കൊച്ചി : മോന്സന് മാവുങ്കലിനായി ശില്പ്പങ്ങള് നിര്‍മിച്ചു നല്‍കിയതില്‍ 75 ലക്ഷം രൂപ തനിക്ക് ലഭിക്കാനുണ്ടെന്ന് ശില്‍പ്പി. പുരാവസ്തുക്കള്‍ എന്ന പേരില്‍ ഇയാളുടെ പക്കലുണ്ടായിരുന്ന ശില്പ്പങ്ങള് നിര്‍മിച്ചത് താനാണ്. മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ് പുറത്തുവരികയും ഇയാള്‍ അറസ്റ്റിലുമായ സ്ഥിതിക്ക് ഇനി പണം ലഭിക്കാന്‍ സാധ്യതയില്ലെന്നും ശില്പി സുരേഷ് അറിയിച്ചു.
താന്‍ നിര്‍മ്മിച്ച ശില്പ്പങ്ങള് വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ അമേരിക്കയില്‍ നിന്നും മോന്സന് ഫോണ്‍ വിളിക്കുകയായിരുന്നു. കൊച്ചിയില്‍ ചെന്ന് കാണാന്‍ ആവശ്യപ്പെട്ടാണ് ഫോണ്‍ ചെയ്തത്. തുടര്‍ന്ന് കൂടിക്കാഴ്ചകള്‍ക്കൊടുവില്‍ 2019ല്‍ സുരേഷ് ശില്പ്പങ്ങള് മോന്സന് കൈമാറി.
വിശ്വരൂപമടക്കമുള്ള ശില്പ്പങ്ങള് താന്‍ നിര്‍മിച്ചവയാണ്. പുരാതന ശില്പങ്ങളായി മോന്‍സ് പ്രചരിപ്പിച്ചതെന്ന് സുരേഷ് പറഞ്ഞു. കുമ്പിള് തടിയില്‍ നിര്‍മിച്ച ശില്‍പ്പങ്ങളാണിവ. ഇവയാണ് ചന്ദനമരത്തില്‍ തീര്‍ത്ത ശില്‍പ്പങ്ങളെന്ന് പറഞ്ഞ് പറ്റിച്ചത്. വിശ്വരൂപം, മറിയ തുടങ്ങി ആറ് ശില്‍പ്പങ്ങളാണ് സുരേഷ് കൈമാറിയത്. ഇവ വിറ്റ് ഒരു മാസത്തിനകം പണം നല്‍കാമെന്ന ഉറപ്പിന്മേലാണ് നല്‍കിയത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പണം തന്നില്ലെന്നും സുരേഷ് പറഞ്ഞു.
ദീര്‍ഘകാലം വിദേശത്തായിരുന്ന സുരേഷ്. ശില്‍പ്പ നിര്‍മ്മാണ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ളതാണ്. തിരിച്ചെത്തി വര്‍ഷങ്ങളോളം അധ്വാനിച്ചാണ് ശില്പ്പങ്ങള് ഉണ്ടാക്കിയത്. പണം കിട്ടാതെ വന്നതോടെ വന്‍ സാമ്പത്തിക ബാധ്യതയുണ്ടായി. ഹ്യദ്രോഗിയായി മാറിയെന്നും സുരേഷ് പറഞ്ഞു. മോന്‍സനെതിരെ സുരേഷ് ക്രൈം ബ്രാഞ്ചിനും മൊഴി നല്‍കിയിട്ടുണ്ട്. ശില്പ്പങ്ങള് തിരികെ വേണമെന്നാണ് സുരേഷിന്റെ ആവശ്യം. തന്റെ അനുവാദമില്ലാതെ വിശ്വരൂപം ശില്‍പ്പത്തിന് പെയിന്റടിച്ചു മാറ്റി. പണത്തിനായി പല പ്രാവശ്യം കൊച്ചിയിലെ വീട്ടില്‍ പോയിരുന്നു. അറസ്റ്റിലാകുന്നതിന് അഞ്ചു ദിവസം മുമ്പും വീട്ടിലെത്തി മോന്‍സനെ കണ്ടു. രണ്ട് ദിവസത്തിനകം പണം നല്‍കാമെന്ന് പറഞ്ഞാണ് തന്നെ മടക്കിയതെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ മോന്സന് സഹായം നല്കിയ പോലീസുകാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ബന്ധമുണ്ടെന്ന് പറയുന്ന ഐ.ജി. ലക്ഷ്മണ, മുന്‍ ഡി.ഐ.ജി. സുരേന്ദ്രന്, എറണാകുളം എസിപി ലാല്‍ജി തുടങ്ങിയവര്‍ക്കെതിരെ ഇന്റലിജെന്‍സാണ് അന്വേഷണം നടത്തുന്നത്.
വമ്പന്‍ തട്ടിപ്പുകാരനായ മോന്‍സനുമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന വിവരം പോലീസിനെ കുരുക്കിലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം പോലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. തുടര്‍ന്നാണ് മോണ്‍സനുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ ഇന്റലിജന്‍സ് അന്വേഷണത്തിന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്റലിജന്‍സ് അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഇവര്‍ക്കെതിരേ എന്ത് നടപടി സ്വീകരിക്കണമെന്നതിലും തീരുമാനമെടുക്കും.
മോന്സന് മാവുങ്കല്‍ തനിക്കെതിരേയുള്ള കേസിന്റെ വിവരങ്ങളറിയാന്‍ ഉന്നത ഉദ്യോഗസ്ഥരെ പലതവണ ബന്ധപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മോന്‍സനെതിരായ കേസുകളുടെ വിവരങ്ങളും മറ്റും പോലീസുകാര്‍ തന്നെ ഇയാള്‍ക്ക് ചോര്‍ത്തിനല്‍കി. ക്രൈംബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥരെ പോലും മോന്സന് ഇതിനായി ബന്ധപ്പെട്ടു. തനിക്കെതിരേ പരാതികള്‍ ഉയര്‍ന്നുതുടങ്ങിയത് മുതലാണ് ഇയാള്‍ നിരന്തരം പോലീസുകാരില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്. ഇതിലൂടെ മുന്‍കൂര്‍ ജാമ്യത്തിനായി നാല് തവണയാണ് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: