ഗുവാഹട്ടി: അസമിലെ തേയിലത്തോട്ടങ്ങള്‍ക്കും തേയിലത്തൊഴിലാളികള്‍ക്കും ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും കഠിനാധ്വാനവും വിയര്‍പ്പും കൊണ്ട് ‘രാഷ്ട്ര നിര്‍മ്മാതാക്കള്‍’ എന്ന പദവിയിലേക്ക് ഉയര്‍ന്ന വിഭാഗമാണിതെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ടീ ട്രൈബല്‍ ഗോത്രവര്‍ഗക്കാരുടെ ദേശീയ മഹാസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ഈ വിയര്‍പ്പിന്റെ ഫലം എത്തിയിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശകാലഘട്ടത്തില്‍ ആസാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കപ്പെട്ട തേയില ഗോത്രസമൂഹത്തിന്റെ ചരിത്രം ഐതിഹാസികമാണ്. ട്രിനിഡാഡിലും ഗയാനയിലും മറ്റും തൊഴിലെടുക്കാനായി അയയ്ക്കപ്പെട്ടവര്‍ എണ്ണമറ്റ വെല്ലുവിളികള്‍ക്കിടയിലും അവരുടെ സംസ്കാരവും ധര്‍മ്മവും മറന്നില്ല. അതാണ് ഗോത്രവര്ഗസംസ്കൃതിയുടെ സൗന്ദര്യമെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
ഭാരതീയ സംസ്കൃതി’യുടെ സമ്പന്നമായ പൈതൃകവും സാഹിത്യവും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോത്രവര്‍ഗ സംസ്കൃതിയും പാരമ്പര്യവും പുരാതന ധാര്‍മ്മികമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവയാണ്. അവ കൈവിട്ടുപോകാതെ കാത്തുസൂക്ഷിക്കേണ്ട കടമ എല്ലാവര്‍ക്കുമുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തേയില ഗോത്രങ്ങള്‍ക്ക് വ്യത്യസ്ത ജീവിതരീതിയുണ്ട്. ഇത് നമ്മുടെ ഭാരതീയ സംസ്കാരത്തെയാകെ സമ്പന്നമാക്കി. ‘വിവിധതകള്‍ നിറഞ്ഞുനില്‍ക്കുമ്പോഴും സംസ്കൃതി ഒന്ന്’ എന്നതാണ് അതിന് ആധാരം. വ്യത്യസ്തകള്‍ക്കിടയിലും ബന്ധുജനങ്ങളാണ് എന്ന ഭാവമാണ് സവിശേഷത. പട്ടിണിയിലാണ് ഒരാളും ജീവിതമൂല്യങ്ങള്‍ മാറ്റുരച്ച് നോക്കപ്പെടുന്നത്. എത്ര കഠിനമായ ദാരിദ്ര്യത്തിലും ധാര്‍മ്മിക മാര്‍ഗങ്ങളെ മുറുകെപ്പിടിച്ച് ജീവിതവിജയം നേടുക എന്നതിനെയാണ്വിലമതിക്കേണ്ടത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധി ഘട്ടത്തില്‍, മെച്ചപ്പെട്ട ഉപജീവനത്തിന് പരസ്പര സഹകരണം, ആരോഗ്യം, വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്കായി വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ശരിയായി പ്രയോജനപ്പെടുത്തണം. വിദ്യാസമ്പന്നരായവര്‍ ജനജാതി സമൂഹത്തെ തങ്ങള്ക്കൊപ്പമുയര്ത്തുന്നത് ഒരു കടമയായി പരിഗണിക്കണണമെന്ന് അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിലെ മദ്ഹബ് ദേവ് ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി രാമേശ്വര്‍ തെലി, വിവിധ തേയില ഗോത്രവിഭാഗങ്ങളുടെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: