സര്‍ദാര്‍ ഭഗത് സിങ് എന്ന ധീര വിപ്ലവകാരിയുടെ 114-ാമത്തെ ജന്മവാര്‍ഷികം കടന്നുപോയിരിക്കുന്നു. ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും പ്രതീകമാണ് ഭഗത്സിങ്. വാക്കുകളാല്‍ വര്‍ണിക്കാനാവാത്ത വിധം നിസ്സീമമാണ് അദ്ദേഹത്തിന്റെ സേവന പ്രവൃര്‍ത്തികള്‍. 24-ാമത്തെ വയസ്സില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് ബലികഴിച്ച ആ മഹാനുഭാവനെ ബഹുമാനത്തോടെ നാം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. 1907 സപ്തംബര്‍ 28 ന് പഞ്ചാബ് പ്രവിശ്യയിലെ ലായ്പൂരിലാണ് ജനനം. 1931 മാര്‍ച്ച് 23 ന് ഇതേ പ്രവിശ്യയിലുള്ള ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് വധശിക്ഷക്കും വിധേയനായി. നിര്‍ഭാഗ്യവശാല്‍ ഇവ രണ്ടും വിഭജനാനന്തരം ഇന്ന് പാക്കിസ്ഥാന്റെ അധീനതയിലാണ്. ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ വേരുകള്‍ പൊട്ടിയ പല സ്ഥലങ്ങളും അയല്‍ക്കാരുടെ കയ്യിലായി. അതിന്റെ സ്മരണയെ ദ്യോതിപ്പിക്കും വിധമുള്ള സ്മാരകങ്ങള്‍ ഇവിടൊട്ട് ഇല്ലതാനും. സൂര്യ സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിഖ്യാത സായുധ വിപ്ലവമായ ചിറ്റഗോങ് വിപ്ലവത്തിന് സാക്ഷ്യം വഹിച്ച ചിറ്റഗോങ് എന്ന തുറമുഖ നഗരം ബംഗ്ലാദേശിന്റെ കീഴിലാണ്. ഇവിടെ അതിന്റെ സ്മരണ നിലനിര്‍ത്താന്‍ തക്കതായതൊന്നും ഇല്ല. ആ ധീര വിപ്ലവകാരികളുടെ ത്യാഗത്തിന്റെ ഫലമാണ് ആ ദേശത്തിന്റെ സ്വാതന്ത്ര്യം എന്ന് അവര്‍ അറിയുന്നില്ല.
പഞ്ചാബ്, ബംഗാള്‍ എന്നീ പ്രവിശ്യകളുടെ സിംഹഭാഗവും വിഭജനത്തില്‍ നമുക്ക് നഷ്ടമായി. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ശക്തമായ ഇടപെടല്‍ നിമിത്തമാണ് ബംഗാളിന്റെ ഒരംശം ഭാരതത്തില്‍ നിലനില്‍ക്കുന്നത്. നെഹ്റു ബംഗാളിനെ പൂര്‍ണമായും പാക്കിസ്ഥാനു നല്കാന് തീരുമാനിച്ചതായിരുന്നു. അങ്ങനെ പല ധീര വീര ഭാരതീയരുടെ ജന്മഭൂമിയും കര്‍മ്മ മണ്ഡലവും അന്യനാട്ടിലായി!! ഇവരില്‍ ഒരാളാണ് ഭഗത് സിങ്. അദ്ദേഹം ജനിച്ചത് ലായ്പൂരിലായിരുന്നു. അവിടെയുള്ള ഡിഎവി സ്കൂളിലും ലാഹോറിലുള്ള നാഷണല്‍ കോളേജിലുമായി വിദ്യാഭ്യാസം. ഭഗത് സിങ്ങിന്റെ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഈ നഗരമായിരുന്നു. പഞ്ചാബ് കേസരി ലാലാ ലജ്പത് റായിയെ മാരകമാംവിധം പരിക്കേല്‍പ്പിച്ചതും അതിന്റെ പ്രതികാരമായി ജെ.പി. സാന്റേഴ്സനെ വധിച്ചതും ഇവിടെ വച്ചാണ്. ഇവിടുത്തെ സെന്‍ട്രല്‍ ജയിലിലാണ് അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചതും വധശിക്ഷയ്ക്ക് വിധേയനാക്കിയതും. നെഹ്റുവിന്റെ പൂര്‍ണ സ്വരാജ് പ്രഖ്യാപനം ഇവിടെ വച്ചായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ ഭഗത് സിങ്ങിന്റെ സ്മരണകളെ ദ്യോതിപ്പിക്കുംവിധമുള്ള സ്മാരകങ്ങള്‍ ഇവിടെ മഷിയിട്ട് നോക്കിയാല്‍ കാണില്ല. അദ്ദേഹം പഠിച്ച നാഷണല്‍ കോളജും തടവില്‍ പാര്‍പ്പിച്ച ലാഹോര്‍ സെന്‍ട്രല്‍ ജയിലും ഇന്ന് നാശത്തിന്റെ വക്കിലാണ്. വളരെക്കാലം മുന്‍പുതന്നെ അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയ സ്ഥലം ഇടിച്ചു നിരത്തി ചത്വരം നിര്‍മിച്ചു. ഈ ചത്വരത്തിനു ഭഗത് സിങ് ചൗക്ക് എന്ന് നാമകരണം ചെയ്യണമെന്നുള്ള പ്രദേശവാസികളുടെ അഭ്യര്‍ത്ഥനയോട് മുഖം തിരിച്ചു നില്‍ക്കുകയാണ് പാക് ഭരണകൂടം. വിഭജനം കഴിഞ്ഞ ഉടനെ ലായ്പൂരിനെ ഫൈസാബാദ് ആക്കിയിരുന്നു. ഭഗത് സിങ്ങിന്റെ ത്യാഗത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ പല പാക് പത്രങ്ങളും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചെങ്കിലും ഇതൊന്നും നമ്മളെ ബാധിക്കുന്നില്ല എന്നതാണ് പാക് സര്‍ക്കാര്‍ സമീപനം. പുതിയ തലമുറയ്ക്ക് ഭഗത് സിങ് അജ്ഞനാണ്, ചിലര്‍ക്ക് നേരിയ ഒരോര്‍മയുണ്ട്. പഴയ തലമുറയ്ക്ക് ഭഗത് സിങ്ങിനെ നല്ലവണ്ണം അറിയാം.
ഒരു സിക്കുകാരനായതുകൊണ്ടാണ് ഭഗത് സിങ്ങിന് ഈ നിലവന്നതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ ഭഗത് സിങ്ങിനെക്കുറിച്ചെഴുതിയ ‘വിത്തൗട്ട് ഫിയര്‍’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതിനു പ്രാധാന്യം
നല്‍കിയിട്ടില്ല. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയില്‍ (രക്തസാക്ഷി, പ്രണതാ ബുക്സ് കൊച്ചി)ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താനായിട്ടില്ല. ബിബിസി ഇതേക്കുറിച്ച് ഹ്രസ്വമായൊരു ഫീച്ചര്‍ ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചു. പാക്കിസ്ഥാന് സര്‍ക്കാര്‍ ഇതുവരെ മനസ്സു മാറ്റിയിട്ടില്ല, ലിബറലുകള്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: