ന്യൂദല്‍ഹി: സംസ്ഥാനത്തെ പാസഞ്ചര്‍ ട്രെയ്ന്‍ സര്‍വീസ് ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസ്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ഇക്കാര്യം അറിയിച്ചതായും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
കൊവിഡ് വ്യാപന സാഹചര്യമുള്ളതിനാലാണ് പാസഞ്ചര്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ വൈകിയത്. മറ്റു സംസ്ഥാനങ്ങളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി. ഇപ്പോഴുള്ള കൊവിഡ് സ്പെഷല്‍ ട്രെയിനുകള്‍ സാധാരണ ട്രെയിനുകളാക്കും. ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ കെ റെയില്‍ പദ്ധതി സംബന്ധിച്ച് നിരവധി പരാതികള്‍ കേന്ദ്ര സര്‍ക്കാരിനും റെയില്‍വേ മന്ത്രാലയത്തിനും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. പതിനായിരത്തിലധികം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടും. 64,000 കോടി രൂപ ചെലവു വരുമെന്നാണ് സംസ്ഥാനം പറയുന്നത്. ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപ വേണമെന്നാണ് നിതി ആയോഗ് കണ്ടെത്തിയത്. ഇത്രയും പണം ചെലവഴിച്ച് ഇത്തരത്തില്‍ ഒരു പദ്ധതി വേണമോയെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമഗ്ര പഠനം നടത്തും. അതിനു ശേഷമേ കേന്ദ്രസര്‍ക്കാര്‍ അന്തിമതീരുമാനം കൈക്കൊള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: