ന്യൂദല്‍ഹി: ഒരാഴ്ച മുമ്പ്, യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മോദിയുടെ മനസ്സില്‍ ഇന്ത്യ-യുഎസ് സൈനികസഹകരണം എന്ന സ്വപ്നമായിരുന്നു. ഒരാഴ്ചയ്ക്ക് പിന്നാലെ സൈനീകരംഗത്തെ സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളുടെയും സൈനിക മേധാവിമാര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്തും അമേരിക്കയുടെ ജനറല്‍ മാര്‍ക്ക് മില്ലിയും തമ്മിലാണ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയത്. അമേരിക്കയിലായിരുന്നു കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക തല സഹകരണം ശക്തമാക്കുന്നതില്‍ ഇരു ജനറല്‍മാരും ഊന്നല്‍ നല്കി. ഏഷ്യന്‍ മേഖലയിലെ സുരക്ഷയെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. നേരത്തെ മയര്‍-ഹെന്റേഴ്സണ് ഹാളില്‍ ജനറല്‍ ബിപിന്‍ റാവത്തിനെ ജനറല്‍ മാര്‍ക്ക് മില്ലിയും ഭാര്യയും ചേര്‍ന്ന് സ്വീകരിച്ചു. അണ്‍നോന്‍ സോള്‍ഡിയര്‍ ശവകുടീരത്തില്‍ ജനറല്‍ റാവത്ത് റീത്ത് വെച്ചു.
തുറന്നതും സ്വതന്ത്രവുമായ ഇന്തോ-പസഫികിനെ പിന്തുണയ്ക്കുന്നതിന് ശക്തമായ സൈനികതല സഹകരണം യുഎസും ഇന്ത്യയും തമ്മില്‍ ആകാമെന്ന് തീരുമാനിച്ചതായി ജോയിന്റ് സ്റ്റാഫ് വക്താവ് ബട്ലര് പറഞ്ഞു. സപ്തംബര്‍ 24ന് ക്വാഡ് നേതാക്കളുടെ യോഗത്തില്‍ സ്വതന്ത്രവും തുറന്നതും ജനാധിപത്യമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതും ബലപ്രയോഗത്തിന്റെ സമ്മര്‍ദ്ദങ്ങളില്ലാത്തതുമായ ഇന്തോ-പസഫിക് യാഥാര്‍ത്ഥ്യമാകണമെന്ന് പ്രസിഡന്റ് ജോ ബൈഡന് ഊന്നിപ്പറഞ്ഞിരുന്നു. ഇത് ചൈനയ്ക്കുള്ള പരോക്ഷമായ താക്കീതയായിരുന്നു.
എന്തായാലും ജനറല്‍മാരുടെ തലത്തില്‍ യുഎസും ഇന്ത്യയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയും സൈനികതല സഹകരണ ചര്‍ച്ചയും അമേരിക്ക ഇക്കാര്യത്തില്‍ ഗൗരവമായ നിലപാടിലാണെന്നതിന്റെ തെളിവാണ്. ചൈനയുടെ ഇന്തോ-പസഫിക് മേഖലയിലെ അധീശ്വതത്തിനെതിരെ വരും നാളുകളില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് കരുതാം. എന്തായാലും യുഎസ് ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി കാണുന്നുവെന്നതിന്റെ തെളിവാണ് ജനറല്‍മാരുടെ തലത്തിലുള്ള കൂടിക്കാഴ്ച. വൈകാതെ പ്രതിരോധരംഗത്തെ വിവരക്കൈമാറ്റവും ബഹുമുഖ തല അഭ്യാസങ്ങളും, സമുദ്രമേഖലയിലെ സുരക്ഷാ സഹകരണം, ലോജിസ്റ്റിക് രംഗത്തെ സഹകരണം, ഉദ്യോഗസ്ഥ തല സഹകരണം എന്നിവ ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: