കോഴിക്കോട്: വിവാദ വിഷയങ്ങളില്‍ ഭിന്നത മറനീക്കി മുസ്ലിം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗം ഇന്ന്. ഹരിത വിവാദം, ചന്ദ്രിക കള്ളപ്പണമിടപാട് എന്നിവയടക്കമുള്ള വിഷയങ്ങള്‍ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളും ചര്‍ച്ചയാകും. ഹരിത മുന്‍ നേതാക്കള്‍ ഉയര്‍ത്തിയ സ്ത്രീ സമത്വവാദം പാര്‍ട്ടിയില്‍ വലിയ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. ലീഗ് മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ തുടക്കത്തില്‍ ഹരിതക്ക് അനുകൂലമായാണ് നിലപാടെടുത്തത്. എന്നാല്‍ നേതൃത്വത്തിന്റെ അതൃപ്തി മനസിലാക്കി ഇവര്‍ അഭിപ്രായം മാറ്റുകയായിരുന്നു. പഴയ നിലപാടില്‍ ഉറച്ച് നില്ക്കുന്ന ചുരുക്കം പേരെങ്കിലും വിഷയം ഇന്ന് ഉന്നയിക്കുമെന്നാണ് കരുതുന്നത്.
നേരത്തെ അഞ്ച് തവണ മാറ്റിവെച്ച പ്രവര്‍ത്തക സമിതി യോഗമാണ് ഇന്ന് മലപ്പുറത്ത് ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള മുസ്ലിം ലീഗിന്റെ ആദ്യ പ്രവര്‍ത്തക സമിതി യോഗമാണിത്. പോഷക സംഘടന ഭാരവാഹികളടക്കം 150ഓളം പേര് യോഗത്തില്‍ പങ്കെടുക്കും. സംഘടന ശാക്തീകരണവും പാര്‍ട്ടിയില്‍ വരുത്തേണ്ട മാറ്റങ്ങളടക്കം പത്തംഗ ഉപസമിതിയുടെ പ്രവര്‍ത്തന നയരേഖ നിര്ദ്ദേശങ്ങളിലാകും പ്രധാന ചര്‍ച്ച. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റികള്‍ നല്കിയ അവലോകന റിപ്പോര്‍ട്ടുകളും ചര്‍ച്ചയാകും.
ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം മുന്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്നത്തെ യോഗത്തില്‍ അധ്യക്ഷത വഹിക്കും. മുഈനലി തങ്ങളുടെ ആരോപണങ്ങള്‍, തളിപ്പറമ്പില്‍ മുസ്ലിം ലീഗ് സമാന്തര കമ്മിറ്റി രൂപീകരിച്ച സാഹചര്യം. ഇടുക്കിയിലെ രാജി ഉള്‍പ്പെടെ ലീഗ് രാഷ്ട്രീയത്തില്‍ ഉയര്‍ന്ന വിവാദങ്ങളും യോഗത്തിന്റെ മുഖ്യ അജണ്ടയില്‍ ഇല്ലെങ്കിലും ചര്‍ച്ച ആയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: