തിരുവനന്തപുരം : ബാലഭാസ്‌കറിന്റെ മരണം വാഹനാപകടം തന്നെയെന്ന് വീണ്ടും ആവര്‍ത്തിച്ച് സിബിഐ. മാതാപിതാക്കള്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പരിശോധിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്നും സിബിഐ കോടതിയെ അറിയിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
ബാലഭാസ്‌കറിന്റെ മരണത്തില്‍ അട്ടിമറിയൊന്നും നടന്നിട്ടില്ല. അതേസമയം സാക്ഷിയായി എത്തിയ കലാഭവന്‍ സോബിക്ക് കേസില്‍ ഇടപെടാന്‍ നിയമപരമായ അധികാരം ഇല്ലെന്നും സിബിഐ കോടതിയില്‍ നിലപാടെടുത്തു. കേസില്‍ കലാഭവന്‍ സോബി ഹാജരാക്കിയത് വ്യാജ തെളിവുകളാണെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു.
2018 സെപ്റ്റംബര്‍ 25ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്ത് വച്ച് വാഹനാപകടം ഉണ്ടായത്. ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും അപകടത്തില്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു.
മരണത്തില്‍ അട്ടിമറിയില്ലെന്നും അപകട മരണമാണെന്നുമായിരുന്നു സിബിഐ റിപ്പോര്‍ട്ട്. ഡ്രൈവര്‍ അര്‍ജ്ജുന്‍ അശ്രദ്ധമായി അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്നായിരുന്നു കണ്ടെത്തല്‍. ഇത് തള്ളണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണിയും ശാന്താ കുമാരിയും കോടതിയെ സമീപിച്ചത്. തുടരന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക