ന്യൂദല്‍ഹി: പഞ്ചാബിന് പിന്നാലെ കോണ്‍ഗ്രസ് ഭരിയ്ക്കുന്ന ഛത്തീസ്ഗഢിലും ആഭ്യന്തര കലഹം ഒരു പിളര്‍പ്പിലേക്ക് കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിക്കുന്നു. ഛത്തിസ്ഗഡ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗല് മുഖ്യമന്ത്രിയായി തുടരണമെന്നാവശ്യപ്പെട്ട് 15 എംഎല്‍എമാര്‍ ദല്‍ഹിയില്‍ ഹൈക്കമാന്റ് നേതാക്കളെ കാണാന്‍ എത്തിയിരിക്കുകയാണ്.
ആരോഗ്യമന്ത്രി ടി.എസ്. സിങ്ദിയോയുടെ നേതൃത്വത്തിലാണ് വിമതര്‍ ഏറ്റുമുട്ടലിനൊരുങ്ങിയിരിക്കുന്നത്. എന്നാന് മുഖ്യമന്ത്രിക്കസേര ഒഴിയില്ലെന്ന പിടിവാശിയിലാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. ഭൂപേഷ് ബാഗലിന് പിന്തണ അറിയിക്കാനാണ് 15 എംഎല്‍എമാര്‍ എത്തിയിരിക്കുന്നത്.
രണ്ടര വര്‍ഷം മുന്‍പ് ഛത്തിസ്ഗഡില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാലത്തെ ധാരണ പ്രകാരം രണ്ടര വര്‍ഷം ഭുപേഷ് ബാഗലും അതിന് ശേഷം അവസാന രണ്ടര വര്‍ഷം സംസ്ഥാനത്തെ നിലവിലെ ആരോഗ്യ മന്ത്രിയായ ടി.എസ്. സിംഗ് ദിയോയും മുഖ്യമന്ത്രിയാകും എന്നതായിരുന്നു തീരുമാനം.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണയുള്ള ഭൂപേഷ് ബഗല്‍ സര്‍ക്കാര്‍ അവരുടെ അംഗീകൃത കാലാവധി പൂര്‍ത്തിയാക്കി. എന്നാല്‍ ജനങ്ങളുടെ ആവശ്യപ്രകാരം താന്‍ തന്നെ അടുത്ത ഘട്ടത്തിലും മുഖ്യമന്ത്രിയായി തുടരുമെന്ന തീരുമാനം ഭുപേഷ് ബാഗല് കൈകൊണ്ടതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇതേതുടര്‍ന്നാണ് വിമത എംഎല്‍എമാര്‍ ടി.എസ്. സിങ്ദിയോയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യത്തിലുറച്ചുനില്‍ക്കുന്നത്.
ആഭ്യന്തര കലഹങ്ങള്‍ക്കിടെ ഇരുനേതാക്കളെയും രാഹുല്‍ ഗാന്ധി നേരിട്ട് വിളിപ്പിക്കുകയും വ്യക്തിഗതമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാല് പേരുകളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഭൂപേഷ് ബാഗല്, ടി എസ് സിംഗ് ദിയോ, തമരധ്വാജ് സാഹു, ചരന്ദാസ് മഹന്ത് എന്നിവയായിരുന്നു അവ.
90 അംഗങ്ങളുള്ള ഛത്തീസ്ഗഢ് നിയമസഭയില്‍ കോണ്‍ഗ്രസിന് 70 എംഎല്‍മാരാണുള്ളത്. ഒരാളുടെ താല്പര്യത്തിനായി 70 പേരുടെ ഭാവി അപകടത്തിലാക്കാനാവില്ലെന്ന് ബാഗേലിന്റെ വിശ്വസ്തനും മുതിര്‍ന്ന നേതാവുമായ ബൃഹസ്പത് സിങ് പറയുന്നു. 60 എംഎല്‍എമാര്‍ ബാഗേലിനെ പിന്തുണയ്ക്കുന്നുണ്ടെന്നും ബൃഹസ്പത് സിങ് അവകാശപ്പെടുന്നു. ബൃഹസ്പത് സിങിന്റെ നേതൃത്വത്തിലാണ് 15 എംഎല്‍എമാര്‍ ദല്‍ഹിയിലെ ഛത്തീസ് ഗഢ് ഭവനില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: