പനാജി: ഗോവ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലുസിഞ്ഞോ ഫലേറോ പാര്‍ട്ടി വിടുന്നതിന് മുന്നോടിയായി എംഎല്‍എ സ്ഥാനം രാജിവെച്ചു. നവേലിം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ ലുസിഞ്ഞോ ഫലേറോ ഗോവ അസംബ്ലി സ്പീക്കര്‍ രാജേഷ് പട്‌നേക്കറിനാണ് രാജി സമര്‍പ്പിച്ചത്.
ഗോവയില്‍ മുതിര്‍ന്ന നേതാവിന്റെ നീക്കം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയില്‍ നേതൃത്വത്തിന്റെ നിലപാടുകളില്‍ ഏറെക്കാലമായി അതൃപ്തനാണ് ലുസിഞ്ഞോ ഫലേറോ. വൈകാതെ കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
കോണ്‍ഗ്രസ് ആരുടെയെങ്കിലും ഒരാളുടേതല്ലെന്നും മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിലുണ്ടായ ഒരു പ്രസ്ഥാനമാണെന്നും ഫലേറോ പറയുന്നു. ഈ കോണ്‍ഗ്രസ് കുടുംബം ഇന്ന് വിഭജിക്കപ്പെട്ടിരിക്കുകയാണ്. മമത ബാനര്‍ജിയുടെ ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ്, എന്‍സിപി നേതാവ് ശരത് പവാര്‍ എന്നിവരുടേതായ കോണ്‍ഗ്രസും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ കോണ്‍ഗ്രസ് ആശയങ്ങള്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: