തൃശൂര്‍: കുതിരാന്‍ രണ്ടാം തുരങ്ക നിര്‍മ്മാണത്തിന് തൊഴിലാളികളുടെ എണ്ണം കൂട്ടണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 22ഓളം പേരാണ് ഇപ്പോള്‍ തുരങ്കത്തിന്റെ നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇത്ര കുറച്ച് തൊഴിലാളികളെ വച്ച് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവില്ല. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന പദ്ധതി അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ തൊഴിലാളികളുടെ എണ്ണം നാലിരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. രണ്ടാം തുരങ്കം അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു.
രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം ജനുവരിയോടെ തന്നെ തീര്‍ക്കാനാവുമെന്നാണ് കരുതുന്നത്. അനുബന്ധ റോഡ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവൃത്തികളും ഏപ്രിലോടെ പൂര്‍ത്തീകരിക്കും. നിലവില്‍ പുരോഗമിക്കുന്ന തുരങ്കത്തിന്റെ കോണ്‍ക്രീറ്റ് ലൈനിങ് പ്രവൃത്തി നവം.15ഓടെ പൂര്‍ത്തിയാവും. ഇതിന് സമാന്തരമായി റോഡ് കോണ്‍ക്രീറ്റിങ്, സുരക്ഷാ സംവിധാനങ്ങളൊരുക്കല്‍, ബോക്സ് കള്‍വര്‍ട്ട് നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ രണ്ടാഴ്ച കഴിഞ്ഞ് വിശദമായ യോഗം ചേരും. പദ്ധതി സമയബന്ധിതമായി പുരോഗമിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് പ്രതിദിന പരിശോധനാ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ കളക്ടറും സ്പെഷ്യല്‍ ഓഫീസറും ആഴ്ചയില്‍ പുരോഗതി റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഇവരുടെ നേതൃത്വത്തിലും പരിശോധനകള്‍ നടത്തും. എല്ലാ മൂന്നാഴ്ചയിലും മന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനവും നടത്തും.
ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍, പദ്ധതി സ്പെഷ്യല്‍ ഓഫീസര്‍ എസ്.ഷാനവാസ്, ജില്ലാ വികസന കമ്മീഷണര്‍ അരുണ്‍ കെ.വിജയന്, അസി. കളക്ടര്‍ സൂഫിയാന് അഹമ്മദ്, സിറ്റി പോലീസ് കമ്മീഷണര്‍ ആര്.ആദിത്യ, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടര്‍ സഞ്ജയ്കുമാര്‍ യാദവ്, പിഡബ്ല്യുഡി റോഡ്സ് എക്സി. എഞ്ചി. സുജ സൂസന് മാത്യു, ഡിഎഫ്ഒ എസ്.ജയശങ്കര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: