രാം മനോഹര്‍ ലോഹ്യ ഒരിക്കല്‍ പറഞ്ഞു: ‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗാന്ധിജി സ്വപ്നവും നെഹ്രു അഭിലാഷവും സുഭാഷ് ചന്ദ്രബോസ് പ്രവൃത്തിയുമായിരുന്നു.’ സ്വപ്നം ഇന്നും പ്രചോദനം നല്കുന്നു. അഭിലാഷം മുരടിച്ചു പോയി. പ്രവൃത്തി മുഴുമിപ്പിക്കാതെ അവശേഷിക്കുന്നു. ലോഹ്യ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജിയുടെ സ്വപ്നങ്ങളും സുഭാഷിന്റെ പ്രവൃത്തിയും മുഴുമിപ്പിക്കാന്‍ നരേന്ദ്രമോദിജി അശ്രാന്തം യത്നിക്കുന്നു എന്ന് തന്റെ വരികളില്‍ അദ്ദേഹം കൂട്ടിചേര്ക്കുമായിരുന്നു.
ഗാന്ധിജിയുടെയും ലോഹ്യയുടെയും ദീനദയാല്‍ജിയുടെയും ചിന്തകളുടെ സമ്പൂര്‍ണ്ണമായ ആവിഷ്കാരം മോദി തന്റെ ഭരണത്തില്‍ നടപ്പാക്കുകയാണ്. ഭാരതത്തിലെ ഗ്രാമീണജനതയുടെ ഉദ്ധാരണത്തിനുവേണ്ടി സ്വയം സമര്‍പ്പിത ജീവിതമായി മാറുക എന്നതാണ് നരേന്ദ്രമോദിയുടെ ജീവിതലക്ഷ്യം. മാനവരാശിയുടെ മനസ്സില്‍ നരേന്ദ്രമോദി തിളങ്ങിനില്ക്കുന്നതും അവരാല്‍ ആദരിക്കപ്പെടുന്നതും ഈ സമര്‍പ്പിത ജീവിതത്തിന്റെ ഉദാത്തമാതൃക നേരില്‍ കാണുവാനും അനുഭവിക്കാനും കഴിഞ്ഞതുകൊണ്ടാണ്. ആല്‍പ്സ് പര്‍വ്വതനിരകളില്‍ ഇന്ത്യന്‍ പതാക പാറിച്ചുകൊണ്ട് മോദിജിക്ക് ലോകം നന്ദി പറഞ്ഞത് ഈ കൊറോണ കാലത്തെ അനുഭവമായിരുന്നു. ഇന്നത്തെ കാലഘട്ടത്തിന്റെ കേന്ദ്രബിന്ദു മുഴുവന്‍ മാനവരാശിയുടെ നന്മയും സമത്വവുമാണ്. സമത്വത്തിന്റെ അര്‍ത്ഥം സര്‍വ്വചരാചരങ്ങളിലും അനുഭൂതി പടര്‍ത്തി ഓരോ രാജ്യത്തിനകത്തും ലോകത്തില്‍ എല്ലായിടത്തുമുള്ള മുഴുവന്‍ മനുഷ്യരുടെയും ജീവിതക്ലേശം പരിഹരിക്കുന്നത് തന്നെയാണ്. ദേശീയവും അന്തര്‍ദേശീയവുമായ സമത്വങ്ങള്‍ വ്യത്യസ്തങ്ങളോ വേര്‍പിരിക്കാന്‍ കഴിയുന്നതോ അല്ലെന്ന ഭാരതീയസനാതന ധര്‍മ്മത്തിന്റെ മാനവീക കാഴ്ചപ്പാടാണ് മോദിജിയുടെ വിദേശനയത്തിന്റെ ആധാരം. ലോകരാഷ്ടങ്ങള്‍ക്കിടയില്‍ മോദിജി നേടുന്ന അംഗീകാരം ഈ പാരസ്പര്യദര്ശനത്തിന്റെ പ്രതിഫലനങ്ങളാണ്. ഇസ്രായേലിന്റെ പൂന്തോട്ടത്തിലും പാലസ്തീന്റെ കളിയരങ്ങിലും മോദിജി ഒരുപോലെ നേടുന്ന അംഗീകാരം സനാതനധര്‍മ്മത്തിന്റെ വിശ്വദര്‍ശനം തന്നെയാണ്.
ആധുനികഭാരതത്തില്‍ ഗാന്ധിസങ്കല്പ്പങ്ങളുടെ പ്രയോക്താവായി ഗാന്ധിചിന്തകളെ കര്മ്മപഥത്തിലെത്തിക്കുകയാണ് മോദിസര്‍ക്കാര്‍. ഭാരതീയ ആത്മീയതയില്‍ അടിയുറച്ച കാഴ്ചപ്പാടുകളിലൂടെ, രാഷ്ട്രത്തിന്റെ നഷ്ടപ്പെട്ട ആത്മാവിനെ തിരിച്ചുപിടിക്കുന്ന അശ്രാന്തപരിശ്രമമാണത്. ഏകരാഷ്ട്രസങ്കല്പ്പത്തിന്റെ ഉപാസകനാണ് നരേന്ദ്രമോദി. ഹേ റാം എന്ന മന്ത്രധ്വനികളാല് ഭാരതം മുഴുവനും ഉഴുതുമറിച്ച ഗാന്ധിജി നമുക്ക് പ്രേരണയാകുന്നതു പോലെ ഇന്ത്യന്‍ ജനമനസ്സുകളില്‍ ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. സ്വപ്നങ്ങളും പ്രവൃത്തിയും സംയോജിക്കുകയാണ്. ജനങ്ങളുടെ ഹൃദയവികാരങ്ങള്ക്കൊപ്പമായിരിക്കണം ഒരു ഭരണാധികാരിയെന്ന ഗാന്ധിദര്ശനമാണ് കര്മ്മപഥത്തിലെത്തുന്നത്.
അഭിപ്രായവ്യത്യാസമുള്ളവര്‍ക്കുപോലും ഗാന്ധിജി ആരാധ്യനായതുപോലെ വിയോജിപ്പുകള്‍ക്കിടയിലും മോദിജി ജനകീയനായി മുന്നേറുകയാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ബിജെപിക്ക് ലോകസഭയില്‍ തുടര്‍ച്ചയായി രണ്ടുവട്ടം ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ എടുത്തുപറയേണ്ടതും ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ മോദി എന്ന മുദ്ര പതിഞ്ഞിരിക്കുന്നതിന്റെ തെളിവുമാണ്.
അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയവ്യക്തിത്വമാണ് നരേന്ദ്രമോദി. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ അഴിമതിയുടെ ആരോപണം പോലും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് ഇടനല്‍കാതെ ഏതെങ്കിലുമൊരു പ്രധാനമന്ത്രി ആറ് വര്‍ഷം ഇന്ത്യ ഭരിച്ചിട്ടുണ്ടെങ്കില്‍ അത് നരേന്ദ്രമോദിക്ക് മാത്രം അവകാശപ്പെട്ടതാണ്. നെഹ്റു മുതല്‍ മന്മോഹന്സിങ്ങ് വരെയുള്ള കോണ്‍ഗ്രസ്സ് ഭരണാധികാരികള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നിരവധി ആരോപണങ്ങള്‍ക്ക് വിധേയരായിരുന്നു. ഇവിടെയാണ് ഗാന്ധിചിന്തകരുടെ പ്രസക്തിയും ആവിഷ്കാരവും മോദിജിയുടെ ഭരണത്തില്‍ പ്രതിഫലിക്കുന്നത്.
അറുപതു വര്‍ഷം ഇന്ത്യ ഭരിച്ചവര്‍ ഗാന്ധിജിയുടെ പേരും തൊപ്പിവേഷവും കൈക്കലാക്കി ഗാന്ധിചിന്തകളെ വിസ്മരിച്ചു. 1962 ല്‍ നടന്ന കോണ്‍ഗ്രസ്സ് ദേശീയ സമ്മേളനത്തില്‍ ജവഹര്‍ലാല്‍ നെഹ്രു തനിക്ക് പറ്റിയ തെറ്റ് സൂചിപ്പിച്ചുകൊണ്ട് ഗാന്ധിജിയോട് മാപ്പ് പറയുന്നുണ്ട്. ഗാന്ധിജി ചെറുകിട വ്യവസായത്തിലൂന്നിയപ്പോള് നെഹ്രു വന്‍കിട വ്യവസായം കൊണ്ടുവന്നു. ഗ്രാമസ്വരാജിന് പകരം നഗരസ്വരാജും സ്വദേശിക്ക് പകരം സോഷ്യലിസവും നടപ്പാക്കി.
നെഹ്രു കുടുംബത്തിന്റെ ഗര്‍ഭപാത്രത്തില്‍ പിറന്നവരെല്ലാം ഗാന്ധിജിയെ വിസ്മരിച്ചപ്പോഴാണ് സ്വച്ഛഭാരതിലൂടെ, ആത്മനിര്‍ഭര്‍ നയങ്ങളിലൂടെ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളിലൂടെ, അന്ത്യോദയ അന്നപൂര്‍ണ്ണ സേവനങ്ങളിലൂടെ അഴിമതിരഹിത ഭരണവുമായി മോദിജി രാജ്യം ഭരിക്കുന്നത്.
ഗാന്ധിജിയുടെ ജീവിതലക്ഷ്യം സത്യത്തിലും അഹിംസയിലും അധിഷ്ഠിതവും സ്വദേശി ചിന്തയിലൂന്നിയ ഇന്ത്യന്‍ ഗ്രാമങ്ങളുടെ സചേതനമായ പുനര്സൃഷ്ടിയുമായിരുന്നു. മോദിജിയുടെ കഴിഞ്ഞ ആറ് വര്‍ഷത്തെ ഭരണം ഗാന്ധിചിന്തകളുടെ സാക്ഷാത്കാരമായിരുന്നുവെന്ന് വിമര്‍ശകര്‍ പോലും വിലയിരുത്തുന്നു. ഗാന്ധിജി ശ്രീരാമനെ ഹൃദയതാളമാക്കിയപ്പോള് അടിമത്തത്തിന്റെ ഭാഗമായി ശ്രീരാമജന്മഭൂമിയിലുണ്ടായ കളങ്കം കഴുകിക്കളഞ്ഞ് ദേശീയതയുടെ ചിരപുരാതന സ്മാരകത്തിന് തറക്കല്ലിട്ടത് മോദി ഭരണകാലത്താണ്.
ഇന്ത്യയെ ഇനി വിഭജിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തോടെ 370-ാം വകുപ്പ് റദ്ദാക്കി കശ്മീരിലെ വിഘടനവാദത്തെ തകര്‍ത്തതും മതത്തിന്റെ പേരില്‍ സ്ത്രീസമൂഹത്തോട് കാട്ടിയ അനീതിക്ക് അറുതി വരുത്തി മുത്തലാക്ക് നിയമം കൊണ്ടുവന്നതുമടക്കം നിരവധി നിലപാടുകളിലൂടെ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ കര്‍മ്മപഥത്തില്‍ സാക്ഷാത്കരിക്കുകയാണ് വര്‍ത്തമാനകാല മോദിഭരണം. ദാരിദ്ര്യത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ വരികള്‍ ഈ കൊറോണക്കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണ്. ഗാന്ധിജി പറയുന്നു, ”നമ്മുടെ രാജ്യത്തെ പീഡിപ്പിക്കുന്ന ദുര്‍വഹമായ ദാരിദ്ര്യവും പട്ടിണിയും കൂടുതല്‍ കൂടുതല്‍ ആളുകളെ യാചകന്മാരുടെ അണികളിലേക്ക് ആണ്ടു തോറും തള്ളിവിട്ടുകൊണ്ടിരിക്കുന്നു. ആഹാരത്തിന് വേണ്ടിയുള്ള അവരുടെ അന്തംവിട്ട പോരാട്ടം എല്ലാ സഭ്യതാബോധത്തിന്റെയും ആത്മാഭിമാന ബോധത്തിന്റെയും കാര്യത്തില്‍ അവരെ നിര്വികാരരാക്കിത്തീര്ത്തിരിക്കുന്നു. നമ്മുടെ ഭരണാധികാരികള്‍ അവര്‍ക്ക് ആഹാരസമ്പാദനത്തിന് തൊഴിലുണ്ടാക്കികൊടുക്കുന്നതിന് പകരം ഭിക്ഷയാണ് കൊടുക്കുന്നത്. ഇതാണ് മാറേണ്ടത്”. ഗാന്ധിജിയുടെ ഈ കാഴ്ചപ്പാടിന് വിരുദ്ധമായിരുന്നു അറുപതു വര്‍ഷത്തെ കോണ്‍ഗ്രസ്സ് ഭരണമെങ്കില്‍ ആറു വര്‍ഷത്തെ മോദിഭരണത്തില്‍ മുദ്ര ലോണിലൂടെയും സ്വയം തൊഴില്‍ ആര്‍ജിക്കല്‍ പദ്ധതികളിലൂടെയും ഗ്രാമീണജനതയുടെ സ്വയംപര്യാപ്തതയും ഗ്രാമസ്വരാജിലധിഷ്ഠിതമായ സ്വദേശീവല്കൃത, കാര്‍ഷിക വ്യാവസായിക സംരംഭങ്ങളും നടപ്പാക്കാന്‍ നരേന്ദ്രമോദി ഭരണത്തിന് കഴിഞ്ഞു എന്നതുകൊണ്ടാണ് ഭാരതം നടത്തുന്ന ആനുകാലികപരിശ്രമങ്ങളെ ലോകം അഭിനന്ദിക്കുന്നത്.
ഗാന്ധിജിക്ക് സമാനമായി ഗാന്ധിജി മാത്രമാണുള്ളതെങ്കില്‍ ഗാന്ധിചിന്തകളെ കര്‍മ്മപഥത്തിലെത്തിക്കുന്ന സ്വതന്ത്രഭാരത ചരിത്രത്തിലെ ഒരേയൊരു പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചരിത്രത്തില്‍ ഇടംപിടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: