മാവേലിക്കര: മുന് ചീഫ് സെക്രട്ടറി സി.പി.നായരുടെ മരണത്തോടെ മണ്മറഞ്ഞത് മാവേലിക്കര സ്വദേശിയായ ഭരണതന്ത്രജ്ഞന്. വിഖ്യാത നാടക കൃത്തായ എന്.പി.ചെല്ലപ്പന് നായരുടെ മകനായ സി.പി.നായര് ജനിച്ചതും ബാല്യകാലം ചിലവഴിച്ചതുമെല്ലാം മാവേലിക്കരയില് പ്രായിക്കര എന്ന ഗ്രാമത്തിലെ കമലാലയം തറവാട്ടിലായിരുന്നു.
മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്കൂളില് നിന്നും സ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കിയ സി.പി.നായര് തുടര്പഠനവും ഉന്നത വിദ്യാഭ്യാസവുമെല്ലാം നടത്തിയത് തിരുവനന്തപുരത്തെ കലാലയങ്ങളില് നിന്നുമായിരുന്നു. ഭരണതന്ത്രജ്ഞനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും പ്രശസ്തിയുടെ പടവുകള് കയറുമ്പോഴും ജന്മനാടിനെ കുറിച്ചുള്ള സ്മരണ മനസ്സില് ആദരപൂര്വ്വം അദ്ദേഹം കൊണ്ടു നടന്നിരുന്നുവെന്ന് മാവേലിക്കരയിലെ ബന്ധുക്കള് ഓര്ക്കുന്നു.
തിരക്കേറിയ ജീവിതത്തിനിടയിലും ഇടക്കിടെ ജന്മദേശം സന്ദര്ശിക്കുവാനും സമയം കണ്ടെത്തുമായിരുന്നു. മാവേലിക്കര കമലാലയത്തില് എന്.പി.ചെല്ലപ്പന് നായരുടെ മകന് ചീഫ് സെക്രട്ടറി, തിരു: ദേവസ്വം ബോര്ഡ് കമ്മീഷണര്, ഭരണപരിഷ്കാര കമ്മീഷന് സാരഥി, ശ്രദ്ധേയനായ എഴുത്തുകാരന് എന്നീ നിലകളില് വ്യക്തിമുദ്ര പതിപ്പിച്ച ശേഷം കാലയവനികക്കുള്ളില് മറയുമ്പോള് മാവേലിക്കരക്ക് നഷ്ടമാകുന്നത് ഒരു വിശിഷ്ട വ്യക്തിയെക്കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: