ദപ്പും കൊട്ടി പാട്ട്. കൈ ഉയര്‍ത്തി മുദ്രാവാക്യം. ദല്‍ഹി ജെഎന്‍യുയിലെ ഈ കുട്ടിക്കളിയെ പുകഴ്ത്താന്‍ ദൃശ്യമാധ്യമങ്ങള്‍ മത്സരിച്ചു. നരേന്ദ്രമോദി വിരുദ്ധതയാല്‍ സ്വബോധം നഷ്ടപ്പെട്ടവര്‍ക്ക് കനയ്യ ഒരാവേശമായി. സിപിഐ അതിലൂടെ ലാഭമുണ്ടാക്കാനാണ് നോക്കിയത്. ഒരു കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനമേറെയായിരുന്ന ബീഹാറില്‍. അവിടെ നിന്നുള്ള കനയ്യ കമ്യൂണിസ്റ്റുകാരുടെ കനലെന്ന് വാഴ്ത്തി. ഇന്നിപ്പോള്‍ കരിക്കട്ടയെന്ന് വാഴ്ത്തിയവര്‍ തന്നെ വിലയിരുത്തുന്നു. ഫറോക്കിലെ ഓടയില്‍ നിന്നും ചാലിയാറിലേക്ക് ചാടി കനയ്യ ഇപ്പോള്‍ കോണ്‍ഗ്രസിനെ വാഴ്ത്തുകയാണ്. ഓടയില്‍ അഴുക്കുവെള്ളമെങ്കില്‍ ചാലിയാറില്‍ വിഷജലമെന്നറിയാതെ. കനയ്യക്ക് ഒന്നുമറിയില്ല. അവന് വെറും കുട്ടിയല്ലെ?
കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തുരുപ്പ് ചീട്ടായിരുന്നല്ലോ കനയ്യ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ആക്ഷന്‍ ഹീറോ ആയിരിക്കും കനയ്യ എന്ന് പലരും പ്രവചിച്ചു. സകലരും പ്രതീക്ഷിച്ചു. അപ്പോഴല്ലെ കോണ്‍ഗ്രസിലേക്കുള്ള മറുകണ്ടം ചാടല്‍. അവിടെയും കുട്ടികള്‍ മാത്രം. രാഹുലിന്റെയും വേണുഗോപാലിന്റെയും തോളത്ത് കൈയിട്ടും ഷാളണിഞ്ഞുമുള്ള പാര്‍ട്ടി പ്രവേശനം പോലും ഒരു കോമാളിക്കളിയായി.
മഹാത്മാഗാന്ധിയേയും ഭഗത്സിംഗിനെയുമൊക്കെയാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളുമായി അയാള്‍ തുലനം ചെയ്തത്. ബീഹാറിലെ ഓഫീസിലെ തന്റെ മുറിയിലുണ്ടായിരുന്ന എയര്‍ കണ്ടീഷന്‍ യൂണിറ്റ് അഴിച്ചുമാറ്റിയെടുത്താണ് കനയ്യ സിപിഐ വിട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ബെഗുസരായിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയെങ്കിലും എട്ടുനിലക്കാണ് പൊട്ടിയത്. ഇന്ത്യയിലെ ചെഗുവേരയെന്ന് പാടിപ്പുകഴ്ത്താന്‍ ഇടതന്മാര് മത്സരിച്ചതാണ്. പക്ഷേ പാര്‍ട്ടിക്കകത്തുതന്നെ ശല്യക്കാരായ ചെക്കനെന്ന പേര് സമ്പാദിക്കാന്‍ ഏറെ സമയം വേണ്ടിവന്നില്ല.
സെപ്തംബര്‍ 4നും 5നുമായി നടന്ന സിപിഐയുടെ ദേശീയ എക്സിക്യുട്ടീവ് കൗണ്‍സില്‍യോഗത്തിലും കനയ്യ പങ്കെടുത്തതായിരുന്നു. യോഗത്തിനിടയില്‍ ഒരിക്കല്‍ പോലും സിപിഐ വിടുന്ന കാര്യത്തേക്കുറിച്ച് കനയ്യ പറഞ്ഞില്ലെന്നും ഏതെങ്കിലും പ്രത്യേക പദവി ലഭിക്കുന്നത് സംബന്ധിച്ച് ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുകയോ കനയ്യ ചെയ്തിട്ടില്ലെന്നും സിപിഐ വക്താവ് രാം നരേഷ് പാണ്ഡേ വ്യക്തമാക്കി. ജെഎന്‍യുവിലെ മുന്‍ യൂണിയന് പ്രസിഡന്റായിരുന്ന കനയ്യ കുമാറും ഗുജറാത്തിലെ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ യുവനേതാവുമായ ജിഗ്നേഷ് മേവാനിമാണ് കോണ്‍ഗ്രസിലേക്കെത്തിയത്.
ജെഎന്‍യുവിലെ വിപ്ലവകാരിയെ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സിപിഐ പ്രതീക്ഷിച്ചത് ഉത്തരേന്ത്യയില്‍ സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും ആഴത്തിലുള്ള വേരോട്ടം സാധ്യമാകുമെന്നാണ്. തെരഞ്ഞെടുപ്പിലെ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ്, പാട്ന ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം അങ്ങനെ പാര്‍ട്ടിയുടെ നെറ്റി ചുളിച്ച സംഭവങ്ങള്‍ പിന്നീടുണ്ടായി. ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റിയേ തീരൂവെന്ന കനയ്യയുടെ വാശി പാര്‍ട്ടി പ്രവര്ത്തകന് യോജിക്കാത്ത നിലയിലുള്ളതായാണ് സിപിഐ കണ്ടത്.
ജെഎന്‍യുവിലേതുപോലെ ആസാദി മുദ്രാവാക്യം മുഴക്കിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചരണത്തില്‍ കനയ്യകുമാര്‍ പങ്കാളിയായത്. ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ചിത്തരഞ്ജന്റെ വിജയത്തിനായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗത്തിലാണ് പ്രസംഗത്തിന് ശേഷം മുദ്രാവാക്യം വിളിക്കണമെന്ന് സദസില്‍ നിന്ന് കനയ്യകുമാറിനോട് ആവശ്യപ്പെട്ടത്. വര്‍ഗീയതയെ തുരത്താനും രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുവാനും ഇടതുപക്ഷത്തിന് മാത്രമേ സാധിക്കു എന്നും തട്ടിവിട്ടകക്ഷിയാണിത്.
കനയ്യകുമാര്‍ വ്യക്തിപരമായ അഭിലാഷങ്ങള്‍ മൂലമാണ് പാര്‍ട്ടിവിട്ടതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ കുറ്റപ്പെടുത്തുകയാണ്. കമ്യൂണിസ്റ്റ് ആശയത്തെ കനയ്യ വഞ്ചിച്ചെന്നും ഡി.രാജ കുറ്റപ്പെടുത്തി. കനയ്യയുടെ തീരുമാനം നിര്‍ഭാഗ്യകരമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു.
ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന് കനയ്യ ഇപ്പോള്‍ പറയുന്നു. ‘കോണ്‍ഗ്രസ് ചന്ദ്രനെപ്പോലെയാണ്. അതിന് വളര്‍ന്നു വലുതാകാനാകുമെങ്കിലും, പലപ്പോഴും അത് സംഭവിക്കുന്നില്ല. ബിജെപിക്കെതിരെ ശക്തമായി പോരാടാനുള്ള അവസരം കോണ്‍ഗ്രസിന് ഇപ്പോഴുമുണ്ട്. ഒരു ഭാഗത്ത് ബിജെപി ആണെങ്കില്‍, മറുഭാഗത്ത് കോണ്‍ഗ്രസ് ആയിരിക്കും’. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി വളരെ എളുപ്പത്തില്‍ പരിഹരിക്കാനാവുന്നതാണെന്നും കനയ്യ പറയുന്നു.
2024ലെ ലോക്സഭ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി മമത ബാനര്‍ജിയോ രാഹുലോ പാര്‍ട്ടിയെ നയിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ ഏറ്റവും പഴയ പാര്‍ട്ടിക്ക് സംരക്ഷണം കൊടുക്കാതെ രാജ്യത്തെ ഒരിക്കലും രക്ഷിക്കാനാകില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു വലിയ കപ്പലാണ്. വലിയ കപ്പലിന് രക്ഷപെടാനായില്ലെങ്കില്‍ മറ്റ് ചെറു കപ്പലുകള്‍ക്കും നിലനില്‍പ്പില്ല. കോണ്‍ഗ്രസിന് പഴയ പ്രതാപം കൈവരണമെന്ന് ലക്ഷക്കണക്കിന് യുവാക്കളെ പോലെ ഞാനും ആഗ്രഹിക്കുന്നു. അവരിലൂടെ മാത്രമേ രാജ്യം രക്ഷപെടൂ. അതിനാലാണ് ഞാനും ഈ പാര്‍ട്ടിയുടെ ഭാഗമായത്’ .
‘രാജ്യം ഇപ്പോള്‍ 1947ന് മുന്‍പുള്ള അവസ്ഥയിലേക്ക് പോയിരിക്കുകയാണ്. മഹാത്മാഗാന്ധിയുടേയും ഭഗത്സിംഗിന്റെയും മൂല്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്തിന് വേണ്ടി ആശയപരമായ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനേ കഴിയൂ.
ഈ രാജ്യം എല്ലാവരുടേതും കൂടിയാണ്. ഒരാള്‍ മാത്രം നിലനിന്നു പോയാല്‍ ശരിയാകില്ല. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുക എന്ന ദൗത്യത്തിലൂന്നിയാണ് പാര്‍ട്ടി വിട്ടതെന്നും’ കനയ്യകുമാര്‍ ന്യായീകരിക്കുന്നുണ്ട്. കനയ്യ പറയുന്ന വലിയ കപ്പലിന് ഇന്ന് കപ്പിത്താനില്ല. വിള്ളലും പ്രകടമാണ്. കനയ്യക്ക് ഒന്നും അറിയില്ല. അറിയാത്ത കുട്ടി മുങ്ങുമ്പോഴറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: