Categories: Kerala

മാപ്പിളക്കലാപം; പത്താം ക്ലാസ് പാഠപുസ്തകത്തിലും പച്ചക്കള്ളങ്ങള്‍, സ്മാരകം ഹിച്ച്കോക്കിന്റെത് ആയിരുന്നില്ല, ഗോവിന്ദന്‍ നായരുടെ പാട്ട് കലാപ ഗാനവുമല്ല

Published by

കൊച്ചി: ഹിന്ദുവംശഹത്യയായിരുന്ന മാപ്പിളക്കലാപത്തെകുറിച്ചുള്ള പച്ചക്കള്ളങ്ങളുമായി പത്താം ക്ലാസ് പാഠപുസ്തകം. കേരളത്തില്‍ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം-1 പാഠപുസ്തകത്തിലെ കേരളം ആധുനികതയിലേക്ക് എന്ന അധ്യായത്തിലാണ് (പേജ് 164) വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.  

മാപ്പിളക്കലാപകാലത്ത് മലബാറിലെ ജില്ലാ പോലീസ് മേധാവിയായിരുന്ന ഹിച്ച്കോക്കിനെ കലാപകാരികള്‍ കൊന്നുകളഞ്ഞെന്നാണ് പുസ്തകത്തിലുള്ളത്. എന്നാല്‍, 1922 കലാപം അടിച്ചമര്‍ത്തിയതിനു ശേഷം അദ്ദേഹം ഉയര്‍ന്ന ബഹുമതികളോടെ ഇവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് പോയി. 1925ല്‍ അദ്ദേഹമാണ് ഹിസ്റ്ററി ഓഫ് മലബാര്‍ റിബലായന്‍ എന്ന ഗ്രന്ഥം എഴുതിയത്. 1927ല്‍ അദ്ദേഹം അസുഖ ബാധിതനായാണ് മരിച്ചത്.  

ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് സ്മാരകം നിര്‍മിച്ചെന്നും ഇതു പൊളിച്ചു മാറ്റാന്‍ സമരത്തില്‍ പങ്കെടുത്ത കുമ്പളത്ത് ഗോവിന്ദന്‍നായര്‍ എഴുതിയെന്ന് പറയുന്ന ഒരു പാട്ടും പുസ്തകത്തിലുണ്ട്. എന്നാല്‍, സ്മാരകം ഹിച്ച്കോക്കിന്റെത് ആയിരുന്നില്ല. പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ബ്രിട്ടിഷ് സ്മാരകമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. സ്മാരകത്തിനെതിരെ സമരം നടന്നത് 1969ല്‍ മലപ്പുറം ജില്ലാ രൂപീകരണവും കഴിഞ്ഞാണ്. അന്നത്തെ സിപിഎം-ലീഗ് കൂട്ടുകെട്ടിന്റെ സമരഗാനമാണ് ഇടതുപക്ഷ അധ്യാപക സംഘടന നേതാവായിരുന്ന കുമ്പളത്ത് ഗോവിന്ദന്‍ നായരുടെ പാട്ട്. അത് കലാപ ഗാനമായിരുന്നില്ല.  

1921ലെ മാപ്പിളക്കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവമാണ് പൂക്കോട്ടൂര്‍ യുദ്ധമെന്ന തെറ്റായ ചരിത്ര രചനയാണ് മറ്റൊന്ന്. പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായ വടക്കേ വീട്ടില്‍ മുഹമ്മദിനെ മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടീഷ് പോലീസ് ശ്രമിച്ചതോടെയാണ് കലാപം ആരംഭിച്ചതെന്നാണ് പുസ്തകത്തിലുള്ളത്. എന്നാല്‍ 1921 ആഗസ്ത് ഒന്നിനാണ് വടക്കേവീട്ടില്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വന്നത്. അന്ന് അറസ്റ്റ് നടന്നില്ല. ലഹളയും ആരംഭിച്ചില്ല. മാപ്പിളക്കലാപം ആരംഭിക്കുന്നത് ആഗസ്ത് 20ന് തിരൂരങ്ങാടിയില്‍ നിന്നാണ്.  

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്ന ചേറ്റൂര്‍ ശങ്കരന്‍നായര്‍ ഗാന്ധിയന്‍ സമര മാര്‍ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം രചിച്ചെന്നാണ് മറ്റൊരു പച്ചക്കള്ളം. ജാലിയന്‍വാലാബാഗ് സംഭവത്തില്‍ പ്രതിഷേധിച്ച് കൈറ്റ് പട്ടം തിരിച്ചു നല്കിയ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഖിലാഫത്ത് ലഹളയിലെ ഹിന്ദു കൂട്ടക്കൊലയിലുള്ള പ്രതിഷേധമായാണ് വാസ്തവത്തില്‍ ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം രചിച്ചത്. പാന്‍ ഇസ്ലാമിക് മൂവ്മെന്റ് ആയിരുന്ന ഖിലാഫത്തിനെ പിന്തുണച്ചതിന്റെ ഫലമായി മലബാറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഉണ്ടായ അരാജകത്വമാണ് ഗ്രന്ഥത്തിലെ ഇതിവൃത്തം.

കെ. മാധവന്‍ നായരുടെ മലബാര്‍ കലാപം, ഹിച്ച്കോക്കിന്റെ ഹിസ്റ്ററി ഓഫ് മലബാര്‍ റിബലിയന്‍, ചേറ്റൂര്‍ ശങ്കരന്‍നായരുടെ ഗാന്ധിയും അരാജകത്വവും എന്ന പുസ്തകങ്ങളില്‍ യഥാര്‍ഥ വസ്തുകള്‍ വിവരിച്ചിട്ടുണ്ട്. ചരിത്ര സത്യങ്ങള്‍ തമസ്‌ക്കരിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് ഇടതുപക്ഷ അധ്യാപക സംഘടനയുടെ നേതൃത്വത്തിലുള്ള പാഠപുസ്തക രൂപീകരണ സമിതികളെന്നാണ് ആരോപണം ഉയരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by