ന്യൂദല്‍ഹി: ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നുതള്ളിയ മാപ്പിളക്കലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ദേശീയ സ്മാരക അതോറിറ്റി ചെയര്‍മാനും മുന്‍ രാജ്യസഭാംഗവുമായ തരുണ്‍ വിജയ് ആവശ്യപ്പെട്ടു. മാപ്പിളക്കലാപകാലത്ത് കൊലചെയ്യപ്പെട്ടവര്‍ക്കായി ദല്‍ഹിയില്‍ പ്രത്യേക സ്മാരകം നിര്‍മ്മിക്കണമെന്നും കലാപകാരികളുടെ പിന്തലമുറക്കാര് ആരെങ്കിലും ഇപ്പോഴും പെന്ഷന് വാങ്ങുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും തരുണ്‍ വിജയ് ആവശ്യപ്പെട്ടു. മാപ്പിളക്കലാപകാരികളെ സ്വാതന്ത്ര്യസമരനായകരുടെ പട്ടികയില്‍ നിന്നൊഴിവാക്കാനുള്ള നടപടി രാജ്യത്തെ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ്, ദല്‍ഹിയില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ മലബാറിലെ ഹിന്ദുവംശഹത്യയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ വിജയ്.
ഹിന്ദുകൂട്ടക്കൊല നടത്തിയവരെ സ്വാതന്ത്ര്യസമര സേനാനികളാക്കി ചിത്രീകരിച്ച കപട ചരിത്രകാരന്മാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടണം. അവരുടെ നുണപ്രചാരണങ്ങള്‍ പൊളിച്ച് അവരെ നാണംകെടുത്തേണ്ടതുണ്ട്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ പില്ക്കാലത്ത് പാക് ഭീകരന് ഹാഫിസ് സെയ്ദിനെ വരെ സ്വാതന്ത്ര്യ സമര സേനാനിയാക്കി അവര്‍ ചിത്രീകരിക്കും. 1921ല്‍ നടന്നത് സ്വാതന്ത്ര്യ സമരമേ ആയിരുന്നില്ല. തുര്‍ക്കിയിലെ ഖിലാഫേറ്റ് പുനഃസ്ഥാപിക്കുക എന്ന ഏക ലക്ഷ്യത്തോടെയായിരുന്നു അക്രമങ്ങളെന്നും തരുണ്‍ വിജയ് കൂട്ടിച്ചേര്‍ത്തു.
മതധ്വംസനം നടത്തിയ അതിക്രൂരന്മാരായ ഹൈദരാലിയും ടിപ്പുവും വരെ ചിലര്‍ക്ക് സാമൂഹ്യ പരിഷ്ക്കര്ത്താക്കളാണെന്ന് ഐസിഎച്ച്ആര്‍ മെമ്പര്‍ ഡോ.സി.ഐ. ഐസക്ക് കുറ്റപ്പെടുത്തി. 1921 വരെ 43 കലാപങ്ങളാണ് മലബാറില്‍ നടന്നത്. അതില്‍ 42 എണ്ണവും നടന്നത് ഇന്നത്തെ മലപ്പുറം ജില്ലയുടെ ഭാഗമായ പ്രദേശങ്ങളിലാണ്. എല്ലാ കലാപങ്ങളും ഹിന്ദുക്കള്‍ക്കെതിരെ ആയിരുന്നു. താഴ്ന്ന ജാതിയിലെ ഹിന്ദുക്കളെ ലക്ഷ്യമിട്ടായിരുന്നു നീക്കങ്ങളെല്ലാം.
ഹിന്ദുക്കളായ 90 ജന്മിമാരും ഒന്‍പത് മുസ്ലിംജന്മിമാരും അക്കാലത്ത് മലബാറിലുണ്ടായിരുന്നുവെങ്കിലും ഹിന്ദുക്കളായ ജന്മിമാരെ മാത്രമാണ് കലാപകാരികള്‍ അക്രമിച്ചത്. ജന്മി കുടിയാന് പ്രശ്നമായിരുന്നുവെങ്കില്‍ മുസ്ലിം ജന്മിമാരെ എന്തിന് ഒഴിവാക്കിയെന്നും ഡോ. സി.ഐ ഐസക്ക് ചോദിച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, സാഞ്ചി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. നീരജ എ. ഗുപ്ത എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: