തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ ആദ്യം തന്നെ പഠന ഭാഗത്തിലേക്ക് കടക്കേണ്ടെന്ന് തീരുമാനം. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകളായിരിക്കും ആദ്യ ദിവസങ്ങളില്‍ നടത്തുക. അതിനുശേഷം മാത്രമേ പാഠഭാഗങ്ങളിലേക്ക് കടക്കൂ.
ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം പദ്ധതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. കൂടാതെ ആദ്യ മാസം ഹാജറും യൂണിഫോമും നിര്‍ബന്ധം ആക്കില്ല. സ്കൂള്‍ തുറക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ഹാപ്പിനെസ് കരിക്കുലം പഠിപ്പിക്കും. പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ട് ബ്രിഡ്ജ് സിലബസ് തയ്യാറാക്കും. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ സ്കൂളിലെത്തേണ്ടതില്ലെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗ രേഖ ഒക്ടോബര്‍ അഞ്ചിന് തയ്യാറാക്കും.
സ്കൂള്‍തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ജില്ലാതല ഏകോപനം ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും. പ്രധാന അധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം കളക്ടര്‍മാര്‍ വിളിച്ചുചേര്‍ക്കും. സ്കൂള്‍തലത്തില്‍ ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കും.
സ്കൂള്‍ തുറക്കുന്നതിന് മുമ്പ് എല്ലാ അധ്യാപകരും ജീവനക്കാരും വാക്സിന് സ്വീകരിക്കണമെന്നും ഇതിന്റെ ചുമതല അധ്യാപക, അനധ്യാപക സംഘടനകള്‍ ഏറ്റെടുക്കണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതിയും സര്‍ക്കാര്‍ ഒഴിവാക്കി. സ്വകാര്യ ബസ്സുകള്‍ ടെമ്പോ ട്രാവലറുകള്‍ എന്നിവക്ക് നികുതി അടക്കാന്‍ ഡിസംബര്‍ വരെ കാലാവധി നീട്ടി. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്സെഷന് തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: