോണ്‍ഗ്രസില്‍ നിന്നാലും സിപിഐയില്‍ നിന്നാലും പ്രത്യേകിച്ച് വിശേഷമൊന്നുമുണ്ടായിട്ടല്ല, നാലാള് അറിയുന്ന ഒരു പേരുകാരന് ഇല്ലാതാവുന്നതിന്റെ സങ്കടം മാത്രമാണ് കാനത്തിനും കൂട്ടര്‍ക്കുമുള്ളത്. കനയ്യ കോണ്‍ഗ്രസില്‍ ചേരുന്നതുകൊണ്ട് ആ പാര്‍ട്ടിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. മാത്രമല്ല, കോണ്‍ഗ്രസും സിപിഐയുമൊക്കെ ഇപ്പോള്‍ ഒരുമിച്ചാണ്. അപ്പോള്‍പ്പിന്നെ എന്ത് കാര്യത്തിനാണ് കനയ്യ ഇപ്പോള്‍ അങ്ങോട്ട് ചാടിയതെന്നാണ് അറിയാത്തത്.
ഒരുവിധം മര്യാദയ്ക്ക് മുന്നോട്ടുപോയതാണ് പഞ്ചാബിലെ ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്. അവിടെപ്പോയി അദ്ദേഹത്തെ പടിയിറക്കിയിട്ട് പെങ്ങളുടെയും അളിയന്റെയും കൂടെ ടൂറിന് പോയതാണ് രാഹുലിന്റെ രാഷ്ട്രീയം. വയനാട്ടില്‍ പച്ചക്കൊടിത്തണലില്ലായിരുന്നെങ്കില്‍ സ്ഥിരമായി ടൂറിന് പോകേണ്ട പരുവത്തിലാണ് അദ്ദേഹം.
എവിടൊക്കെ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ രാഹുല്‍ കച്ചകെട്ടിയിറങ്ങിയിട്ടുണ്ടോ അവിടൊക്കെ തോല്‍വി ഉറപ്പിച്ചിട്ടുമുണ്ട്. അമ്മാതിരി ഒരു നേതാവിനെക്കൊണ്ട് തന്നെ വല്ലാണ്ടില്ലാതായിപ്പോയ പാര്‍ട്ടിയിലേക്കാണ് കനയ്യ പോകുന്നത്. വര്‍ഗവഞ്ചകനെന്ന് വിളിച്ച രാജയെയും കാനത്തെയുമൊക്കെ നോക്കിയാണ് കനയ്യ പറഞ്ഞത്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളതൊക്കെ മണ്ടന്മാരാണെന്ന്. അത് പിന്നെ തപ്പുംകൊട്ടി താന്തോന്നിത്തവും വിളിച്ചുകൂവി നടന്ന ചെറുക്കനെയൊക്കെ പിടിച്ച് ദേശീയകമ്മറ്റിയിലൊക്കെ ഇരുത്തിയപ്പോഴെ നാട്ടുകാര്‍ പറഞ്ഞതാണ്.
കോണ്‍ഗ്രസില്‍പ്പിന്നെ ആ പ്രശ്നമില്ല. പണ്ടേ അങ്ങനെയാണ്. മണ്ടന്മാര് ലണ്ടനില്‍ എന്നത് ഒരു സിനിമയുടെ മാത്രം പേരല്ല. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നത് ഒരു ചൊല്ല് മാത്രവുമല്ല. പക്ഷേ വിശേഷം തകര്‍ന്ന് തരിപ്പണമായ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനാണ് താന്‍ വന്നതെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന അടുത്ത നിമിഷം തന്നെ കനയ്യ പറഞ്ഞതാണ്. അത് കേട്ട് നിര്‍ലജ്ജം ചിരിച്ചുകൊണ്ടിരിപ്പായിരുന്നു പേരുകേട്ട രാഹുല്‍ ദാസന്മാരൊക്കെ. ജന്മനാട്ടില് നാല് ലക്ഷം വോട്ടിന് തോറ്റതാണ് കനയ്യയുടെ വലിപ്പം. അമ്മാതിരി വലുപ്പമുള്ളവര്‍ക്ക് മാത്രമേ കോണ്‍ഗ്രസിനെ ഇനി എന്തെങ്കിലും ‘ആക്കാന്‍’ പറ്റൂ. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും മണ്ടന്മാരാണെങ്കിലും തന്നെ തോല്പിച്ച നാട്ടുകാരെക്കുറിച്ച് കനയ്യയ്ക്ക് ആ അഭിപ്രായമില്ലെന്ന് ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: