ഇന്ന് ഒക്ടോബര്‍ രണ്ട്. ഗാന്ധി ജയന്തി. ബാപ്പുവിനെ രാജ്യം സ്നേഹത്തോടെ പ്രണമിക്കുന്ന ദിനം. മഹാത്മാഗാന്ധിയുടെ ചിന്തകളില്‍ നിന്നും ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. സമൃദ്ധവും അനുകമ്പയുള്ളതുമായുള്ള രാജ്യം പടുത്തുയര്‍ത്താന്‍ സഹായിക്കുന്ന ആശയങ്ങളാണ് രാഷ്ട്രപിതാവിന്റേത്. ഐക്യരാഷ്ട്രസംഘടന ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ലോകമെങ്ങും ഗാന്ധിജിയുടെ ആദര്‍ശത്തില്‍ പ്രചോദിതരായ നേതാക്കള്‍ ഉണ്ടാകുന്നു. ഗാന്ധിജിയേയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളേയും സ്വതന്ത്രഭാരതം എങ്ങനെ കൈകാര്യം ചെയ്തു എന്ന് ചിന്തിക്കാനുള്ള നല്ല ദിവസം കൂടിയാണിന്ന്.
സ്വതന്ത്ര ഭാരതത്തില്‍ ‘ഗാന്ധി’ പ്രതിനിധാനം ചെയ്യുന്ന ലളിതമായ ജീവിതവും തൊഴിലിന്റെ മഹത്ത്വവും സ്വാശ്രയരാക്കുന്ന വിദ്യാഭ്യാസവും മറ്റ് ആദര്‍ശങ്ങളും ജനജീവിതത്തിന്റെ ഭാഗമായില്ല. അതിനായി പരിശ്രമിക്കേണ്ടിയിരുന്നവര്‍ കാര്യമായി പരിശ്രമിച്ചുമില്ല. വെള്ളക്കാരില്‍ നിന്ന് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തവര്‍ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ക്കും ചിന്തകള്‍ക്കും ചെവികൊടുത്തില്ല. അഴിമതിയും ആഡംബരജീവിതവും മുഖമുദ്രയാക്കിയവര് ഖദറിട്ട് മിനുങ്ങി ഗാന്ധിയന്‍ തത്ത്വങ്ങള്‍ പറയാന്‍ തുടങ്ങിയതോടെ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ജനജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായി. അഹിംസ, സത്യഗ്രഹം, ബ്രഹ്മചര്യം, ശുചിത്വം, സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസം, പ്രാര്‍ത്ഥന, സ്വദേശി വസ്തുക്കളുടെ ഉപയോഗം, സ്വരാജ്, എന്നിവ ഗാന്ധിജിക്ക് വെറുമൊരു ആശയം മാത്രമായിരുന്നില്ല. അത് ഗാന്ധിജിക്ക് ആദ്ധ്യാത്മിക സാധനയും സമരായുധവുമായിരുന്നു. ഭാരതീയ ജ്ഞാന വിജ്ഞാനങ്ങളുടെ അടിസ്ഥാനത്തിലുള്ള സാമൂഹ്യ ദര്‍ശനമായിരുന്നു അവ. വിജ്ഞാനം വിദേശത്ത് നിന്ന് മാത്രമേ വരൂ, വരാവൂ എന്ന് വിശ്വസിച്ചിരുന്നവര്‍ക്ക് അക്കാരണത്താല്‍ തന്നെ ഗാന്ധിജി അധികപ്പറ്റായി. നരേന്ദ്രമോദി അധികാരത്തില്‍ എത്തും മുന്‍പുള്ള ഭരണക്കാര്‍ ഗാന്ധിയെ തമസ്കരിക്കുകയായിരുന്നു. ഗാന്ധി ജയന്തിയുടെ ഭാഗമായി നടന്നിരുന്ന സേവനവാരം സ്കൂളുകളില്‍ നിന്ന് മറഞ്ഞുപോയി.
ഗാന്ധിജിയെ വധിച്ചവര്‍ എന്ന കള്ള ആരോപണം കേട്ടവരാണ് ഇന്ന് രാജ്യം ഭരിക്കുന്നവര്‍. ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഗാന്ധിവധം, ആര്‍എസ്എസ് എന്നൊക്കെ പറയുന്നുമുണ്ട്. എന്നാല്‍ ആര്എസ്എസ്സുകാരന് പ്രധാനമന്ത്രി ആയപ്പോള്‍ മാത്രമാണ് രാജ്യം ഗാന്ധിജിയോട് നീതി പുലര്‍ത്തിയത് എന്നു പറയാം. 2014 ഒക്ടോബര്‍ രണ്ടിന് രാജ്ഘട്ടില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സ്വച്ഛ്ഭാരത മിഷന് ഗാന്ധിജിയുടെ ദര്‍ശനം പ്രായോഗികമായി നടപ്പാക്കുകയായിരുന്നു. ചൂലെടുത്ത മോദിയെ കളിയാക്കിയും ശൗചാലയം പണിയുന്നതിനെ ആക്ഷേപിച്ചും ഗാന്ധിജിയുടെ സ്വപ്നസാക്ഷാത്കാരത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം. എന്നാല്‍ ഗാന്ധിജിയിലേക്കും ഗാന്ധിയിസത്തിലേക്കും നയിക്കുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളുമായിട്ടാണ് ബിജെപി സര്‍ക്കാര്‍ മുന്നേറുന്നത്.
കേന്ദ്ര സര്‍ക്കാര്‍ 2020 ല്‍ അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തകള്‍ക്കാണ് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ളത്. സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ബഹുഭാഷാ സമീപനം, ദേശീയവും ആത്മീയവുമായ മൂല്യങ്ങളുടെ പഠനം, മാതൃഭാഷയിലുള്ള പഠനം എന്നിവ ഇതില്‍ ഉള്‍പ്പെടും. ഭാരതത്തിന്റെ ആധ്യാത്മിക സംസ്കൃതിയുടെ അടിസ്ഥാനത്തിലായിരിക്കണം വിദ്യാഭ്യാസമെന്നത് എന്ന കാര്യത്തില്‍ ഗാന്ധിജിക്ക് സംശയമുണ്ടായിരുന്നില്ല. ഗാന്ധിജി വിഭാവനം ചെയ്ത അടിസ്ഥാന വിദ്യാഭ്യാസം ഗ്രാമങ്ങളെ ലക്ഷ്യംവച്ചു കൊണ്ടുള്ളതായിരുന്നു. ഗാന്ധിജി പറഞ്ഞിട്ടുള്ളത് പൂര്‍ണതയുടെ വികാസമാവണം വിദ്യാഭ്യാസം എന്നാണ്. ഇത്തരം വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തുവരുന്നവര്‍ ലളിതമായ ജീവിതശൈലി അനുസരിക്കുന്നവരും, വിദ്യയെ സേവനമായി കാണുന്നവരുമായിരിക്കും. പവിത്രമായ ഗുരുശിഷ്യബന്ധത്തിലൂടെ മാത്രമേ ഇത് സാദ്ധ്യമാകുകയുള്ളൂ. അദ്ധ്യാപക വിദ്യാഭ്യാസം മെച്ചപ്പെട്ടതാക്കണമെന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം പുതിയ വിദ്യാഭ്യാസ നയത്തിന്റെ സമീപനം കൂടിയാണ്. ഗാന്ധിജി മുന്നോട്ടുവെച്ച ആശയങ്ങളും വിദ്യാഭ്യാസ രീതിയും അതിലേറെയും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച വിദ്യാഭ്യാസത്തില്‍ ഇടംകൊടുത്തിട്ടുണ്ട്. ഗാന്ധിയന്‍ വിദ്യാഭ്യാസ ദര്‍ശനങ്ങളെ വിലമതിക്കുന്നവര്‍ ഗാന്ധിജിയോടുള്ള ആദരവിന്റെ ഭാഗമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. ഗാന്ധിജിയെ വെറും കെട്ടുകാഴ്ചയായി കൊണ്ടുനടന്നിരുന്നവര്‍ക്ക് ഇത് തിരിച്ചറിയാനാവുന്നില്ല.
ഗാന്ധി സങ്കല്പം നടപ്പിലാക്കുമ്പോളും കാവിവത്കരണം എന്ന മുറവിളി കൂട്ടുന്ന കോണ്‍ഗ്രസുകാര്‍ ചെയ്യുന്നത് അവരറിയാതെ ഗാന്ധിജിയേയും ആര്‍എസ്എസ് ആക്കി മാറ്റുന്നു എന്നതാണ്. ഗാന്ധിജിയെ അംഗീകരിക്കാത്തവരും ആക്ഷേപിച്ചവരും കൂട്ടുകൂടാനുള്ളതിനാല് നാളെ ഗാന്ധിജിയെ തള്ളിപ്പറയാനും ഗാന്ധി നാമധാരികളായ കോണ്‍ഗ്രസ് നേതാക്കള്‍ മടിക്കില്ല. അപ്പോഴും ഗാന്ധിജിയുടെ സ്ഥാനവും മഹത്വവും മോദി ഭരണത്തില്‍ ഉയര്‍ന്നു തന്നെ വരുന്നു. ഗാന്ധിപ്രതിമ ലക്ഷദ്വീപില്‍ പ്രതിഷ്ഠിക്കപ്പെടുന്നത് അതിന്റെ ദൃഷ്ടാന്തമാണ്. മുമ്പ് ഇവിടേക്ക് കൊണ്ടുവന്ന ഗാന്ധി പ്രതിമ കരയില്‍ ഇറക്കാന്‍ പോലും സാധിക്കാതിരുന്നപ്പോഴാണ് ഇന്ന് അവിടെ മനോഹര ഗാന്ധി പ്രതിമ ഉയരുന്നത്. പ്രതിമ ഹറാമായ ആളുകള്‍ കൂടുതലുള്ള മലപ്പുറം ജില്ലയിലെ ഏക പ്രതിമ ഗാന്ധിജിയുടേതാണ്. അതു തകര്ക്കപ്പെടാതിരിക്കുന്നതും ഗാന്ധിജിയുടെ മഹത്വം കൊണ്ടുമാത്രമാണ്.
ഏതൊരു മഹാത്മാവിന്റെയും ഉചിതമായ സ്മരണകള്‍ നിലനിര്‍ത്തുന്നത് അവര്‍ മുന്നോട്ടു വെച്ച ജീവിതാദര്‍ശങ്ങള്‍ പുതിയ തലമുറ മനസിലാക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോഴാണ്. ഗാന്ധി ദര്‍ശനം അറിയാനുള്ള അവസരമായി ഗാന്ധി ജയന്തി ദിനത്തെ കാണാം. മഹാത്മാഗാന്ധിയുടെ ജയന്തി വെറും ആഘോഷമായി മാത്രം കൊണ്ടാടാനുള്ളതല്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ സന്ദേശം അടുത്തറിഞ്ഞ് സമൂഹത്തിലെ ഏവര്‍ക്കും ഗുണകരമായവ പ്രയോഗത്തില്‍ കൊണ്ടുവരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: