ഗൗതം ബാംബാവാലെ:
[ചൈനയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍/സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍]
കമ്മ്യൂണിസ്റ്റ് ചൈനയുടെ 72ാം ദേശീയ ദിനം തന്നെയാണ് ചില സുപ്രധാന ആഭ്യന്തര സംഭവവികാസങ്ങളെക്കുറിച്ച് ചിന്തിക്കാനും വിശകലനം ചെയ്യാനും പറ്റിയ അവസരം. നവംബര്‍ 2020 ല്‍ ഷാങ്ഹായ്, ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ജാക്ക് മായുടെ ചൈനീസ് ഫിന്‍ടെക് കമ്പനിയായ ആന്റ് ഫിനാന്‍ഷ്യലിന്റെ സ്റ്റോക്ക് വിപണണത്തിന് ഒരേസമയം നിര്‍ബന്ധിത കടിഞ്ഞാന്‍ വീണപ്പോള്‍ മുതലാണ് ചൈനയിലെ സാമ്പത്തിക മേഖലയ്ക്ക് വമ്പന്‍ ആഘാതം സംഭവിക്കുന്നത്. 37 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പ്രാരംഭ പൊതു സ്റ്റോക്ക് വിപണനം (ഐപിഒ) അതിന്റെ വലിപ്പം കാരണം തന്നെ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യതയുള്ളതായിരുന്നു.
ലോകമെമ്പാടുമുള്ള നിക്ഷേപ സമൂഹത്തിന് വളരെയധികം ശ്രദ്ധനേടിയ ഐപിഒകൂടിയായിരുന്നു ഇത്. ഐപിഒ ആരംഭിക്കുന്നതിന് ഏതാനും ദിവസം മുമ്പ് ചൈനീസ് സാമ്പത്തിക മേഖല റെഗുലേറ്റര്‍ ഫിന്‍ടെക് മേഖലയ്ക്കായി പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. ആന്റ് ഫിനാന്‍ഷ്യല്‍ പുതിയ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ അതിന്റെ നിര്‍ദ്ദിഷ്ട ഐപിഒ പിന്‍വലിക്കാന്‍ കാരണമായി. പുതുതായി മുന്നോട്ട് വച്ച നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ആന്റ് തയ്യാറായലും അവര്‍ക്ക് അവരുടെ ഐപിഒ ആരംഭിക്കുന്നതിന് നിരവധി മാസങ്ങള്‍ എടുക്കും, കൂടാതെ അതിന്റെ മൂല്യനിര്‍ണ്ണയം കുറയുകയും ചെയ്യും.
മറ്റ് രാജ്യങ്ങളിലെന്നപോലെ, അതിലും കൂടുതല്‍ ചൈനയില്‍, രാഷ്ട്രീയ അടിത്തറ പ്രധാനമാണ്. 2020 ഒക്ടോബര്‍ അവസാനം, ഷാങ്ഹായില്‍ നടന്ന ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ജാക്ക് മാ ചൈനയുടെ സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ച് പറഞ്ഞ അഭിപ്രായങ്ങള്‍ അപമാനകരം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. നവംബര്‍ അഞ്ചിനുള്ള ആന്റിന്റെ ഐപിഒ ഷെഡ്യൂള്‍ തകരും എന്ന നിലയ്ക്കായിരുന്നു അതിനു ശേഷമുള്ള കാര്യങ്ങളുടെ പോക്ക്.
ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ മാ വ്രണപ്പെടുത്തിക്കൊണ്ട് തന്റെ സ്ഥാനം കാണിച്ചുതന്നു. ജാക്ക് മാ തന്നെ അതിനു ശേഷം പൊതുജനങ്ങളില്‍ ഒരു അപര്യാപ്തമായ വസ്തുവായി മാറി. ഡിസംബറില്‍ മായുടെ ഏറ്റവും പ്രശസ്തമായ ആലിബാബ എന്ന സ്ഥാപനത്തിനെതിരെ അവിശ്വാസത്തിന്റെ പേരില്‍ അന്വേഷണം ആരംഭിച്ചു.
ചൈനയില്‍ വ്യക്തിഗത ഡാറ്റ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ച് ടെന്‍സെന്റും ദീദിയും ഉള്‍പ്പെടെയുള്ള മറ്റ് ടെക് സ്ഥാപനങ്ങള്‍ക്കും പുതിയ കര്‍ശന നിയമങ്ങള്‍ ബാധകമാക്കി. ആധുനിക സമ്പദ്വ്യവസ്ഥയില് ഡാറ്റ സംഭരണത്തിലും ഒഴുക്കിലും നിയന്ത്രണത്തിന്റെ പ്രാധാന്യം ചൈനയിലെ നേതാക്കള്‍ മനസ്സിലാക്കിയിരുന്നു.
ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന അടുത്ത മേഖല ഓണ്‍ലൈന്‍ പഠനവും സ്ഥാപന വ്യവസായവും അല്ലെങ്കില്‍ ‘എഡ്-ടെക്’ ആണ്, അത് കൂടുതല്‍ കനിശവും കര്‍ശനവുമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരുന്നു. ഈ സാഹചര്യത്തില്‍, സമ്പന്നര്‍ക്ക് ഓണ്‍ലൈന്‍ അധ്യാപന രീതി എളുപ്പത്തില്‍ ലഭ്യമാകുമെന്നും അതിനാല്‍ ദേശീയതല പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും വാദിച്ചു. ആദ്യമായി, സമത്വവാദം അല്ലെങ്കില്‍ ‘സാമൂഹിക സമത്വം’ എന്ന് വിളിക്കപ്പെടുന്ന ആശയം സാമ്പത്തിക നടപടികളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കുന്നതിനുള്ള അടിസ്ഥാനമായി മാറി.
വളരെ സമ്പന്നരും വിജയകരവുമായ ചില ചൈനീസ് സംരംഭകര്‍ക്കെതിരെ സമീപ മാസങ്ങളില്‍ സ്വീകരിച്ച സാമ്പത്തിക നടപടികള്‍ക്ക് വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ട്. ‘സമ്പന്നനാകുന്നത് മഹത്തരമാണ്’ അല്ലെങ്കില്‍ ‘എലികളെ പിടിക്കുന്നിടത്തോളം കാലം പൂച്ച കറുപ്പോ വെളുപ്പോ എന്നത് പ്രശ്നമല്ല’ എന്ന ഡെങ് കാലഘട്ടത്തിലെ മുദ്രാവാക്യങ്ങള്‍ 1970കളില്‍ ചൈനയുടെ സാമ്പത്തിക പരിഷ്കരണത്തിലേക്കും ആഗോള വിണയിലേക്കും നയിച്ചു. എന്നാല്‍ അത് ഇന്നത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ ചിന്താഗതിക്ക് അനുസൃതമല്ല.
ജനറല്‍ സെക്രട്ടറി ഷീ ജിന്‍പിംഗ് തന്നെ മാവോ കാലഘട്ടത്തിന് അനുസൃതമായി സാമൂഹിക സമത്വം എന്ന പദങ്ങളുടെ നിരന്തര ഉപയോഗത്തിലാണ്. അതുകൊണ്ടാണ് ചൈനയിലെ നിരവധി നിരീക്ഷകരും പണ്ഡിതന്മാരും രാജ്യത്ത് വ്യക്തമായ ഇടതുപക്ഷ ചായ്വ് കാണുന്നത്, അങ്ങനെയുണ്ടെങ്കില്‍ അത് പ്രധാനപ്പെട്ടതാകും.
നാല് പതിറ്റാണ്ടായി തുടര്‍ച്ചയായി ഉയര്‍ന്ന ജിഡിപി വളര്‍ച്ചാ നിരക്കുകള്‍ നല്കുന്ന ഡെങ് പരിഷ്കാരങ്ങളുടെ കാതല്‍, പാര്‍ട്ടി കേന്ദ്രത്തില്‍ നിന്ന് വ്യക്തിഗത കര്‍ഷകനും തൊഴിലാളിക്കും ഗ്രാമീണ സംരംഭത്തിനും സംരംഭകനുമായി സാമ്പത്തിക തീരുമാനമെടുക്കുന്നതിനുള്ള ഘടകമായിരുന്നു. കേന്ദ്ര ആസൂത്രണം ഒരു സോഷ്യലിസ്റ്റ്, വിപണി സമ്പദ്വ്യവസ്ഥയ്ക്ക് നല്കി.
അത്തരം സാമ്പത്തിക തീരുമാനമെടുക്കല്‍ ശക്തി ഉപയോഗിച്ച്, ചൈനയുടെ കഠിനാധ്വാനികളും തിളക്കമാര്‍ന്നതും നൂതനവും സംരംഭകത്വവുമായ വ്യക്തികള്‍ കഴിഞ്ഞ 40 വര്‍ഷത്തെ സാമ്പത്തിക അത്ഭുതം സൃഷ്ടിച്ചു. ഡെങ് നല്കിയ ചട്ടക്കൂടിനുള്ളില്‍ ദശലക്ഷക്കണക്കിന് സ്വകാര്യ ചൈനീസ് വ്യക്തികള്‍ എടുത്ത വികേന്ദ്രീകൃതവും എന്നാല്‍ യുക്തിസഹവുമായ തീരുമാനമാണ് ചൈനയുടെ സാമ്പത്തിക വിജയത്തിന്റെ അടിസ്ഥാനം.
ഷി ഇപ്പോള്‍ നേരെ വിപരീത ദിശയിലേക്ക് നീങ്ങാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം കേവലം രാഷ്ട്രീയ ശക്തിയെ വീണ്ടും കേന്ദ്രീകരിക്കുന്നതല്ല, മറിച്ച് സാമ്പത്തിക ശക്തിയോടെയും ചെയ്യുന്നു. ചൈനയുടെ പൊതുമേഖലാ സ്ഥാപനങ്ങളോ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളോ ആണ് ശാക്തീകരിക്കപ്പെടേണ്ടതെന്ന് അദ്ദേഹം വിശ്വസിക്കുന്നു, അതേസമയം ജാക്ക് മാ ഇനത്തിലെ വ്യക്തിഗത ബിസിനസ്സ് വ്യക്തികളെ കടിഞ്ഞാണിടണമെന്നും.
പ്രശസ്ത ചൈനീസ് സംരംഭകത്വ ശേഷിയില്‍ ഇത് എത്രമാത്രം ദോഷകരവും പ്രതികൂലവുമായ സ്വാധീനം ചെലുത്തും എന്നത് നമുക്ക് കണ്ടുതന്നെ അറിയണം. സ്റ്റേറ്റ് എന്റര്‍പ്രൈസസിലെ സാമ്പത്തിക ശക്തി കേന്ദ്രീകരിക്കുന്നതിലൂടെ കണ്ടുപിടിത്തവും പുതുമയും പ്രോത്സാഹിപ്പിക്കപ്പെടുമോ എന്നത് സംശയകരമാണ്. എന്തായലും ഇതാണ് ഷി സ്വീകരിക്കുന്ന പാത.
ഊര്‍ജ്ജസ്വലവും ആധുനികവുമായ നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയില് ശക്തമായ, പരിഷ്കരിച്ച, ‘യുദ്ധസജ്ജമായ’ സൈന്യത്തെ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി മാറുക എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്, അടുത്ത 10-15 വര്‍ഷത്തേക്ക് ചൈനയില്‍ അധികാരത്തില്‍ തുടരണമെന്ന് ഷി വിശ്വസിക്കുന്നു, അതിനാലാണ് അദ്ദേഹം തനിക്കുള്ള കാലാവധി പരിമിതി എടുത്തുമാറ്റിയതും. രാജ്യത്തിന്റെ സംവിധാനത്തിനുള്ളില്‍ വീണ്ടും കേന്ദ്രീകരണം അദ്ദേഹം സ്വീകരിക്കുന്ന സാമ്പത്തിക പാത വിജയിപ്പിക്കുമോ എന്നത് സംശയാസ്പദമാണ്. ‘ഷിയുടെ സ്വപ്നം’ യാഥാര്‍ത്ഥ്യമാകുമോ എന്ന് സമയത്തിനു മാത്രമേ പറയാനാകു.
ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തിന്റെ മലയാള വിവര്‍ത്തനം: നിതീഷ് നീലകണ്ഠന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: