തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ ഏറ്റവും ഒടുവിലത്തെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നാണ് കേന്ദ്രവിദേശകാര്യമന്ത്രി വി. മുരളീധരന്. ആളുകളെ ഒഴിപ്പിക്കുന്നതിലാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. വെര്‍ച്വലായി നടക്കുന്ന പതിനൊന്നാമത് ദേശീയ വിദ്യാര്‍ത്ഥി പാര്‍ലിമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ബില്യന്‍ യു.എസ് ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നടത്തിക്കൊണ്ടിരുന്നത്. പശ്ചാത്തല വികസനത്തോടോപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വളര്‍ത്തുക, വ്യാപാരം വര്‍ദ്ധിപ്പിക്കുക, മാനുഷികമായ സഹായം നല്‍കുക തുടങ്ങിയ കാര്യങ്ങളിലും ഇന്ത്യ ഊന്നല്‍ നല്‍കിയിരുന്നു.
അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലുമായി 500 ഓളം പദ്ധതികളാണ് ഇന്ത്യ നടപ്പാക്കിയിരുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പരസ്പര ആദരവിലൂടെ മാത്രമേ ചൈനയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാനാവൂ. ലഡാക്ക് മേഖലയിലെ അസ്വാസ്ഥ്യത്തിന് ചൈന ഏകപക്ഷീയമായി തുടക്കം കുറിക്കുകയായിരുന്നുവെന്നും മുരളീധരന് ആരോപിച്ചു.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നടത്തുന്നുണ്ട്. പശ്ചാത്തല വികസനം, ആശുപത്രികള്‍, അണക്കെട്ടുകള്‍, പാലങ്ങള്‍, നൈപുണ്യ വര്‍ദ്ധന, കായികം തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യയുടെ പദ്ധതികള്‍ ഈ രാജ്യങ്ങളില്‍ നടക്കുന്നുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
ആദരം, സംവാദം, സമാധാനം, പുരോഗതി എന്നിവയാണ് വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാന നയങ്ങളെന്നും വി.മുരളീധരന് പറഞ്ഞു. അരുണാചല്‍ പ്രദേശ് ഡെപ്യൂട്ടി സ്പീക്കര്‍ ടോസം പോങ്ടെ, ജമ്മുകാശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ കുമാര്‍ സിംഗ്, ലോകസഭാംഗം ഹസ്നൈന് മസൂദി, പശ്ചിമബംഗാള്‍ എം.എല്‍.എ അനൂപ് കുമാര്‍ സാഹ, ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അഖിലേഷ് ത്രിപാഠി, ഭാരതീയ ഛാത്ര സംസദ് സ്ഥാപകന്‍ രാഹുല്‍.വി.കരാട് എന്നിവരും സംസാരിച്ചു. കേന്ദ്രയുവജന മന്ത്രാലയം , അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസ് എന്നിവയുടെ സഹകരണത്തോടെ എം.ഐ.ടി സ്കൂള്‍ ഓഫ് ഗവണ്മെന്റ് ആണ് വിദ്യാര്‍ഥി പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: