തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം ഒക്ടോബര്‍ നാലിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചു. നവംബര്‍ 12 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനകാലത്ത് 24 ദിവസം സഭ ചേരും. പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായാണ് ഇത്തവണ സഭ ചേരുന്നത്. കഴിഞ്ഞ ആഗസ്റ്റ് 13 ന് അവസാനിച്ച രണ്ടാം സമ്മേളന കാലത്ത് ബജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
സംസ്ഥാനത്ത് നിലവില്‍ 45 ഓര്‍ഡിനന്‍സുകളാണ് പ്രാബല്യത്തിലുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സഭ സമ്മേളന ദിനങ്ങളില്‍ കാര്യമായ കുറവുവന്നതിനാലാണ് ഓര്‍ഡിനന്‍സുകളുടെ എണ്ണം കൂടിയതെന്ന് സ്പീക്കര്‍ പറഞ്ഞു. ഇവയ്ക്ക് പകരമുള്ള ബില്ലുകള്‍ യഥാസമയം സഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ സാധിക്കാത്ത സാഹചര്യം കോവിഡ് കാരണം സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ സമ്മേളനകാലത്ത് ഒരംഗം ഇക്കാര്യം ക്രമപ്രശ്നമായി ഉന്നയിക്കുകയും തുടര്‍ന്ന് നിയമ നിര്‍മാണത്തിനായി പ്രത്യേക സമമ്മളനം ചേരണമെന്നും എല്ലാ ഓര്‍ഡിനന്‍സുകളും സഭയില്‍ അവതരിപ്പിച്ച് പാസാക്കണമെന്നും ചെയര്‍ റൂള്‍ ചെയ്തിരുന്നു. അതിന്റെകൂടി പശ്ചാത്തലത്തിലാണ് നിയമ നിര്‍മാണത്തിന് മാത്രമായി മൂന്നാം സമ്മേളനം ചേരുന്നത്.
സഭ സമ്മേളിക്കുന്ന 24 ദിവസത്തില്‍ 4 ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണനയ്ക്കുമായി മാറ്റിവച്ചിട്ടുണ്ട്. ബാക്കി 19 ദിവസവും നിയമനിര്‍മാണത്തിനായി മാറ്റിവച്ചിട്ടുണ്ട്. സഭാ സമ്മേളനം ആരംഭിക്കുന്ന ഒക്ടോബര്‍ നാലിന് നാല് ബില്ലുകളും അടുത്ത ദിവസം മൂന്ന് ബില്ലുകളുമാണ് പരിഗണനയ്ക്ക് വരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലെ ബില്ലുകള്‍ സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.
2021 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍, 2021 ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, 2021 ലെ കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബില്‍, 2021 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍ എന്നിവ ആദ്യദിവസവും 2021 ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍, 2021 ലെ കേരള പൊതുവില്‍പ്പന നികുതി (ഭേദഗതി) ബില്‍, 2021 ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബില്‍ എന്നിവ രണ്ടാം ദിവസവും സഭയുടെ പരിഗണനയ്ക്ക് വരും. നിയമനിര്‍മാണ കാര്യത്തില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ സഭ പരിഗണിക്കുന്ന ബില്ലുകള്‍ സ്പീക്കര്‍ നിശ്ചയിക്കുന്നതാണ് കീഴ്വഴക്കം. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ബില്ലുകള്‍ നിശ്ചയിച്ചത്.
വിവിധ സര്‍വ്വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായുള്ള ബില്ലുകള്‍, കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് ബില്‍, കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബില്‍, കേരള പബ്ലിക് ഹെല്‍ത്ത് ബില്‍, കേരള സംസ്ഥാന മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ബില്‍, കേരള ധാതുക്കള്‍ (അവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍) ബില്‍, കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ (ഭേദഗതി) ബില്‍ തുടങ്ങിയവയാണ് സഭ പരിഗണിക്കാനിരിക്കുന്ന മറ്റ് പ്രധാനപ്പെട്ട ബില്ലുകളെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: