സോള്‍: വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. ദക്ഷിണ കൊറിയയുമായി ചര്‍ച്ചയ്ക്കു തയാറെന്നു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം. ചൊവ്വാഴ്ച പുലര്‍ച്ചെ ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തുനിന്നാണ് പുതിയതായി വികസിപ്പിച്ച ഹ്രസ്വദൂര മിസൈല്‍ തൊടുത്തതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. പ്യോംഗ്യാംഗിന്റെ സ്വയം പ്രതിരോധത്തിനായി ആയുധങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാനാകില്ലെന്ന് ഉത്തരകൊറിയയുടെ അംബാസിഡര്‍ യുഎന്നില്‍ പറഞ്ഞതിന് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം.
ഈ മാസം ആദ്യം പുതുതായി വികസിപ്പിച്ച ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളും ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. യുഎസുമായുള്ള ആണവചര്‍ച്ചകള്‍ പരാജയപ്പെട്ട് മാസങ്ങള്‍ക്കുശേഷമായിരുന്നു അത്. അതേ സമയം ഉത്തര കൊറിയയുടെ ആത്മാര്ഥതയില് സംശയം ജനിപ്പിക്കുന്നതാണ് മിസൈല്‍ പരീക്ഷണമെന്നാണ് അയല്‍ രാജ്യങ്ങളുടെ വികാരം.
ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അടിയന്തരമായി ചേര്‍ന്ന് ഉത്തര കൊറിയയുടെ നടപടിയെ അപലപിച്ചു. ഉത്തര കൊറിയയുടെ വടക്കന്‍ മലനിര പ്രവിശ്യയില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ കടലില്‍ പതിച്ചതായാണ് ദക്ഷിണ കൊറിയന്‍ സൈന്യം പറയുന്നത്. അമെരിക്കക്കോ, സഖ്യകക്ഷികള്‍ക്കോ അവരുടെ ഭൂപ്രദേശങ്ങള്‍ക്കോ തത്കാലം ഭീഷണിയൊന്നുമില്ലെന്ന് യുഎസ് ഇന്തോ-പസഫിക് കമാന്‍ഡ് പ്രസ്താവനയില്‍ വെളിപ്പെടുത്തി. എന്നാല്‍, ഉത്തര കൊറിയന്‍ ആണവ പദ്ധതികളിലെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ഈ പരീക്ഷണമെന്നും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്നും തന്റെ സര്‍ക്കാര്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു.
ഈ മാസം മൂന്നാം തവണയാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം യുഎന്‍ പൊതുസഭയില്‍ പ്രസംഗിച്ച ഉത്തര കൊറിയന്‍ അംബാസഡര്‍ കിം സോങ് രാജ്യത്തിന്റെ ആണവപദ്ധതികളെ ന്യായീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: