മലപ്പുറം: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസ്സില്‍ പങ്കാളിത്തം വാഗ്ദാനംചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയെന്ന കേസില്‍ പി.വി. അന്‍വര്‍ എംഎല്‍എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി. വിക്രമന് കഴിഞ്ഞ ദിവസം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തലുള്ളത്.
മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷര്‍ പി.വി. അന്‍വറിന് വിറ്റ കാസര്‍കോട് സ്വദേശിയില്‍നിന്ന് ക്രൈംബ്രാഞ്ച് നേരത്തെ മൊഴിയെടുത്തിരുന്നു. ക്രഷര്‍ പ്രവര്‍ത്തിക്കുന്ന രണ്ടേക്കറോളമുള്ള ഭൂമി സ്വന്തം ഉടമസ്ഥതയിലുള്ളതല്ലെന്നും സര്‍ക്കാരിന്റെ പാട്ടഭൂമിയിലാണെന്നുമാണ് ഇയാള്‍ നല്കിയ മൊഴി. എന്നാല്‍ ക്രഷര്‍ സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയത്തിന് അവകാശമുണ്ടെന്നും കാണിച്ചാണ് പരാതിക്കാരനായ മലപ്പുറം പട്ടര്‍കടവ് നടുത്തൊടി സലീമുമായി പി.വി. അന്‍വര്‍ കരാറുണ്ടാക്കിയതെന്നും പാട്ടഭൂമിയിലാണെന്ന വസ്തുത മറച്ചുവെച്ചത് പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
2018ലാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചത്. മഞ്ചേരി പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി. ക്രൈംബ്രാഞ്ച് എത്രയും വേഗം സമ്പൂര്‍ണ കേസ് ഡയറി സമര്‍പ്പിക്കണമെന്ന് മഞ്ചേരി കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: