ന്യൂദല്‍ഹി: വിവിധ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത ബന്ദിനെതിരെ ‘ഇന്ത്യ തുറന്നിരിക്കുന്നു’ എന്ന് കാണിച്ചുകൊണ്ടുള്ള പ്രചാരണം ട്വിറ്ററില്‍ ട്രെന്‍ഡിങ്. ഭാരതബന്ദ് പരാജയമായിരുന്നെന്നും ഭാരതബന്ദ് നടന്ന തിങ്കളാഴ്ച രാജ്യത്തുടനീളം ഗതാഗതം സുഗമമായിരുന്നുവെന്നും കടകള്‍ തുറന്നുപ്രവര്‍ത്തിച്ചെന്നും കാണിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇന്ത്യയിലെ പല ഭാഗങ്ങളില്‍ നിന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ട്വിറ്റര്‍ ഉപയോക്താക്കള്‍ ആവേശപൂര്‍വ്വം പോസ്റ്റ് ചെയ്ത വീഡിയോകളും ചിത്രങ്ങളും നിറഞ്ഞതോടെ ‘ഇന്ത്യ തുറന്നിരിക്കുന്നു’ (ഇന്ത്യ ഓപ്പണ്‍) എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായി മാറുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആറ് മണിക്കാണ് ഭാരതബന്ദ് ആരംഭിച്ചത്. 40ഓളം കര്‍ഷകസംഘടനകളും 15 ട്രേഡ് യൂണിയനുകളും പ്രതിപക്ഷപാര്‍ട്ടികളും ഭാരതബന്ദില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണ്ണാടക, അസം, തെലുങ്കാന തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളില്‍ ജനജീവിതം സാധാരണായി തുടര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും പൊതുഗതാഗതത്തിന് തടസ്സമുണ്ടായില്ല. സര്‍ക്കാര്‍ ഓഫീസുകളും മാര്‍ക്കറ്റുകളും തുറന്നുപ്രവര്‍ത്തിച്ചു.
ട്വിറ്റര്‍ ഉപയോക്താക്കള്‍ അവരവരുടെ നഗരങ്ങളിലെ ചിത്രങ്ങളായിരുന്നു പങ്കുവെച്ചത്. ‘എന്റെ നഗരം പൂര്‍ണ്ണമായും തുറന്നിരുന്നു. സൂറത്ത് ഭാരത് ബന്ദിനെ പിന്തുണച്ചില്ല,’ ശുഭം പഥക് ട്വീറ്റ് ചെയ്തു.
‘സംയുക്ത കിസാന്‍ മോര്‍ച്ച പദ്ദതി പരാജയപ്പെട്ടു. ഇന്ന് രാജ്യം പൂര്‍ണ്ണമായും തുറന്നു. നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നിടത്ത് പോകാം, ആര്‍ക്കും നിങ്ങളെ തടയാനാവില്ല.,’ അമിത് സെന്‍ എന്ന ബ്ലോഗര്‍ ചെയ്ത ട്വീറ്റാണിത്.
‘ഇന്ത്യ അടഞ്ഞുകിടക്കുന്നില്ല… എല്ലാം ഇവിടെ സാധാരണനിലയിലാണ്,’- പ്രിന്‍സ് രാജ് ട്വീറ്റില്‍ പറയുന്നു.
ഭാരത് ബന്ദ് ഇന്ത്യയുടെ ധനകാര്യതലസ്ഥാനമായ മുംബൈയില്‍ കാര്യമായ ചലനമുണ്ടാക്കിയില്ലെന്ന് ഒരു പൊലീസ് ഒഫീസര്‍ പറഞ്ഞതായി പിടി ഐ വാര്‍ത്താ ഏജന്‍സി പറയുന്നു. അരുണാചല്‍പ്രദേശില്‍ പൊതുഗതാഗതം, ബാങ്കുകള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിച്ചു. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ സമരമൊന്നും ഉണ്ടായില്ല.
ദല്‍ഹിയില്‍ ഓട്ടോ, ടാക്സി യൂണിയനുകളും നിരവധി വ്യാപാരസംഘടനകളും ഭാരതബന്ദിന്റെ ഭാഗമായ പണിമുടക്കില്‍ പങ്കെടുത്തില്ല.
കാര്‍ഷികബില്ലിനെതിരായ അഖിലേന്ത്യാ ബന്ദ് പൊളിഞ്ഞെന്ന് വ്യാപാരികളുടെ അഖിലേന്ത്യ സംഘടന. രാജ്യത്തുടനീളം വിപണികള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സിഎ ഐടി) അഖിലേന്ത്യാപ്രസിഡന്റ് ബി.സി. ഭാര്‍തിയ പറഞ്ഞു.
വ്യാപാരികള്‍ക്ക് സമരത്തില്‍ പങ്കെടുക്കാന്‍ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ലെന്ന് സി എ ഐടി ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ഡേല്‍വാളും പറഞ്ഞു. കടുത്ത നിലപാടിലൂടെ ഒരു പ്രശ്നവും പരിഹരിക്കാന്‍ സാധിക്കില്ലെന്നും കര്‍ഷകരുടെ പ്രസ്ഥാനത്തിന് പ്രസക്തി നഷ്ടപ്പെട്ടുവെന്നും ഭാര്‍തിയയും ഖണ്ഡേല്‍വാളും പറഞ്ഞു.
തമിഴ്നാട്ടില്‍ ഭാരത ബന്ദ് പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കിയില്ല. പൊതുജനങ്ങളും അടച്ചിടലിനോട് സഹകരിച്ചില്ല. ചെന്നൈ, കോയമ്പത്തൂര്‍, മധുരൈ, ഈറോഡ്, സേലം, ട്രിച്ചി എന്നിവിടങ്ങളില്‍ മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. ഉത്തര്‍പ്രദേശിലും കര്‍ഷകബന്ദ് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. ലഖ്നോ, പ്രയാഗ് രാജ്, കാണ്‍പൂര്‍ നഗരങ്ങളില്‍ ജനജീവിതം സാധാരണനിലയിലായിരുന്നു. അസമില്‍ സമ്മിശ്രപ്രതികരണമായിരുന്നു. വാഹനഗതാഗതം നടന്നു. ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചു. തെലുങ്കാനയിലും ഭാരത് ബന്ദ് സമ്മിശ്രപ്രതികരണമായിരുന്നു. ഓട്ടോറിക്ഷകളും ടാക്സികളും ടിഎസ്ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങലും സാധാരണനിലയില്‍ ഓടി. കടകളും വാണിജ്യസ്ഥാപനങ്ങളുേം തുറന്നു പ്രവര്‍ത്തിച്ചു.
അതേ സമയം സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച ബന്ദില്‍ പഞ്ചാബ്, ഹരിയാന, കേരളം, ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. കോണ്‍ഗ്രസ്, സമാജ് വാദി പാര#്ട്ടി, രാഷ്ട്രീയ ജനതാ ദള്‍, ആം ആദ്മി പാര്‍ട്ടി, തെലുഗുദേശം പാര്‍ട്ടി, വൈ എസ് ആര് കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികള്‍ കര്‍ഷകസംഘടനകള്‍ ഉപരോധിച്ചത് മൂലം തലസ്ഥാനത്തും ഗതാഗതത്തെ ബാധിച്ചു. ഗുരുഗ്രാമില്‍ നിന്നും ദല്‍ഹിയിലേക്കുള്ള പാതയിലാണ് ഗതാഗത തടസ്സം രൂക്ഷമായി. വാഹനങ്ങള്‍ പരിശോധനയ്ക്ക് ശേഷം മാത്രമാണ് പൊലീസ് കടത്തിവിടുന്നത്. പഞ്ചാബിലും ഹരിയാനയിലും പ്രധാന ദേശീയപാതകള്‍ എല്ലാം ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: