356ാം ശ്ലോകം തുടര്‍ച്ച
നന്നായി ധ്യാനിക്കുന്നതിന് സാധകന് ചില ഗുണങ്ങളുണ്ടാകണം.
1. ശാന്തിഃ മനസ്സിനെ നിയന്ത്രിക്കല്‍. ഇന്ദ്രിയ വിഷയങ്ങളിലേക്ക് മനസ്സ് തോന്നിയപോലെ പോകാതെ അടക്കണം.
2. ദാന്തി: ഇന്ദ്രിയ നിയന്ത്രണം. പുറമെയുള്ള വിഷയങ്ങള്‍ മനസ്സില്‍ കടുക്കുന്നത് തടയാന്‍ ഇന്ദ്രിയങ്ങളെ ഒതുക്കുന്നത്.
3. പരം ഉപരതി: പുറം വിഷയങ്ങളില്‍ നിന്നും പൂര്‍ണ്ണമായും പിന് വലിയല്‍ .വിഷയ ഉപഭോഗ ചിന്തയെ വെടിയുന്നതാണിത്. ബാഹ്യമായ വിഷയങ്ങളെ അവലംബിക്കാതിരിക്കുകയും ചെയ്യുന്നു.
4. ക്ഷാന്തി: ക്ഷമ, സഹനശേഷി. ദുഃഖങ്ങളെ സഹിക്കുക. സുഖദുഃഖാദി ദ്വന്ദ്വങ്ങളെ വേണ്ട പോലെ സഹിക്കാനാവണം.
ഇങ്ങനെയുള്ള യോഗ്യതകള്‍ നേടിയ സാധകന് സമാധിയില്‍ സര്‍വ്വാത്മഭാവത്തെ നേടാന്‍ യത്നിക്കും. തന്റെ ഉള്ളിലുള്ള ആത്മാവു തന്നെ അല്ലെങ്കില്‍ താന്‍ തന്നെയാണ് എല്ലാമായിരിക്കുന്നത് എന്ന് ബോധ്യമാകുകയാണ് വേണ്ടത്. അങ്ങനെ ജ്ഞാനം നേടിയ ആളുടെ അജ്ഞാന തിമിരം നീങ്ങും. അദ്ദേഹം നിത്യ തൃപ്തനായി തീരും. ബ്രഹ്മാ കാരവൃത്തിയോട് കൂടിയ യോഗി ബ്രഹ്മം തന്നെയാകും.
ശ്ലോകം 357
സമാഹിതാ യേ പ്രവിലാപ്യ ബാഹ്യം
ശ്രോത്രാദി ചേതഃ സ്വമഹം ചിദാത്മനി
ത ഏവ മുക്താ ഭവപാശ ബന്ധൈഃ
നാന്യേ തു പാരോക്ഷ്യകഥാ ഭിധായിനഃ
പുറമെയുള്ളവയായ കാത് മുതലായ ഇന്ദ്രിയങ്ങളേയും ഉള്ളിലുള്ള മനസ്സിനേയും തന്റെ അഹങ്കാരത്തേയും ചൈതന്യ സ്വരൂപമായ ആത്മാവില്‍ ലയിപ്പിച്ച് സമാധി പ്രാപിക്കുന്നവര്‍ മാത്രമേ ജനന മരണ രൂപമായ സംസാര ബന്ധനങ്ങളില്‍ നിന്ന് മുക്തരാവുകയുള്ളൂ. അനുഭവമില്ലാത്ത വാക്കുകള്‍ പറയുന്നവര്‍ മുക്തരാവില്ല. അനുഭവിക്കുന്നവനേയും അനുഭവിക്കുന്ന വിഷയങ്ങളേയും കാണുന്നവനേയും കാണുന്ന വസ്തുക്കളേയും മുഴുവനായും ആത്മാവില്‍ ലയിപ്പിക്കണം. എന്നിട്ട് സമാധിയെ നേടിയാല്‍ മാത്രമേ സാധകന് സംസാര ദുഃഖങ്ങളില്‍ നിന്ന് എന്നെന്നേക്കും മുക്തനാവൂ.
സമാധിയെ നേടും വരെ ജീവന് ശരീരമനോബുദ്ധികളാകുന്ന ഉപാധികളില്‍ അഭിമാനിച്ച് സംസാരത്തില്‍ കുടുങ്ങും. ഇത് സ്ഥലകാലങ്ങളുടെ പരിമിതിയില്പെട്ട് വട്ടം കറങ്ങലാകും. ശരീരം മുതലായ ഉപാധികളുമായുള്ള താദാത്മ്യം നീങ്ങാന്‍ പരമാത്മാഭാവത്തിലേക്ക് ഉണരണം.
പരമാത്മാവിനെ അനുഭവമാകും വരെ ശ്രുതി വാക്യങ്ങള്‍ക്ക് വെറും വാക്കുകളുടെ വിലയേ ഉള്ളു. അനുഭവമില്ലാത്ത വാക്കുകള്‍ക്ക് വിലയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: