തിരുവനന്തപുരം: കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാമ്പിളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. സ്രവ സാമ്പിളുകളില്‍ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്.
രണ്ടിനം വവ്വാലുകളുടെ സ്രവ സാമ്പിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചത്. നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് ഇതോടെ സ്ഥികീകരണമാകുകയാണ്. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഐ.സി.എം.ആര്. പഠനം തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കേണ്ടതുണ്ട്. അതു കൂടി പരിശോധിച്ചശേഷം പുണെ എന്‍.ഐ.വി. ഫലം സര്‍ക്കാരിനെ അറിയിക്കും. ഇത്തരമൊരു ഫലം വന്ന സാഹചര്യത്തില്‍ മറ്റു വകുപ്പുകളുമായി കൂടിയാലോചനകളും ചര്‍ച്ചകളും ആവശ്യമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ചാത്തമംഗലത്ത് നിന്നും, സമീപപ്രദേശങ്ങളില്‍ നിന്നും വവ്വാലുകളെ പിടികൂടി സ്രവ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചത്. കേന്ദ്രസംഘം നേരിട്ട് എത്തിയായിരുന്നു പരിശോധനാ സാമ്പിളുകള്‍ ശേഖരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: