കോഴിക്കോട്: ശബരിമലയിലെ അവകാശത്തര്‍ക്കം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വവും അയ്യപ്പനെ കളരിമുറകള്‍ അഭ്യസിപ്പിച്ച ചീരപ്പന്‍ചിറ കുടുംബക്കാരും തമ്മില്‍ നടന്ന വ്യവഹാരത്തില്‍ ഹൈക്കോടതിയില്‍ ഒരു ചെമ്പോല തെളിവായി എത്തിയിരുന്നു. 1960കളിലും എഴുപതുകളുടെ ആദ്യവുമായിരുന്നു കോടതി വ്യവഹാരം. അന്ന് ഹാജരാക്കപ്പെട്ട ചെമ്പോലയും ഇപ്പോള്‍ ദേശാഭിമാനിയും 24 ന്യൂസും ശബരിമലയുടെ അവകാശം സംബന്ധിച്ച് തെളിവായി അവതരിപ്പിച്ച ചെമ്പോലയും ഒന്നു തന്നെയാണോ എന്ന് സംശയം ചിലര്‍ ഉയര്‍ത്തുന്നു.
ശബരിമലയിലെ അനുഷ്ഠാനങ്ങളുടെ യഥാര്‍ത്ഥ അവകാശികളെ സംബന്ധിച്ച് പന്തളം രാജകുടുംബത്തിന്റേതെന്ന പേരില്‍ മോന്സണ് മാവുങ്കലില്‍ നിന്ന് ലഭിച്ച, മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ചൊമ്പോല പ്രമാണം മുന്‍നിര്‍ത്തി ദേശാഭിമാനി 2018ല്‍ നല്കിയ വാര്‍ത്തയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അതേ ചെമ്പോല തന്നെയാണോ അരനൂറ്റാണ്ട് മുമ്പ് ഹൈക്കോടതിയില്‍ എത്തിയ ചെമ്പോല എന്ന സംശയമാണ് ഉയരുന്നത്. അന്ന് ഹാജരാക്കിയ ചെമ്പോല വ്യാജമാണെന്ന് അത് പരിശോധിച്ച എപ്പിഗ്രാഫിസ്റ്റും ഭാഷാപണ്ഡിതനുമായ വി.ആര്. പരമേശ്വരന് പിള്ള വെളിപ്പെടുത്തിയിരുന്നു. ചരിത്രകാരനായ പ്രൊഫ. എ. ശ്രീധരമേനോനെയും വി.ആര്. പരമേശ്വരന് പിള്ളയെയുമായിരുന്നു ചെമ്പോലയുടെ ആധികാരികത പരിശോധിക്കാന്‍ നിയോഗിച്ചിരുന്നത്. ചെമ്പോല വ്യാജമായിരുന്നു എന്ന ഇവരുടെ കണ്ടെത്തല്‍ സംബന്ധിച്ച് അക്കാലത്തെ പത്രങ്ങളിലൂടെ നാടന്‍കലാ ഗവേഷകനായ സി.എം.എസ് ചന്തേര പ്രതികരിച്ചിരുന്നതായി ചന്തേരയുടെ മകന് ഡോ. സഞ്ജീവന് അഴീക്കോട് ഫെയ്സ് ബുക്കില്‍ എഴുതുന്നു.
ആ ചെമ്പോല നിര്‍മിച്ചത് ആരാണെന്ന് പുരാവസ്തു ഗവേഷകനായ ഡോ. എം.ജി. ശശിഭൂഷണ്‍ ഒരിക്കല്‍ പരേമേശ്വരന്‍ പിള്ളയോട് ചോദിച്ചപ്പോള്‍ വട്ടെഴുത്തില്‍ വിദഗ്ധനായ ഒരാളുടെ പേര് അദ്ദേഹം പറഞ്ഞെന്നും ഡോ. സഞ്ജീവന് വിശദീകരിക്കുന്നു. ശബരിമലയില്‍ ചീരപ്പന്‍ചിറയ്ക്ക് അനുഷ്ഠാന അവകാശമുണ്ടെങ്കിലും (വെടിവഴിപാട് വരുമാന വിഹിതം) അതിന് വാമൊഴിപാരമ്പര്യ തെളിവുകള്‍ മാത്രമേ ഉള്ളുവെന്നും പകരം ലിഖിത രേഖ സൃഷ്ടിക്കാനാണ് വ്യാജ ചെമ്പോല നിര്‍മിച്ചതെന്നുമായിരുന്നു അന്ന് വാദം. പതിറ്റാണ്ടുകള്‍ക്ക് ശേഷം ദേശാഭിമാനിയും 24 ന്യൂസും വാര്‍ത്തയില്‍ ഉദ്ധരിച്ച ചെമ്പോല ഇതു തന്നെയാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ഡോ. സഞ്ജീവന് ആവശ്യപ്പെടുന്നു.
പുരാതന രേഖകളും പുരാവസ്തുക്കളും വ്യാജമായി നിര്‍മിക്കുകയും അത് കോടതി വ്യവഹാരങ്ങളിലും മറ്റും ഹാജരാക്കുന്നതും പതിറ്റാണ്ടുകള്‍ക്ക് മുമ്പേ നടന്നിരുന്ന കാര്യമാണ്. മോന്‍സണില്‍ നിന്ന് ലഭിച്ച ചെമ്പോല സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കുകയും പരാമര്‍ശിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ആ ചെമ്പോല അറുപതുകളില്‍ നിര്‍മിച്ച വ്യാജ ചെമ്പോലതന്നെയാണെന്ന് തെളിയുന്ന പക്ഷം സംസ്ഥാന സര്‍ക്കാരും വെട്ടിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: