നിലമ്പൂര്‍: കോട്ടയം-നിലമ്പൂര്‍ റൂട്ടില്‍ പുതിയ എക്‌സ്പ്രസ് ട്രെയിന്‍ ഒക്ടോബര്‍ ഏഴുമുതല്‍ ഓടിത്തുടങ്ങും. കോട്ടയത്ത് നിന്നും നിലമ്പൂരിലേക്ക് 06326 എന്ന നമ്പറിലും നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്ക് മടങ്ങുന്ന ട്രെയിന്‍ 06325 എന്ന നമ്പറിലുമാണ് സര്‍വീസ് നടത്തുക.
പുലര്‍ച്ച 5.15 നാണ് കോട്ടയത്ത് നിന്നും നിലമ്പൂരിലേക്ക് ട്രെയിന്‍ പുറപ്പെടുക. 6.40ന് എറണാകുളത്തും 8.28ന് തൃശ്ശൂരിലും 10.10ന് ഷൊറണ്ണൂരിലും എത്തുന്ന ട്രെയിന്‍ 11.45നാണ് നിലമ്പൂരിലെത്തുക. ഉച്ചകഴിഞ്ഞ 3.10ന് നിലമ്പൂരില്‍ നിന്നും മടങ്ങുന്ന ട്രെയിന്‍ രാത്രി 10.15 ന് കോട്ടയത്ത് തിരിച്ചെത്തും.
നിലവില്‍ നിലമ്പൂര്‍-ഷൊറണ്ണൂര്‍ പാതയില്‍ രാജ്യറാണി മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. പകല്‍ ട്രെയിനുകളൊന്നും ഇല്ലാത്തത് ഈ പാതയിലെ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. രാജ്യറാണി സര്‍വീസ് നടത്തുന്നതുപോലും റെയില്‍വേക്ക് നഷ്ടമാണെന്ന് കാണിച്ച് ഷൊര്‍ണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയാക്കി ചുരുക്കാന്‍ റെയില്‍വേ പദ്ധതിയിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് റെയില്‍വേ പുതിയ പകല്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇത് നിലമ്പൂര്‍-ഷൊറണ്ണൂര്‍ പാതക്ക് പുത്തനുണര്‍വേകുന്നെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: