കൊച്ചി : കോടികളുടെ സാമ്പത്തിക തട്ടിപ്പിനായി മോന്സന് മാവുങ്കല്‍ തയ്യാറാക്കിയ വ്യാജ രേഖകള്‍ പുറത്ത്. 2.62 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ പൗണ്ട് തന്റെ പേരിലുണ്ടെന്ന വിധത്തിലുള്ള വ്യജ രേഖയാണ് മോന്സന് ആളുകളെ കാണിച്ച് തെറ്റിദ്ധരിപ്പിച്ചത്. എച്ച്എസ്ബിസി ബാങ്കിന്റെ പേരിലുള്ള ഈ അക്കൗണ്ടിലേക്ക് ലണ്ടനില്‍ നിന്നും കലിംഗ ഫൗണ്ടേഷന് അക്കൗണ്ടില്‍ നിന്നും പണം നല്‍കിയെന്നാണ് വ്യാജ രേഖ ചമച്ചിരിക്കുന്നത്.
കറന്റ് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതിന് സമാനമായ രേഖ മോന്സന് വ്യാജമായുണ്ടാക്കിയാണ് 10 കോടിയോളം രൂപ പരാതിക്കാരില്‍ നിന്ന് വാങ്ങിയത്. ഇതിനുപുറമേ 40 കോടിയോളം രൂപയുടെ തട്ടിപ്പും മോന്സണ് നടത്തി എന്നാണ് വിവരം. എന്നാല്‍ തട്ടിപ്പിന് ഇരായായ പലരും പരാതി പുറത്തുപറയാന്‍ തയ്യാറായിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ നിരവധി വ്യാജ രേഖകള്‍ മോന്‍സനിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് അടക്കം മോന്സണ് വ്യാജമായി നിര്‍മിച്ചുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇവയെല്ലാം ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ച് വരുകയാണ്.
അതിനിടെ വയനാട്ടില്‍ കാപ്പിത്തോട്ടം പാട്ടത്തിനെടുത്ത് നല്‍കാമെന്ന പേരില്‍ 1.62 കോടി തട്ടിയ കേസിലും ക്രൈംബ്രാഞ്ച് മോന്‍സനിന്റെ അറസ്റ്റ് രേഖപ്പടുത്തി. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടം പാട്ടത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശിയില്‍ നിന്നാണ് പണം വാങ്ങിയത്.
ഇതിനിടെ മോന്‍സണിന്റെ കലൂരിലേയും ചേര്‍ത്തലയിലേയും വീട്ടില്‍ പോലീസിന്റെ ബീറ്റ് ബോക്സ് സ്ഥാപിച്ചത് സംസ്ഥാന പോലീസിലെ ഉന്നതര്‍ ഇടപെട്ടാണെന്ന നിര്‍ണായക വിവരവും പുറത്തുവരുന്നുണ്ട്. 2019 ജൂണില്‍ സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സനിന്റെ രണ്ട് വീടുകളിലും ബീറ്റ് ബോക്സ് സ്ഥാപിച്ചതെന്നാണ് വിവരം.
അതിനിടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ കേസില്‍ നിന്നും പിന്മാറുന്നതിനായി മോന്സന് ഭീഷണിപ്പെടുത്തിയതായും പരാതി. ഹണിട്രാപ്പില്‍ കുടുക്കുമെന്നായിരുന്നു മോന്‍സന്റെ ഭീഷണി. ഉന്നത സ്വാധീനമുപയോഗിച്ച് കുടുംബത്തെ കേസില്‍ കുടുക്കുമെന്നും, പെണ്‍കുട്ടിയുടെ നഗന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകള്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. പരാതി പിന്‍വലിക്കാതായതോടെ ഗുണ്ടകളെ വീട്ടിലയച്ചും ഭീഷണി തുടര്‍ന്നു.
പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കല്‍ ക്രൈംബ്രാഞ്ച് പിടിയിലായതിന് പിന്നാലെ കൂടുതല്‍ കള്ളക്കളികള്‍ പുറത്ത് വരികയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുളള പുരാവസ്തുക്കളുടെ വില്പ്പനക്കാരന് എന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനവും ബൈബിളിലെ പഴയനിയമത്തിലെ മോശയുടെ അംശവടിയുമൊക്കെ തന്റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. കൊച്ചി കലൂര്‍ ആസാദ് റോഡിലുളള വീട് മ്യൂസിയമാക്കി മാറ്റിയായിരുന്നു തട്ടിപ്പ്. ബ്രൂണൈ സുല്‍ത്താനുമായും യുഇഎ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വില്‍പ്പന നടത്തിയെന്നും ഇടപാടില്‍ രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരം കോടി കിട്ടിയെന്നുമായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇയാളുടെ പക്കലുള്ള പുരാവസ്തുക്കള്‍ കുണ്ടന്നൂരിലും എളമക്കരയിലും നിര്‍മിച്ചതാണെന്നും കണ്ടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: