പഠന-ഗവേഷണങ്ങളുടെ പതിറ്റാണ്ടുകള്‍ താണ്ടിയ ജീവിതം കെ.കെ. വാമനന് എന്ന സത്യാന്വേഷിയുടെ മുഖമുദ്രയാണ്. കുട്ടനാട്ടിലെ മങ്കൊമ്പ് കുളങ്ങര മഠത്തില്‍ ജനനം. മങ്കൊമ്പ് അവിട്ടം തിരുനാള്‍ സ്കൂള്‍, എസ്ഡിവിഎച്ച്എസ് എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ആലപ്പുഴ എസ്ഡി കോളജില്‍നിന്ന് ബിഎസ്സി ഫിസിക്സ് പാസ്സായശേഷം എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍നിന്ന് ഗ്രാജ്യേറ്റ്ഷിപ്പ് ഓഫ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെലികമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് കോഴ്സ് പൂര്‍ത്തിയാക്കി. തൃപ്പൂണിത്തുറ സംസ്കൃത കോളജില്‍നിന്ന് ന്യായം ഐച്ഛിക വിഷയമായെടുത്ത് സംസ്കൃതത്തില്‍ എംഎ. തിരുവനന്തപുരം യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിലെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയില്‍ ‘തന്ത്ര ആന്‍ഡ് മോഡേണ്‍ സയന്‍സ്’ എന്ന വിഷയത്തില്‍ ഗവേഷണം. ഗൈഡായിരുന്നത് പ്രശസ്ത പണ്ഡിതന് ഡോ. കെ.രാഘവന് പിള്ള. ഇക്കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന ഡോ. കരണ്‍സിങ് ലൈബ്രറി സന്ദര്‍ശിച്ചതും, താളിയോലകള്‍ സൂക്ഷിച്ചിരിക്കുന്ന മോശം സ്ഥിതി കണ്ട് ഇത് ഗ്രന്ഥങ്ങളുടെ ശ്മശാനമായി തോന്നുന്നുവെന്ന് പറഞ്ഞതും വാമനന് ഇപ്പോഴും ഓര്‍ക്കുന്നു.
കോളജ് വിദ്യാഭ്യാസകാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായി. കാര്യവട്ടം കാമ്പസിലെ ഗവേഷണ കാലത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കെ.കെ. വാമനന്റെ ജീവിതത്തില്‍ അതൊരു വഴിത്തിരിവായിരുന്നു. ഒട്ടും വൈകാതെ ആര്‍എസ്എസ് പ്രചാരകനായി. ഭാരതീയ വിദ്യാനികേതനിലായിരുന്നു തുടക്കം. ഡോ. എന്‍.ഐ. നാരായണന്റെ മാര്‍ഗദര്‍ശനത്തില്‍ വിദ്യാനികേതന്റെ ആദ്യ പാഠ്യപദ്ധതിക്ക് രൂപം നല്കി. പിന്നീട് ആര്‍എസ്എസ് സംസ്ഥാന വിദ്യാര്‍ത്ഥി പ്രമുഖായി 12 വര്‍ഷം പ്രവര്‍ത്തിച്ചു. വീണ്ടും പഠന ഗവേഷണങ്ങളിലേക്ക് മടക്കം. ഇപ്പോള്‍ ആര്‍എസ്എസ് സംസ്ഥാന സമിതിയംഗം.
‘ഹിന്ദുതത്വചിന്തയും ആധുനിക ശാസ്ത്രവും’ എന്ന ലഘുഗ്രന്ഥം എഴുതി. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മലയാളത്തില്‍ അത് പുതിയൊരു തുടക്കമായിരുന്നു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ മുഖമാസികയായ ‘പ്രഗതി’യില്‍ ഗവേഷണ സ്വഭാവമുള്ള നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. തത്വചിന്ത, മതം, ആധുനിക ശാസ്ത്രം, ആത്മീയത, തന്ത്രശാസ്ത്രം, ആചാരാനുഷ്ഠാനങ്ങള്‍, ചരിത്രം, പുരാവ്സതുശാസ്ത്രം, നരവംശശാസ്ത്രം, രാഷ്ട്ര തന്ത്രം, സംസ്കാരം എന്നീ വിഷയങ്ങളില്‍ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ വായനക്കാര്‍ക്കു മുന്നില്‍ അറിവിന്റെയും ആധികാരികമായ വിവരങ്ങളുടെയും അനേകം വാതിലുകളാണ് ഒരേസമയം തുറന്നത്. 1989 ല്‍ ‘മാതൃഭൂമി’ വാരികയില്‍ ശ്രീചക്രത്തെക്കുറിച്ച് എഴുതിയ ലേഖനം വായനാലോകത്ത് വലിയ പ്രതികരണങ്ങളുണ്ടാക്കുകയും, പലതവണ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ജന്മഭൂമി, കേസരി, ഹിന്ദുവിശ്വ, പ്രബുദ്ധ കേരളം എന്നീ പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന ഈ മനീഷിയുമായുള്ള ദീര്‍ഘ സംഭാഷണം ചരിത്ര രചനയും സാംസ്കാരിക പഠനങ്ങളുമായി ബന്ധപ്പെട്ട് അക്കാദമിക് മേഖലയില്‍ നിലനില്‍ക്കുന്ന ധാരണകളിലും, സമൂഹത്തിന്റെ പൊതുബോധത്തിലും മൗലികമായ തിരുത്തലുകള്‍ ആവശ്യപ്പെടുന്നു.
?എഴുത്തിലും പ്രഭാഷണങ്ങളിലും സോഷ്യല്‍ ഡൈനാമിക്സ് എന്ന പരികല്‍പ്പനയാണ് താങ്കള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത്. പക്ഷേ വായനക്കാര്‍ക്ക് സുപരിചിതം സോഷ്യല്‍ എഞ്ചിനീയറിങ് എന്നതാണ്. ഇവ തമ്മിലുള്ള ബന്ധവും വ്യത്യാസവുമെന്താണ്?
ശരിയാണ്, സോഷ്യല്‍ എഞ്ചിനീയറിങ് എന്ന പ്രയോഗമാണ് ഏറെ പ്രചാരത്തിലുള്ളത്. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ വിദഗ്ദ്ധരുടെ സഹായത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രയോഗിക്കുന്ന തന്ത്രമാണല്ലോ സോഷ്യല്‍ എഞ്ചിനീയറിങ്. മതം, ജാതി, ഭാഷ, ഭൂപ്രദേശം എന്നിവയൊക്കെ ഇതിന്റെ പരിഗണനയില്‍ വരുന്നു. സോഷ്യല്‍ ഡൈനാമിക്സ് എന്നു പറയുമ്പോള്‍ അതിന്റെ വ്യാപ്തി വളരെ വലുതാണ്. ഒരു സമൂഹത്തിന്റെ ഉത്ഭവ വികാസ പരിണാമങ്ങള്‍, ഇവയ്ക്കു പിന്നിലെ ചാലകശക്തികള്‍ എന്നിവയുടെ അപഗ്രഥനമാണ് സോഷ്യല്‍ ഡൈനാമിക്സ്.
ഹിന്ദുസമൂഹത്തെ അപഗ്രഥിക്കാനാണ് താങ്കള്‍ ഈ രീതി അവലംബിച്ചു കാണുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു മുന്‍ഗണന?
ഹിന്ദു സമൂഹത്തെക്കുറിച്ച് സ്വദേശികളും വിദേശികളുമായ നിരവധി പേര് പഠനം നടത്തിയിട്ടുണ്ട്. ഇതിലൊന്നാണ് ബ്രിട്ടീഷ് പാര്ലമെന്റേറിയനായിരുന്ന ജോണ്‍ സ്റ്റാച്ചി എഴുതിയ ‘ഇന്ത്യ- ഇറ്റ്സ് അഡ്മിനിസ്ട്രേഷന് ആന്‍ഡ് പ്രോഗ്രസ്, 1888’ എന്ന പുസ്തകം. ഭാരതത്തിന്റെ ഐക്യത്തെ സമ്പൂര്‍ണമായി ചോദ്യം ചെയ്യുന്നതാണ് ഇതിന്റെ ഉള്ളടക്കം. ”ഇന്ത്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രഥമവും സുപ്രധാനവുമായ ഒരു കാര്യമുണ്ട്. അതിതാണ്. ഭൗതികമോ രാഷ്ട്രീയമോ സാമൂഹ്യമോ മതപരമോ ആയ ഒരു തരത്തിലുള്ള ഏകതയും ഇവിടെയില്ല. ഉണ്ടായിരുന്നുമില്ല. ഇന്ത്യ എന്നൊരു രാഷ്ട്രമേ ഇല്ല.”
ദേശരാഷ്ട്രം എന്ന തെറ്റിദ്ധാരണ
? ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും, ബ്രിട്ടീഷുകാരുടെ വരവിനുശേഷമാണ് അത് രാഷ്ട്രമായിത്തീര്ന്നതെന്നുമുള്ള ധാരണ വളരെ പ്രബലമാണല്ലോ. ബ്രിട്ടീഷുകാരുടെ പല ചെയ്തികളെയും എതിര്‍ക്കുന്ന ഇന്ത്യന്‍ ചരിത്രകാരന്മാരും ഈ കാഴ്ചപ്പാട് പിന്‍പറ്റുന്നവരാണ്. ഡോ. എം.ജി.എസ്. നാരായണനെപ്പോലുള്ളവരും ഈ വിഭാഗത്തില്‍പ്പെടുന്നു.
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യം പ്രസിദ്ധമാണല്ലോ. ഇന്ത്യ എന്ന ഒരു രാഷ്ട്രം ഇല്ലായിരുന്നുവെന്നും, പാശ്ചാത്യാധിപത്യത്തിന്റെ പരിണതഫലമാണ് പില്ക്കാലത്തെ ഇന്ത്യയെന്നും വാദിക്കുന്നവരുണ്ട്. ഇവിടെ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം. ആധുനിക ദേശരാഷ്ട്രങ്ങള്‍ (Nation State) ആധുനിക രാഷ്ടീയ ശക്തികളുടെ സന്തതികളാണ്. പാശ്ചാത്യ സമൂഹങ്ങളും തുടക്കത്തില്‍ ദേശരാഷ്ട്രങ്ങളായി രൂപപ്പെട്ടിരുന്നില്ല. ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
എന്നാല്‍ ഇന്ത്യയെ ഒരൊറ്റ ഭൗമസത്തയായി സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ഇവിടുത്തെ അടിസ്ഥാന സമൂഹമായ ഹിന്ദുക്കള്‍ കരുതിയിരുന്നു. ഇത് ശരിവയ്ക്കുന്ന ചരിത്രപരവും സാംസ്കാരികവുമായ നിരവധി യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഹിമവാനും സാഗരത്തിനുമിടയിലുള്ള പ്രദേശം ഭരതനെന്ന രാജാവിന്റെ പിന്മുറക്കാരുടെതാണെന്ന വിഷ്ണു പുരാണത്തിലെ പരാമര്‍ശം ശ്രദ്ധേയമാണ്. ഇതിലും പ്രാധാന്യമര്‍ഹിക്കുന്നത് പ്രാചീന സാഹിത്യത്തില്‍ എടുത്തുപറഞ്ഞു കാണുന്ന ചക്രവര്‍ത്തി ക്ഷേത്രം എന്ന പദവും ആശയവുമാണ്. ഇന്ത്യയെന്ന പ്രദേശത്തിനു തന്നെയാണല്ലോ ഈ വിശേഷണം ചേരുക. പ്രാവര്‍ത്തികമാക്കാന്‍ എപ്പോഴും കഴിഞ്ഞിരുന്നില്ലെങ്കിലും രാഷ്ടീയമായ ഏകതാബോധവും പണ്ടേ ഉണ്ടായിരുന്നു. ഇവിടെ പ്രശ്നം നിര്വചനത്തിന്റേതാണ്. രാഷ്ട്രവും ദേശരാഷ്ട്രവും ഒന്നല്ല. കേവലം രാഷ്ട്രീയമായ ശക്തികളുടെ ഉല്‍പ്പന്നമല്ല രാഷ്ട്രം.
1962 ല്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കം ഉണ്ടായപ്പോള്‍ ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായിക്ക് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അയച്ച കത്തില്‍ നമ്മുടെ വടക്കെ അതിര്‍ത്തി ഹിമാലയമാണ് എന്നു തെളിയിക്കാന്‍ ഋഗ്വേദം, കേനോപനിഷത്ത്, മഹാഭാരതം, അര്‍ത്ഥശാസ്ത്രം, രഘുവംശം, കുമാരസംഭവം എന്നിവയ്ക്കൊപ്പം വിഷ്ണുപുരാണത്തിലെ സൂചനയും നല്‍കുന്നുണ്ട്. ഓരോ രാഷ്ട്രവും ഇതര രാഷ്ട്രങ്ങളില്‍നിന്നും വ്യത്യസ്തമായിരിക്കുമെന്നും, എല്ലാ രാഷ്ട്രവും ജനിച്ചതും രൂപപ്പെട്ടതും അനുപമമായ തരത്തിലാണെന്നും മാര്‍ക്സിയന്‍ പണ്ഡിതനായ എ. ആര്. ദേശായിപോലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമൂഹ്യ-സാംസ്കാരിക ചരിത്രങ്ങള്‍, രാഷ്ടീയ-ചരിത്ര-സാംസ്കാരിക- സാമൂഹ്യ ഘടനകള്‍, സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ മാനസികവും സാമ്പത്തികവുമായ സ്വഭാവ സവിശേഷതകള്‍ എന്നിവയാണ് രാഷ്ട്ര രൂപീകരണത്തിന് നിയാമകങ്ങളാകുന്നതെന്നു സര്‍ദേശായി വിശദീകരിക്കുന്നു. രാഷ്ട്രം എന്നത് സാമൂഹ്യ പരിണാമത്തിലെ അനിഷേധ്യമായ ഒരു ഘട്ടമാണെന്നും, ആ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാതെ ഒരു ശരിയായ മാര്‍ക്സിസ്റ്റിനു മുന്നോട്ടു പോകാനാവില്ലെന്നും സര്‍ദേശായി പറയുന്നുണ്ട്.
? ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തെ ചരിത്രപരമായി എങ്ങനെയാണ് വിശദീകരിക്കാനാവുക?
ആഫ്രിക്കാ ഭൂഖണ്ഡത്തിലെ ഗോത്രവര്‍ഗങ്ങള്‍ ചേര്‍ന്ന് ഇന്നും ഒരു രാഷ്ട്രമായിട്ടില്ല. നിരവധി ഗോത്രങ്ങളും രാജ്യങ്ങളുമായി തുടരുകയാണ്. ഗോത്ര വര്‍ഗങ്ങള്‍ തമ്മിലെ കിടമത്സരങ്ങള്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കിഴക്കന്‍ യൂറോപ്പിലും വടക്കനേഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന പഴയ കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. സെമിറ്റിക് മതങ്ങള്‍ക്ക് അവയെ ഒന്നാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഭാരതത്തിലാവട്ടെ സഹജവും ആന്തരികവുമായ ഏകാത്മകതയാണ് ഹിന്ദുക്കളെ ഒരു സമൂഹവും രാഷ്ട്രവുമായി നിലനിര്‍ത്തുന്നത്. ഭാരതീയ സമൂഹത്തിന്റെ സവിശേഷ സ്വഭാവത്തിന് തെളിവാണിത്. ഇതര സമൂഹങ്ങളുടെ തനിമ രൂപപ്പെട്ടതും നിലനിന്നതും പ്രധാനമായും ഭൗതികതയിലൂന്നിയ ഈശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും അടിസ്ഥാനത്തിലാണ്. സെമിറ്റിക് മതവാദമായാലും ശാസ്ത്രീയ ഭൗതികവാദമായാലും കമ്യൂണിസമായാലും മുതലാളിത്തമായാലും അവയിലൊന്നും തന്നെ ഏകാത്മകത എന്ന ആശയത്തിനോ അനുഭൂതിക്കോ ഇടമില്ല. ഈശ്വരനും മനുഷ്യനും തമ്മിലോ മനുഷ്യനും മനുഷ്യനും തമ്മിലോ മനുഷ്യനും മറ്റ് ജീവജാലങ്ങളും പ്രകൃതിയും തമ്മിലോ ഒരു ആത്മബന്ധവും അവ അനുവദിക്കുന്നില്ല. യന്ത്രവും യന്ത്രഭാഗങ്ങളുമെന്നപോലെ എല്ലാം പരസ്പരം വ്യതിരിക്തങ്ങളാണ്. ഒന്നിനും ആന്തരികമായ പൊതു അടിസ്ഥാനമില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ ഫലമായുള്ള താല്‍ക്കാലിക കൂടിച്ചേരലുകള്‍ മാത്രം. ഏകാത്മകതയെ സങ്കല്പ്പിക്കാന് പോലുമാവില്ല.
ഇതില്‍നിന്നും തികച്ചും വ്യത്യസ്തമായാണ് ഹിന്ദുക്കളുടെ സമൂഹ/രാഷ്ട്ര രൂപീകരണ പ്രക്രിയ ഇവിടെ നടന്നത്. ഹിന്ദുഭൂമിയുടെ ഭൗതിക സവിശേഷത, ഒരേ ഭൂപ്രദേശത്ത് സഹസ്രാബ്ദങ്ങളായി ഒരുമിച്ചുള്ള വാസം, ആധ്യാത്മികതയുടെ ഉള്‍ക്കൊള്ളല്‍ എന്നിവയാണ് ഈ പ്രക്രിയയെ സഹായിച്ച മൂന്ന് ഘടകങ്ങള്‍.
വംശവിഭജനത്തില് വാസ്തവമില്ല
? ഇന്ത്യ എന്ന രാഷ്ട്രത്തിലെ അടിസ്ഥാന ജനവിഭാഗമായി താങ്കള്‍ കാണുന്നത് ഹിന്ദുക്കളെയാണ്. പക്ഷേ ഹിന്ദു എന്ന വാക്കുപോലും വിദേശികള്‍ നല്‍കിയതാണെന്ന് ആക്ഷേപിക്കുന്നവരുണ്ട്.
ഭരതന് എന്ന വ്യക്തിയുടെ മുന്‍പും ഈ നാടും സമൂഹവും ഉണ്ടായിരുന്നു. അപ്പോള്‍ ഭാരതം എന്ന പേര് ഒരു പ്രത്യേക കാലഘട്ടം തൊട്ട് ഭരതന് എന്ന ചക്രവര്‍ത്തി ഭരിച്ച ഭൂമിക്ക് കൈവന്നു എന്നു പറയാം. ഹിന്ദു എന്ന പേരാകട്ടെ സിന്ധു എന്ന നദിയുടെ തെക്കുഭാഗത്ത് ആസേതു ഹിമാചലം തലമുറകളായി കഴിഞ്ഞുപോരുന്ന ജനതയ്ക്ക് പൊതുവായി പില്ക്കാലത്ത് മറ്റുള്ളവര്‍ ഇട്ടതാണ്. ഇതില്‍ ഭരതനും ഭരതന്റെ സാമ്രാജ്യവും ഉള്‍പ്പെടും. ഇതിനാല്‍ ഹിന്ദു എന്ന പേരാണ് കൂടുതല്‍ ചേരുക. യഥാര്‍ത്ഥത്തില്‍ ഹിന്ദു എന്ന പേരില്‍ നിന്നാണ് ഇന്ത്യ (ഹിന്ദ്-ഇന്‍ഡ്-ഇന്ത്യ)എന്ന പേരുണ്ടായത്. പണ്ടുകാലത്ത് ഇവിടെ നിന്ന് ചൈനയിലേക്ക് കുടിയേറിപ്പാര്‍ത്തവരെ ഇന്നും അറിയപ്പെടുന്നത് ഷിന്റുക്കള് എന്നാണ്. പേര്‍ഷ്യക്കാര്‍ മാത്രമല്ല, ജൂതരും അറബികളും നമ്മെ ഹിന്ദു എന്നാണ് വിളിച്ചുപോന്നത്. കാറല്‍മാര്‍ക്സും ഈ പേരു തന്നെ ഉപയോഗിച്ചു.
? ഹിന്ദുക്കള്‍ ഒരുകാലത്തും ഒരൊറ്റ ജനതയായിരുന്നിട്ടില്ല എന്നാണ് പാശ്ചാത്യ പണ്ഡിതന്മാര് വളരെ ശക്തമായിത്തന്നെ വാദിച്ചുപോന്നിട്ടുള്ളത്. ഇതിന് ഉപോല്‍ബലകമായ നിരവധി തെളിവുകളും അവര്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. ഇപ്പോഴും അക്കാദമിക് രംഗത്ത് ഇത് ചെലുത്തുന്ന സ്വാധീനം അവഗണിക്കാനാവില്ല.
വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളായി കണ്ടും, അവയെ പര്‍വതീകരിച്ചും, അന്തര്‍ഗതമായ ഏകാത്മകതയെ തിരസ്കരിച്ചുകൊണ്ടുമുള്ള പഠനങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്. ഒരു സമൂഹത്തിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകള്‍, അവരുടെ ഭാഷ എന്നിവയെ ഉച്ചനീചത്വ വംശസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ പുരാവസ്തു ശാസ്ത്രവുമായും ചരിത്രവുമായും ബന്ധിപ്പിച്ച് അവരുടെ ഭൂതകാലത്തെ വിലയിരുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്ന പഠന മാതൃകയാണ് ഇവിടെ നിര്‍ബന്ധ ബുദ്ധിയോടെ സ്വീകരിച്ചുപോന്നിട്ടുള്ളത്. ഈ ആധുനിക കാലത്തും ഇന്ത്യക്കാരെയും അവരുടെ ഭാഷകളെയും തരംതിരിക്കാനുള്ള വിവിധ ചട്ടക്കൂടുകളും തയ്യാറാക്കിയിട്ടുണ്ട്. ഒരു ചരിത്ര-പുരാവസ്തു ശാസ്ത്ര വിദ്യാര്‍ത്ഥിക്ക് അവഗണിക്കാന്‍ കഴിയാത്തത്ര അളവില്‍ ഈ ഉപഭൂഖണ്ഡത്തെക്കുറിച്ച് മാത്രമായുള്ള അത്തരം പഠനങ്ങള്‍ കുന്നുകൂടിയിരിക്കുന്നു.
ഹിന്ദുക്കളെ ഭിന്നിപ്പിച്ചു ഭരിക്കുവാന്‍ ബ്രിട്ടീഷുകാര്‍ അവലംബിച്ച ഉപായങ്ങളിലൊന്നായിരുന്നു ശരീരത്തിന്റെ വര്‍ണം, ആകൃതി എന്നിവയെ അടിസ്ഥാനമാക്കി മനുഷ്യരെ പല വംശങ്ങളാക്കി വിഭജിക്കുക എന്നത്. എച്ച്. എച്ച്. റിസ്ലേ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഇതിന്റെ ഉപജ്ഞാതാവ്. 1901 ല്‍ ഇന്ത്യന്‍ സെന്‍സസുമായി ബന്ധപ്പെട്ട് റിസ്ലേ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ‘കാസ്റ്റ് ട്രൈബ് ആന്‍ഡ് റെയ്സ്’ എന്ന ഇതിലെ ഒരു അധ്യായത്തില്‍ ഹിന്ദു സമൂഹത്തിന്റെ ഘടന വിവരിക്കുന്നുണ്ട്. അതനുസരിച്ച് ഹിന്ദുക്കള്‍ ഏഴ് വര്ഗങ്ങളില്പ്പെടുന്നു. ടര്‍ക്കോ-ഇറാനിയന്‍, ഇന്തോ-ആര്യന്, സ്കിഥോ-ദ്രവീഡിയന്‍, ആര്യോ-ദ്രവീഡിയന്‍, മംഗോളോ-ദ്രവീഡിയന്‍, മംഗോളോയ്ഡ് ദ്രവീഡിയന്‍ എന്നിവയാണിത്
.
ഈ വംശങ്ങളില്‍ പലതിന്റെയും പൊതുഘടകങ്ങളായി ആര്യന് വരുന്നത് കാണാം. ആര്യനാക്രമണ സിദ്ധാന്തം ഒരു സിദ്ധാന്തമായല്ല, നടന്ന സംഭവമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇത് ശരിവയ്ക്കപ്പെടുന്ന പഠനങ്ങള്‍ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
സിന്ധു-സരസ്വതീ നാഗരികത കണ്ടെത്തുന്നതിനു മുന്‍പ് പാശ്ചാത്യര്‍ എഴുതിയ നമ്മുടെ ചരിത്രം തുടങ്ങുന്നത് ആര്യന്മാരുടെ വരവോടെയാണ്. മധ്യേഷ്യയിലെവിടെ നിന്നോ വന്ന അവരില്‍ ഒരു വിഭാഗം ജര്‍മനി-ഇംഗ്ലണ്ട് എന്നിവിടങ്ങളിലും, മറ്റൊരു വിഭാഗം ഹിന്ദുക്കുഷ് പര്‍വതനിര കടന്ന് ഭാരതത്തിലും വാസമുറപ്പിച്ചുവത്രേ. വടക്കു-പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന ദ്രാവിഡരെ യുദ്ധത്തില്‍ തോല്‍പ്പിച്ച് തെക്കോട്ടോടിച്ചു. പ്രസിദ്ധ ഇന്‍ഡോളജിസ്റ്റും ഫിസിസിസ്റ്റുമായിരുന്ന ഡോ. തോമസ് യങ് ഇന്‍ഡോ-യൂറോപ്യന്‍ എന്ന സങ്കരപദം ഉണ്ടാക്കി പ്രചരിപ്പിച്ചു. ജര്‍മന്‍ ഭാഷാ ശാസ്ത്രജ്ഞനായിരുന്ന ക്ലാപ്പോത്ത് വ്യക്തമായ വംശലക്ഷണങ്ങളുള്ക്കൊള്ളുന്ന ഒരു ഭാഷാ ഗ്രൂപ്പ് എന്ന അര്‍ത്ഥത്തില്‍ ഇന്‍ഡോ-ജര്മനിക് എന്ന പദവും പ്രയോഗിച്ചു. ഇത് പാശ്ചാത്യരുടെയും ഇന്ത്യക്കാരുടെയും പൊതു പൂര്‍വ്വികര്‍ ആര്യന്മാരായിരുന്നു എന്നു വിശ്വസിക്കാന്‍ നിര്‍ബന്ധിതരാക്കി എന്നാണ് ഡോ. എസ്.എന്‍.സദാശിവന് ‘എ സോഷ്യല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത്. നല്ലയിനം സോമലത തേടി അങ്ങു വടക്കുനിന്നും ആര്യന്മാര് ഘട്ടം ഘട്ടമായെത്തിയ സഞ്ചാരപഥം പോലും ഫ്രിറ്റ്സ് സ്റ്റാള്‍ എന്ന വിദേശ പണ്ഡിതന് വരച്ചുവച്ചിട്ടുണ്ട്!
? അയഥാര്‍ത്ഥമായ ഒരു സിദ്ധാന്തത്തിന് ഇത്രയേറെ സാധുത ലഭിക്കാനും സ്വാധീനം ചെലുത്താനും കഴിഞ്ഞത് എന്തുകൊണ്ടാണ്? ഇന്നും ചരിത്രകാരന്മാരില് ഭൂരിപക്ഷവും ഇന്ത്യാ ചരിത്രത്തെ വ്യാഖ്യാനിക്കുന്നത് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ്.
ഒരു ആര്യനാക്രമണ സിദ്ധാന്തം മാത്രം അവതരിപ്പിച്ച് തൃപ്തിപ്പെടുകയല്ല ബ്രിട്ടീഷ്-ജര്‍മന്‍ പണ്ഡിതര്‍ ചെയ്തത്. അതിവിപുലമായ ഈ ഗൂഢാലോചനയുടെ ആഴവും വ്യാപ്തിയും പരിശോധിക്കുമ്പോള്‍ ഈ സിദ്ധാന്തം ഇന്നും സ്വാധീനം ചെലുത്തുന്നതില്‍ അദ്ഭുതപ്പെടാനില്ല. ഒരു ജനതയെ വരുതിയിലാക്കാന്‍ അവരുടെ ചിന്തയേയും, ചരിത്രത്തോടും സംസ്കാരത്തോടുമുള്ള സമീപനങ്ങളേയും നിയന്ത്രണത്തിലാക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കപ്പെട്ടത്.
ഹിന്ദുജനതയെ വംശീയമായി വേര്‍തിരിച്ചതിനു പുറമെ ഭാഷാപരമായും അശാസ്ത്രീയമായ വിഭജനം നടത്തി. ഏഷ്യാറ്റിക് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന സര് വില്യംസ് ജോണ്‍സ് ഒരു പുതിയ കാഴ്ചപ്പാട് മുന്നോട്ടുവച്ചു. ഗ്രീക്ക്, ഗോഥിക്, ലാറ്റിന്‍, കെല്‍ടിക്ക്, പഴയ പേര്‍ഷ്യന്‍, സംസ്കൃതം എന്നിവ ഒരേ ഭാഷാ കുടുംബത്തില്പ്പെട്ടതാണന്നും സ്ഥാപിച്ചു. ഈ ഭാഷകള്‍ സംസാരിക്കുന്ന സമൂഹങ്ങള്‍ക്കെല്ലാം ഒരു പൊതു ഉറവിടം ഉണ്ടെന്ന ചിന്തയ്ക്ക് ആക്കം കൂടി. ലോകത്തെ ഭാഷകളെ ഇന്‍ഡോ-യൂറോപ്യനും അല്ലാത്തതും എന്നിങ്ങനെ രണ്ടായി വിഭജിച്ചു. ഇംഗ്ലീഷ്, ജര്‍മന്‍ മുതലായ പാശ്ചാത്യ ഭാഷകള്‍, സംസ്കൃതം എന്നിവയിലെ ചില സാദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു സാങ്കല്പിക ഭാഷ ഉണ്ടാക്കി. ഇതാണ് ഹിന്ദുക്കളുടെയും പാശ്ചാത്യരുടെയും പൊതു പൂര്‍വികരായ ആര്യന്മാരുടെ ഭാഷ എന്നും പ്രചരിപ്പിച്ചു. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം മുതലായവ ഇതനുസരിച്ച് ദ്രാവിഡ ഭാഷകളാണെന്നും നിശ്ചയിച്ചു. ബിഷപ്പ് കാഡ്വല്‍ ഈ തരംതിരിക്കലിന്റെ ശക്തനായ വക്താവായിരുന്നു. ‘എ കംപാരറ്റീവ് ഗ്രാമര്‍ ഓഫ് ദ്രവീഡിയന്‍ ലാംഗ്വേജസ്’ എന്ന പുസ്തകത്തിലൂടെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തി. മാക്സ്മുള്ളര്‍, മോണിയര്‍ വില്യംസ്, സര് വില്യംസ് ജോണ്‍സ്, ജെയിംസ് മില്‍ തുടങ്ങിയവരും ഇക്കാര്യത്തില്‍ ‘വലിയ സംഭാവനകള്‍’ നല്കിയവരാണ്.
ബ്രിട്ടീഷ്-ജര്‍മന്‍ ഗൂഢപദ്ധതി.
ഇന്ത്യയെ അടക്കിഭരിക്കുക എന്ന ഉദ്ദേശ്യം മാത്രമാണോ ഇതിനു പിന്നിലുണ്ടായിരുന്നത്? ഒരിക്കല്‍പ്പോലും ഇന്ത്യയില്‍ വരാതെ നീണ്ട 20 വര്‍ഷമാണ് മാക്സ്മുള്ളര്‍ ഋഗ്വേദത്തിനുമേല് അടയിരുന്നത്. ഭരണാധികാരവുമായി മാത്രമാണോ ഇതിനെ ബന്ധപ്പെടുത്താനാവുക? ആധുനിക കാലത്തും പണ്ഡിതന്മാരുടെ മനസ്സില്‍ മാക്സ്മുള്ളര്‍ക്ക് മഹത്തായ സ്ഥാനമാണുള്ളത്.
ബ്രിട്ടീഷ് ഭരണാധികാരികളുടെ മുന്നില്‍ മറ്റൊരു പ്രശ്നവും ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരായി ഇവിടേക്കു വരുന്ന വെള്ളക്കാരില്‍, മഹിതമായ ഹിന്ദു പാരമ്പര്യത്തില്‍ അദ്ഭുതം പൂണ്ട് ഒരുതരം അപകര്‍ഷതാ ഭാവം ഉടലെടുക്കാന്‍ തുടങ്ങി. പാശ്ചാത്യരായ ഉദ്യോഗസ്ഥരില്‍ വെറുപ്പുളവാക്കാനും, പാശ്ചാത്യ സംസ്കാരമാണ് മഹത്തരം എന്ന തോന്നലുളവാക്കാനുമായി ഹിന്ദു ചരിത്രത്തെയും സംസ്കാരത്തെയും വികലമായി അവതരിപ്പിക്കാനുള്ള ശ്രമം ബ്രിട്ടീഷ് ഭരണത്തിന്റെ കുഴലൂത്തുകാരായി മാറിയ പണ്ഡിതന്മാരിലൂടെ അവര്‍ ആരംഭിച്ചു.
മതപരിവര്‍ത്തനത്തിനായി ഭാരതത്തിലെത്തിയ ക്രൈസ്തവ പാതിരിമാര്‍ക്കും ഭാരതീയ സംസ്കാരത്തെ ഇകഴ്ത്തിക്കാട്ടേണ്ടത് ആവശ്യമായിരുന്നു. ഇതിനായി പണ്ഡിതന്മാരുടെ ഒരു നിരയെത്തന്നെ സജ്ജരാക്കി. ഇവര്‍ ഹിന്ദു പാരമ്പര്യത്തെയും സമൂഹത്തെയും ലോകത്തിനു മുന്നിലും ഇന്നാട്ടുകാരുടെ മുന്നിലും എല്ലാത്തരത്തിലും താറടിച്ചു കാണിക്കാന്‍ തുടങ്ങി. ഇതിലൊരാള്‍ മാക്സ്മുള്ളര്‍ ആയിരുന്നു. ഇന്ത്യയിലെ കാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിക്ക് എഴുതിയത് വായിക്കുന്നവര്‍ക്ക് മാക്സ്മുള്ളറുടെ മനസ്സറിയാം. ”ഇന്ത്യയുടെ പ്രാചീന മതം നാശത്തിലേക്ക് നീങ്ങുകയാണ്. ആ ശൂന്യത നികത്താന്‍ ക്രിസ്തുമതം മുന്നോട്ടുവന്നില്ലെങ്കില്‍ അതാരുടെ കുറ്റമാണ്?” ഇങ്ങനെയാണ് മുള്ളര്‍ ചോദിക്കുന്നത്. ”എന്നാണോ കുരിശിന്റെ പടയാളി, ബ്രാഹ്മണിസത്തിന്റെ അതായത് ഹിന്ദുയിസത്തിന്റെ ശക്തിദുര്‍ഗങ്ങളെ വളഞ്ഞ് കീഴ്പ്പെടുത്തി വരുതിയിലാക്കുന്നത് അന്ന് ക്രിസ്തുമതത്തിന്റെ വിജയം പൂര്‍ണമാവും” എന്നാണ് മോണിയര്‍ വില്യംസ് എഴുതുന്നത്. ”ഭാരതീയരെ സംസ്കാര സമ്പന്നരാക്കാനും ക്രൈസ്തവവല്ക്കരിക്കാനുമുള്ള ലക്ഷ്യത്തില്‍ ഒരേ മഹത്തായ (ആര്യന്) കുടുംബത്തില്‍പ്പെട്ട അംഗങ്ങളുടെ ഒരു പുനഃസമാഗമമായി വേണം ഭാരതത്തെ ബ്രിട്ടീഷുകാര്‍ കീഴടക്കി ഭരിക്കുന്നതിനെ കാണേണ്ടത്” എന്നായിരുന്നു ഇന്‍ഡോളജിസ്റ്റും റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ സെക്രട്ടറിയുമായിരുന്ന എച്ച്.എച്ച്. വില്‍സണ്‍ അഭിപ്രായപ്പെട്ടത്.
? സാംസ്കാരികമായ ഈ ഗൂഢപദ്ധതിയില്‍ തദ്ദേശീയരായ പല പണ്ഡിതന്മാരും പങ്കാളികളായിരുന്നിട്ടുണ്ട്. അതും കാണാതെ പോകരുതല്ലോ.
ഹിന്ദുതത്വചിന്ത അശാസ്ത്രീയമാണെന്നത് ഹിന്ദുക്കളെ ബോധ്യപ്പെടുത്തണമെങ്കില്‍ അവരുടെ ഇടയില്‍ത്തന്നെയുള്ള ബ്രാഹ്മണരെ ഉപയോഗിക്കണം എന്നു മനസ്സിലാക്കിയ ക്രൈസ്തവ മിഷണറിമാര്‍ ബ്രാഹ്മണരെ പാട്ടിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഈ കെണിയില്‍ വീണവരാണ് നെഹെമിയ നീലകണ്ഠശാസ്ത്രി ഗോറെ, പ്രൊഫ. കെ.എം. ബാനര്‍ജി തുടങ്ങിയവര്‍. ഇവര്‍ ഹിന്ദു തത്വചിന്തയെ താഴ്ത്തിക്കെട്ടുന്ന പുസ്തകങ്ങള്‍ എഴുതി. ‘ഭാരതീയ ദര്‍ശനങ്ങള്‍’ എന്ന തന്റെ പുസ്തകത്തില്‍ ഹിന്ദു ദര്‍ശനങ്ങളെ വിമര്‍ശിക്കാന്‍ സി.വി. വാസുദേവ ഭട്ടതിരി, ഗോറെയുടെ പുസ്തകത്തെ ഉപയോഗിച്ചിട്ടുള്ളത് കാണാം.
? ആര്യനാക്രമണ സിദ്ധാന്തത്തെയും ശരിവയ്ക്കുന്ന ഭാരതീയ പണ്ഡിതന്മാര് ഉണ്ടല്ലോ. ഈ സിദ്ധാന്തം പ്രബലമായ സ്വാധീനം നേടിയതില്‍ ഇതും ഒരു കാരണമായിരുന്നില്ലേ!
ബാലഗംഗാധര തിലകന് തന്റെ ‘ഓറിയണ്‍’ എന്ന കൃതിയില്‍ ഹിന്ദുക്കളും പാഴ്സികളും ഗ്രീക്കുകാരും ആര്യന്മാരിലെ തന്നെ മൂന്നു വിഭാഗങ്ങള്‍ ആണെന്ന് പറയുന്നു. ‘എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി’ എഴുതിയ സുരേന്ദ്രനാഥ് ദാസ്ഗുപ്ത, ‘ഇന്ത്യന്‍ ഫിലോസഫി’ രചിച്ച ഡോ.എസ്. രാധാകൃഷ്ണന്, ‘ആന്‍ ഔട്ട്ലൈന് ഓഫ് ഇന്ത്യന്‍ ഫിലോസഫി’ രചിച്ച പ്രൊഫ.ഹിരിയണ്ണ മുതലായ പണ്ഡിതന്മാരും തങ്ങളുടെ കൃതികളില്‍ ആര്യ-ദ്രാവിഡ വാദത്തെ ഉള്‍ക്കൊണ്ടിരുന്നു. പി.ടി. ശ്രീനിവാസ് അയ്യങ്കാരുടെയും മറ്റും ചരിത്ര പുസ്തകങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു.
ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോയ ശേഷം ഈ സാങ്കല്‍പ്പിക കഥകള്‍ക്ക് അക്കാദമിക് തലത്തിലും മറ്റും തുടര്‍ന്നും സ്വീകാര്യത ലഭിക്കാന്‍ അകമഴിഞ്ഞ് ശ്രമിച്ചത് ഇടതുപക്ഷ സഹയാത്രികരായ പണ്ഡിതന്മാരാണ്. അവര്‍ ഈ കള്ളക്കഥകളെ മാര്‍ക്സിയന്‍ രീതിശാസ്ത്രം ഉപയോഗിച്ച് പുനരാഖ്യാനം ചെയ്തു. ദേവീപ്രസാദ് ചതോപാധ്യായയാണ് മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍ ഹിന്ദു ചരിത്രം, തത്വചിന്ത തുടങ്ങിയവയെ വിലയിരുത്തുന്നതില്‍ മാര്‍ക്സിറ്റുകള്‍ക്ക് വഴികാട്ടിയായതെന്നു പറയാം. ഭാരതീയ ഭൗതികവാദത്തെക്കുറിച്ച് ജര്‍മന്‍ ഇന്‍ഡോളജിസ്റ്റായ വാള്‍ട്ടര്‍ റൂബെന്‍ നടത്തിയ പഠനങ്ങളാണ് ചതോപാധ്യായയെ സ്വാധീനിച്ചത്. മലയാളിയും മാര്‍ക്സിസ്റ്റ് ചിന്തകനുമായിരുന്ന കെ. ദാമോദരന്‍ പക്ഷേ ഈ ആര്യനാക്രമണവാദം ബ്രിട്ടീഷ് ഭരണത്തെ ന്യായീകരിക്കാന്‍ മെനഞ്ഞ കള്ളക്കഥയാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.
ഹിന്ദുപാരമ്പര്യത്തെ വികലമായി ചിത്രീകരിക്കാനും, ഹിന്ദുക്കളില്‍ അന്തഃച്ഛിദ്രം സൃഷ്ടിക്കാനും ഉപകരിച്ച ആര്യനാക്രമണ സിദ്ധാന്തം ആര്‍ക്കിയോളജി, ആന്ത്രോപോളജി, സോഷ്യോളജി, ജെനറ്റിക്സ് എന്നിവ മുന്നോട്ടുവയ്ക്കുന്ന തെളിവുകളുടെ വെളിച്ചത്തില്‍ തികഞ്ഞ കെട്ടുകഥയാണെന്ന് തെളിഞ്ഞ് മുഖ്യധാരാ പണ്ഡിതലോകം ഇന്ന് തള്ളിക്കളഞ്ഞിരിക്കുകയാണ്. എന്നാല്‍ ഈ കല്ലുവച്ച നുണയെ നിലനിര്‍ത്താന്‍ മറ്റെല്ലാ വഴികളും പരാജയപ്പെട്ട നിലയ്ക്ക് ഇതിന്റെ വക്കാലത്തുകാര് ഇന്നും ജനിതക ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നതു കാണാം. ഇതിന് തെളിവാണ് മാധ്യമ പ്രവര്‍ത്തകനായ ടോണി ജോസഫിന്റെ ‘ഇന്ത്യന്‍സ്: സ്റ്റോറി ഓഫ് അവര്‍ ആന്‍സസ്റ്റേഴ്സ് ആന്‍ഡ് വെയര്‍ വി കം ഫ്രം’ (2018) തുടങ്ങിയ പുസ്തകങ്ങളും, എ.എം. ഷിനാസിന്റെ ‘ആര്യനാക്രമണം: അധിനിവേശമോ കുടിയേറ്റമോ? (മാതൃഭൂമി 2019)പോലുള്ള ലേഖനങ്ങളും.
ചാതുര്‍വര്‍ണ്യം സര്‍വവ്യാപിയല്ല
?ആര്യനാക്രമണ വാദത്തെ എതിര്‍ക്കുന്ന പലരും ആര്യന് വാദത്തെ അംഗീകരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന രീതിയുണ്ടല്ലോ. ഇതും ഹിന്ദു ജനതയെ ഒന്നായി കാണുന്നതിനെതിരല്ലേ?
ഇതിന് കാരണങ്ങളുണ്ട്. സ്വാതന്ത്ര്യം കിട്ടിയതിനുശേഷവും വിപുലമായ പുരാവസ്തു ഗവേഷണം ഭാരതത്തില്‍ നടത്തിയിട്ടില്ല. അതിനാല്‍ നമ്മുടെ പൂര്‍വചരിത്രത്തെ അസന്ദിഗ്ധമായി അറിയാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പുരാതന ഭാരതത്തെ നോക്കിക്കാണാനുപയോഗിക്കുന്ന വംശ-ഭാഷാ-സംസ്കാരങ്ങളിലൂന്നിയ പാരമ്പര്യ ചട്ടക്കൂട് കൂടിയേ തീരൂ എന്നു കരുതുന്ന ഒരാള്‍ക്ക് ആര്യന്, ദ്രവീഡിയന്‍ എന്നീ കല്പ്പനകളും ആവശ്യമാണെന്ന് വരും. ആര്യന്മാര് യഥാര്ത്ഥത്തിലുള്ളവരാണെന്ന് കരുതുമ്പോള്‍ ഭൂമിശാസ്ത്രപരവും കാലഘട്ടപരവുമായി വേദസാഹിത്യത്തിന് ബന്ധമുണ്ടെന്നും വരും. അപ്പോള്‍ വൈദിക കാലഘട്ടം, വൈദിക പുരാവസ്തു ശാസ്ത്രം, ആര്യന് ആര്‍ക്കിയോളജി എന്നെല്ലാം ചിന്തിക്കണം. വംശീയമാനമുള്ള ഇത്തരം സമീപനത്തിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും പുരാവസ്തു നിഘണ്ടുവില്‍നിന്നും ഈ പദാവലികള്‍ ഇനിയും ഉപേക്ഷിക്കപ്പെട്ടിട്ടില്ല. കാലഹരണപ്പെട്ട ഈ കാഴ്ചപ്പാടിനെ സ്വദേശത്തും വിദേശത്തുമുള്ള ചില പണ്ഡിതന്മാര് ഇന്നും കൊണ്ടുനടക്കുന്നു. ഇതുമൂലം പുരാതന ഭാരത ചരിത്രത്തിന്റെ അടിത്തട്ടു മുതല്‍ വസ്തുനിഷ്ഠമായ ഒരു ചിത്രം അവതരിപ്പിക്കാനോ അംഗീകാരം നേടാനോ കഴിഞ്ഞിട്ടില്ല.
? അവ്യക്തതകള്‍ നിലനില്‍ക്കുന്നത് പലപ്പോഴും ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിലൊന്നാണ് അനാദികാലം മുതല്‍ ഭാരതീയ സമൂഹം ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായിരുന്നു എന്നത്. ജാതിയല്ല ചാതുര്‍വര്‍ണ്യമെന്നും, ആധുനിക കാലത്തും ഇതിന് പ്രസക്തിയുണ്ടെന്നും വാദിക്കുന്നവരെ ഇപ്പോഴും കാണാമല്ലോ.
ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത് അത് സര്വവ്യാപകമായിരുന്നില്ല എന്നതാണ്. ചിലര്‍ ജാതി സമം ചാതുര്‍വര്‍ണ്യം സമം കാസ്റ്റ് എന്നതാണ് ഭാരതീയ സമൂഹഘടന എന്നു സമീകരിക്കുന്നത് ശരിയല്ലെന്ന് തീര്‍ത്തു പറയാം. ഒന്നാമതായി, വൈദിക സമ്പ്രദായം നിരവധി സമ്പ്രദായങ്ങളില്‍ ഒന്നുമാത്രമാണ്. ഈ സമ്പ്രദായത്തെ പിന്തുടര്‍ന്ന ഹിന്ദു സമൂഹങ്ങളിലാണ് ചാതുര്‍വര്‍ണ്യം എന്ന ആശയം രൂപപ്പെട്ടതും. ഈ വ്യവസ്ഥ അതിന്റെ പ്രാരംഭദശയില്‍ യാഗകര്മവുമായി ബന്ധപ്പെട്ട തൊഴില്‍ വിഭജനം (ഡിവിഷന് ഓഫ് ലേബര്‍) ആയി കരുതാന്‍ ന്യായമുണ്ട്. പുരുഷസൂക്തം വാസ്തവത്തില്‍ ഇതാണ് സൂചിപ്പിക്കുന്നത്. പില്ക്കാലത്ത് അത് ഹിന്ദു വൈദിക സമൂഹങ്ങളിലെ ജന്മായത്തമായ ശ്രേണീ വിഭജനങ്ങളെ കുറിക്കുന്നതായി മാറി. പിന്നീട് വര്‍ണസങ്കരം മൂലം അതില്‍ പല ഉപവിഭാഗങ്ങളും കല്‍പ്പിക്കപ്പെട്ടു.
ജൈമിനിയുടെ മീമാംസാ ദര്‍ശനത്തിലെ ശൂദ്രന് എന്നത് നാം ഇന്ന് വിവക്ഷിക്കുന്ന ശൂദ്ര ജാതി അല്ലെന്ന് കരുതേണ്ടിയിരിക്കുന്നു. അതില്‍ സ്ത്രീകള്‍ക്കും നിഷാദ സ്ഥപതികള്ക്കും യാഗാധികാരം പറയുന്നു. ശൂദ്രനു മാത്രം നിഷേധിക്കുകയും ചെയ്തിരിക്കുന്നു. ത്രൈവര്‍ണികരുടെ, അതായത് ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ വര്‍ണങ്ങള്‍ക്കിടയില്‍ ഉള്ളവരും, യാഗ കര്‍മത്തില്‍ അവരവരുടെ പങ്ക് നിര്‍വഹിക്കാന്‍ ജന്മനാ ശേഷിയില്ലാത്തവരും ആയവരെയാണോ ശൂദ്രന് എന്ന പദത്താല്‍ വിവക്ഷിക്കുന്നതെന്നും, അവര്‍ക്ക് ത്രൈവര്‍ണികരുടെ സേവാകര്മം മാത്രം വിധിച്ചതാണോയെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതായാലും ചാതുര്‍വര്‍ണ്യം വൈദിക വിഭാഗങ്ങളുടെ മാത്രം വിഷയമാണ്. ഇതര ഹിന്ദുവിഭാഗങ്ങള്‍ക്ക് ഇതുമായി ബന്ധമൊന്നുമില്ല. വൈദിക സമ്പ്രദായത്തിന്റെ തുടക്കത്തില്‍ ബ്രാഹ്മണ്യം ജന്മായത്തമായിരുന്നില്ല. മൂല്യബോധവും സദാചാരവുമായിരുന്നു അളവുകോല്‍ എന്നതിന് ചാന്ദോഗ്യോപനിഷത്തിലെ സത്യകാമ ജാബാലിയുടെ കഥ തെളിവാണ്.
ഹിന്ദു സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ മാറ്റമില്ലാതെ ശ്രേണികളാക്കി തരംതിരിച്ച് എന്നന്നേക്കുമായി വിഭജിക്കുക എന്ന ദുരുദ്ദേശ്യത്തോടെ ‘ഹിന്ദുയിസം സമം കാസ്റ്റിസം’ എന്ന സമവാക്യം പ്രചരിപ്പിച്ചത് ആഗ്ലോ-ജര്‍മന്‍ ഗൂഢതന്ത്രമായിരുന്നു. അതനുസരിച്ച് ജന്മംകൊണ്ടുള്ള ജാതി മാറ്റംവരുത്താന്‍ കഴിയാത്ത ഒന്നായിരുന്നു. മനുസ്മൃതി മുതലായ ഗ്രന്ഥങ്ങളെ ഇതിനായി അവര്‍ ദുരുപയോഗം ചെയ്തുവെന്ന് എം.എന്‍. ശ്രീനിവാസനെപ്പോലുള്ള ഗ്രന്ഥകാരന്മാര് ചൂണ്ടിക്കാട്ടുന്നു. നിരവധി സെന്സസുകളിലൂടെയും മറ്റും അവര്‍ ഈ ആശയത്തെ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ‘ദ ട്രൂത്ത് എബൗട്ട് അസ്’ എന്ന പുസ്തകത്തില്‍ സഞ്ജയ് ചക്രവര്‍ത്തി ഈ കുത്സിത നീക്കത്തെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
മോണിയര്‍ വില്യംസ് ആണ് ഹിന്ദു സമൂഹത്തെ വിഭജിക്കാനുപയോഗിക്കുന്ന ജാതി രാഷ്ട്രീയത്തിന്റെ വിത്തുകള്‍ പാകിയത്. ഒന്നിനൊന്നു വിഭിന്നങ്ങളും, പരസ്പര ബന്ധമില്ലാത്തതുമായ ജാതിത്തട്ടുകളാല്‍ ഏച്ചുകെട്ടിയതും, വൈദിക സനാതന ഹിന്ദുക്കള്‍ക്ക് എന്നും മേല്‍ക്കോയ്മയുള്ള, അടിമുടി അനാചാര- ദുരാചാരങ്ങള്‍ നിറഞ്ഞതും, ശാസ്ത്രബോധം ഒരുകാലത്തും തൊണ്ടുതീണ്ടാത്തതും, എപ്പോഴും പരലോകം സ്വപ്നം കാണുന്നതുമായ സമൂഹം എന്ന ആശയത്തെ വിദേശികളിലും സ്വദേശികളിലും ഒന്നുപോലെ സമര്‍ത്ഥമായി പാകിയതും ഊട്ടിയുറപ്പിച്ചതും മോണിയര്‍ വില്യംസ് ആയിരുന്നു.
വിവിധ സമൂഹങ്ങളുടെ തേനീച്ചക്കൂട്
? ഇത്തരം വാദഗതികള്‍ കേവലമായി നിഷേധിക്കുന്നതിനുപരി ഇങ്ങനെയായിരുന്നില്ല ഭാരതീയ സമൂഹം എന്നതിന് നമുക്ക് തെളിവുകള്‍ ആവശ്യമുണ്ട്. ഐക്യം എന്നത് വലിയൊരു അഭിലാഷമായിരിക്കുമ്പോള് തന്നെ അത് സാധ്യമാക്കുന്ന ഘടകങ്ങളുടെ അഭാവം പ്രാചീന ഭാരതീയ സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. വംശീയമായ വേര്‍തിരിവുകളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.
ആഷ്ലി മൊണ്ടേഗു എഡിറ്റ് ചെയ്ത് 1964 ല്‍ പ്രസിദ്ധീകരിച്ച ‘ദി കണ്‍സെപ്റ്റ് ഓഫ് റെയ്സ്’ എന്ന ആധികാരികമായ ഗ്രന്ഥത്തില്‍ വംശം എന്ന നരവംശശാസ്ത്രപരമായ ആശയം പ്രകൃതിയിലൊന്നുമായും സാമ്യമില്ലാത്ത ഒരു ഓംലെറ്റ് ആണെന്ന് വിവരിച്ചിരിക്കുന്നു. നരവംശശാസ്ത്രപരമായ ഭാവനയുടെ ചൂടില്‍ ഒരുക്കിയ അതിന് സ്ഥിതിവിവരക്കണക്കാകുന്ന വറചട്ടിക്കു വെളിയില്‍ ഒരു അസ്തിത്വവുമില്ലെന്ന് ഈ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കല്‍ക്കട്ടയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പി. പി. മജുംദാറും കൂട്ടരും കൂടി 1990 ല്‍ നടത്തിയ സ്റ്റാറ്റിസ്റ്റിക്കല്‍ പഠനത്തില്‍ തെളിഞ്ഞത് ഇന്ത്യന്‍ ജനതയെ നിശ്ചിത വംശ വിഭാഗങ്ങളായി ഒരു തരത്തിലും വിഭജിക്കാന്‍ സാധ്യമല്ല എന്നാണ്.
വൈവിധ്യങ്ങളുടെ നിഴലില്‍ നില്‍ക്കുമ്പോഴും സമൂഹം ശകലങ്ങളായി ഭിന്നിച്ചതാണെന്ന തോന്നല്‍ ഭാരതീയര്‍ക്കില്ല. അവര്‍ക്ക് സന്തോഷത്തോടെ അന്യോന്യം കൊടുക്കല്‍ വാങ്ങല്‍ നടത്തുന്ന, ഇടവും പാരമ്പര്യവും സംസ്കാരത്തനിമയും പങ്കിട്ടെടുക്കുന്ന വിവിധ സമൂഹങ്ങള്‍ അടങ്ങുന്ന ഒരു തേനീച്ചക്കൂടാണത്. ഒരു അപരിചിതന് തന്റെ കണ്ണാടിയിലൂടെ എന്തു കാണുന്നു എന്നതിനെക്കാള്‍ തദ്ദേശീയ ജനത തമ്മില്‍ തമ്മില്‍ എങ്ങനെ കാണുന്നു എന്നതിനാണല്ലോ പ്രാധാന്യം. താത്വിക തലത്തില്‍ പരിശോധിക്കുമ്പോള്‍ ഈ ഇടവും പാരമ്പര്യവും സംസ്കാരത്തനിമയും പങ്കിടുന്നതിന്റെ മെച്ചപ്പെട്ട വിശദീകരണം ആന്ത്രോപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കുറെ മുന്‍പ് നടത്തിയ ഇന്ത്യയിലെ ജനജീവിതത്തെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ സാധിക്കും.
ഗ്രാമങ്ങളുടെ ഘടന, വീടുകളുടെ മാതൃകകള്‍, മുഖ്യ ഭക്ഷണം, എണ്ണയും എണ്ണച്ചക്കുകളും, കലപ്പയും മറ്റ് ഉപകരണങ്ങളും, സ്ത്രീ-പുരുഷ വേഷ വിധാനങ്ങള്‍, ചെരിപ്പ്, കാളവണ്ടികള്‍ എന്നീ ഭൗതികോപാധികളെയാണ് പഠനവിധേയമാക്കിയത്. ഇവയുടെ വിതരണത്തില്‍ കുറച്ചളവില്‍ പ്രാദേശികത പ്രകടമാണെങ്കിലും അത് ഭാഷയുടെയോ ശരീരപ്രകൃതിയുടെയോ അടിസ്ഥാനത്തിലുള്ളതല്ല. മാത്രമല്ല, മൊത്തത്തില്‍ ഈ ഭൗതികഘടകങ്ങളില്‍ ഭാരതത്തിന്റെ പല ഭാഗങ്ങളിലായി കാണപ്പെട്ട സാദൃശ്യം വ്യക്തമാക്കുന്നത് കൃഷിപ്പണിക്കാര്‍, നെയ്ത്തുകാര്‍, കുടമുണ്ടാക്കുന്നവര്‍ തുടങ്ങിയവരുടെ ഇടയിലുള്ള ഒരു ഏകാത്മകതയെയാണ്. ആദര്‍ശ വിശ്വാസ പദ്ധതികള്‍, കല തുടങ്ങിയവയെ പരിഗണിക്കുമ്പോള്‍ വ്യത്യാസങ്ങള്‍ ഭൗതികതലത്തിലുള്ളതിനെക്കാള് നേര്‍ത്തു നേര്‍ത്തു വരുന്നത് കാണാം. ഒടുവില്‍ ആത്മീയതലത്തില്‍ ഇന്ത്യന്‍ നാഗരികതയ്ക്ക് ഒരു സവിശേഷത്തനിമ നല്കുന്ന വിശ്വാസങ്ങളുടെയും അഭിലാഷങ്ങളുടെയും ഒരു ഏകത വ്യത്യാസങ്ങള്ക്കുപകരം കാണപ്പെടുന്നു. അതുകൊണ്ട് ഇന്ത്യന്‍ ഏകതയെ ഒരു സ്തൂപിക(പിരമിഡ്)പോലെ കണക്കാക്കാം. വ്യത്യസ്തതകള്‍ പ്രാഥമികതലത്തില്‍ കൂടുതലും, ഉപരിതലത്തിലേക്ക് ചെല്ലുന്തോറും കുറഞ്ഞും വരുന്നു.
?ഈ പഠനങ്ങളും കണ്ടെത്തലുകളും നിഗമനങ്ങളുമൊക്കെ ഹിന്ദുസമൂഹത്തിന് മാത്രമാണ് ബാധകമാകുന്നതെന്ന വിമര്‍ശനം സ്വാഭാവികമായും ഉയരില്ലേ? അഹിന്ദുക്കള്‍ ഈ ഏകാത്മകതയില്‍ എങ്ങനെയാണ് പങ്കുചേരുന്നത്?
പ്രാചീന ഭാരതീയ സമൂഹത്തെക്കുറിച്ച് പഠിക്കുമ്പോള്‍ ഹിന്ദുക്കളെയാണ് പരിഗണിക്കേണ്ടി വരിക എന്നതിനാല്‍ ഈ വിമര്‍ശനം അപ്രസക്തമാണ്. ബ്രിട്ടീഷുകാര്‍ ഇവിടെ വരുന്നതിന് മുന്‍പ് ബൗദ്ധരും മുസ്ലിങ്ങളും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹം ആധ്യാത്മികതയുടെ അടിത്തറയില്‍ ഒരു പൊതു പ്രപഞ്ച വീക്ഷണം പുലര്‍ത്തിയിരുന്നു. അതിനനുസൃതമായ സദാചാരപരവും സാമൂഹ്യവും കലാപരവുമായ മൂല്യങ്ങളും സ്ഥാപനങ്ങളും രൂപപ്പെടുത്തിയിരുന്നു. സത്യം, ജ്ഞാനം, ആത്മാവ്, ആത്യന്തിക യാഥാര്‍ത്ഥ്യം എന്നിവയെപ്പറ്റി പൊതുധാരണ അവരില്‍ ഉണ്ടായിരുന്നുവെന്ന് പ്രമുഖ മാര്‍ക്സിയന്‍ ചിന്തകനായ ധൂര്‍ജടി പ്രസാദ് മുഖര്‍ജി അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ സമൂഹത്തിന് ഒരു ‘റിലീജിയോ-ഐഡിയോളജിക്കല്‍ യൂണിറ്റി’ ഉണ്ടെന്ന് മറ്റൊരു മാര്‍ക്സിയന്‍ പണ്ഡിതന് എം.ആര്. ദേശായിയും ‘സോഷ്യല്‍ ബാഗ്രൗണ്ട് ഓഫ് ഇന്ത്യന്‍ നാഷണലിസം’ എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വൈവിധ്യം ഒരു വശം മാത്രമാണെന്നും, ഇന്ത്യന്‍ ഉപഭൂഖണ്ഡം വിശാലാര്‍ത്ഥത്തില്‍ സാംസ്കാരികമായി ഒറ്റ പ്രദേശമാണ് എന്നുമുള്ള വിലയിരുത്തലാണ് ‘സോഷ്യല്‍ ചെയ്ഞ്ച് ഇന്‍ മോഡേണ്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ എം.എന്‍.ശ്രീനിവാസന് നടത്തുന്നത്.
പുരാതന കാലം മുതല്‍ സഞ്ചാരികളായും വിദ്യാര്‍ത്ഥികളായും ആക്രമണകാരികളായും അധികാരമോഹികളായും മതംമാറ്റുന്നവരായും ഇവിടേക്കു വന്ന വിദേശികളെ ഒന്നടങ്കം അതിശയിപ്പിച്ച, ഇന്നു ആശ്ചര്യപ്പെടുത്തുന്ന, അകത്തും പുറത്തുമുള്ള വിഘടനവാദികള്‍ ആവുന്നത്ര ശ്രമിച്ചിട്ടും ഇനിയും തകര്‍ക്കാന്‍ കഴിയാത്ത ഇന്ത്യന്‍ സമൂഹത്തിന്റെ ഈ വൈവിധ്യാന്തര്‍ഗത ഏകാത്മകതയ്ക്ക് നിദാനം എന്തെന്ന് പഠിക്കാനാണ് ആര്‍ക്കിയോ-ആന്ത്രപ്പോളോ-സോഷ്യോളജി എന്നിവയിലെ ആധുനിക ശാസ്ത്രജ്ഞര്‍ ഇന്ന് ശ്രമം നടത്തുന്നത്.
വൈദിക ചട്ടക്കൂടല്ല ഹിന്ദുത്വം
? ഇന്ത്യയെ അടക്കി ഭരിക്കാനും ശിഥിലീകരിക്കാനും ശ്രമിച്ചവര്‍ ചരിത്രത്തിന്റെ മേഖലയിലാണ് ആദ്യം കൈവച്ചത്. പ്രത്യക്ഷത്തില്‍ ആധികാരികമെന്നു തോന്നുന്ന, അതേസമയം ഗൂഢമായ ഉദ്ദേശ്യത്തോടെ നിരവധി രചനകള്‍ പുറത്തുവന്നു. തലമുറകളെ തന്നെ വഴിതെറ്റിച്ചു. പക്ഷേ സ്വാതന്ത്ര്യം ലഭിച്ചിട്ടും ദേശീയ പക്ഷത്തുനിന്ന് തിരുത്തലുകള്‍ ഉണ്ടായോ? ഇങ്ങനെ സംഭവിക്കാതിരിക്കുന്നത് വളച്ചൊടിക്കലുകളെയും കല്‍പ്പിത കഥകളെയും ഇനിയും വിശ്വസിക്കാനിടവരുത്തില്ലേ?
ബ്രിട്ടീഷ് ഭരണത്തിന്റെ തുടക്കം മുതല്‍ ദശകങ്ങളായി വിദ്യാഭ്യാസ പദ്ധതിയിലൂടെയും മറ്റെല്ലാ ഉപാധികളിലൂടെയും നിരന്തരം സമൂഹത്തില്‍ പ്രചരിപ്പിച്ച പഠനങ്ങള്‍ ഇവിടുത്തെ ദേശീയ ജനതയുടെ ഉപബോധത്തില്‍ സ്വത്വത്തെക്കുറിച്ച് തെറ്റായ ധാരണ ഉളവാക്കി. അതുണ്ടാക്കിയ ആത്മനിന്ദ അന്യവല്‍ക്കരണത്തിലേക്ക് നയിച്ചു. സ്വയംപര്യാപ്തത കൈവരിക്കാന്‍ വേണ്ടത്ര ഭൗതികമായ സമ്പത്തും ബൗദ്ധികമായ കഴിവും സാംസ്കാരികമായ ഔന്നത്യവും മനുഷ്യശേഷിയും ഉണ്ടായിട്ടും ഇതര രാഷ്ട്രങ്ങള്‍ക്കുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനും, ലോകജനതയുടെ വഴികാട്ടിയാവാനും നാം മടിപൂണ്ടുനില്ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ആംഗ്ലോ-ജര്‍മന്‍ സാംസ്കാരിക ഗൂഢാലോചനയുടെ കെണിയില്‍ വീഴാതെ പൗരാണിക ഭാരതത്തിന്റെ ചരിത്രം ശരിയായി രേഖപ്പെടുത്തിയ ചരിത്രകാരന്മാരുമുണ്ട്. അതിലൊരാള്‍ രാധാ കുമുദ് മുഖര്‍ജിയാണ്. ചുരുങ്ങിയത് നാലാം ശതകം മുതല്‍ക്കെങ്കിലും ആസേതു ഹിമാചലം എന്ന ധാരണ ഹിന്ദുക്കളില്‍ വേരൂന്നിയിട്ടുണ്ട് എന്നാണ് ‘ദി ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ മുഖര്‍ജി പറയുന്നത്. പാണിനിയുടെ വ്യാകരണത്തെ വിശദമാക്കുന്ന കാത്യായനന്റെ കൃതി, ഗ്രീക്കു സാഹിത്യം, ചാണക്യന്റെ അര്‍ത്ഥശാസ്ത്രം, അശോകന്റെ ശിലാശാസനങ്ങള്‍ എന്നിവയില്‍ ഇതിന്റെ തെളിവു കാണാം. അക്കാലത്തെ യാത്രാപഥങ്ങള്‍ തന്നെയാണ് ഇതിഹാസ പുരാണങ്ങളിലും വര്‍ണിക്കുന്നത്. അലക്സാണ്ടര്‍ വന്നുപോയകാലത്തെ (326 BCE) ഗ്രീക്കുസാഹിത്യത്തിലും ഇതേ വഴികളുടെ വിവരണം കാണാം. ഗ്രീക്കു ചരിത്രകാരനായ മെഗസ്തനീസും ഇവയെ പരാമര്‍ശിക്കുന്നു. ഇതിനും 2000 വര്‍ഷങ്ങള്‍ക്കുശേഷം (1871) അലക്സാണ്ടര്‍ കണ്ണിങ് ഹാം നടത്തിയ സര്‍വേയില്‍ തെളിഞ്ഞതും ഇതേ കരമാര്‍ഗങ്ങള്‍ തന്നെയാണ്.
? രാധാ കുമുദ് മുഖര്‍ജി, ആര്. സി. മജുംദാര്‍ തുടങ്ങിയവരുടെ പഠനം ആധികാരികമായിരിക്കുമ്പോഴും അക്കാദമിക് രംഗത്ത് ഒറ്റപ്പെട്ടു നില്‍ക്കുകയാണ്. മാര്‍ക്സിയന്‍ രീതിശാസ്ത്രത്തെ പിന്‍പറ്റിയ ഡി.ഡി. കൊസാംബിയും ഇരാവതി കാര്വെയുമൊക്കെയാണ് കൊണ്ടാടപ്പെട്ടത്. ഫലത്തില്‍ ദേശീയ കാഴ്ചപ്പാടിലുള്ള ചരിത്ര-പുരാവസ്തു പഠനങ്ങള്‍ക്ക് ശരിയായ തുടര്‍ച്ച ലഭിച്ചില്ല. മലയാളത്തില്‍ പോലും രാധാകുമുദ് മുഖര്‍ജിയെയും മജുംദാറിനെയുമൊക്കെ ബഹുദൂരം പിന്നിലാക്കുന്നതാണ് കൊസാംബിയുടെയും കാര്വെയുടെയുമൊക്കെ സ്വീകാര്യത. അയോധ്യയിലെ ബാബറിമസ്ജിദിനു കീഴെ ഒരു ക്ഷേത്രമായിരുന്നുവെന്ന് പ്രൊഫ. ബി.ബി. ലാലും കെ.കെ. മുഹമ്മദും അടങ്ങുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംഘം ഉത്ഖനനത്തിലൂടെ കണ്ടെത്തിയത് അംഗീകരിക്കാന്‍ പലരും തയ്യാറായില്ലല്ലോ.
ഈ നിഷേധാത്മക മനോഭാവത്തിന് ഒരു പശ്ചാത്തലമുണ്ട്. ക്രൈസ്തവ മിഷണറിമാരും വംശവെറി മൂത്ത ആംഗ്ലോ-ജര്‍മന്‍ പണ്ഡിതന്മാരും നടത്തിയ ആസൂത്രിത നീക്കങ്ങള്‍ ഹിന്ദു ഉപബോധത്തെ വലിയ തോതില്‍ സ്വാധീനിക്കുകയുണ്ടായി. അപകടം മനസ്സിലാക്കിയ ദേശീയ ചരിത്രകാരന്മാരും മറ്റും ഇതിനെതിരെ പ്രതികരിക്കാനും, ഹിന്ദുക്കളിലെ വളര്‍ന്നു വരുന്ന അപകര്‍ഷതാബോധത്തെയും പാശ്ചാത്യ സംസ്കാരത്തോടുള്ള ഭ്രമത്തെയും ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തു. രാജേന്ദ്ര ലാല്‍ മിശ്ര, രാംഗോപാല്‍ ഭണ്ഡാര്‍ക്കര്‍, വിശ്വനാഥ് രജ്വാഡെ, കെ.പി. ജയ്സ്വാള്‍, എച്ച്.സി. റായ് ചൗധരി, ആര്.സി. മജുംദാര്‍, പി.വി. കാനെ എന്നിവര്‍ ഇതില്‍ ചിലരാണ്. ആര്യദ്രാവിഡ വാദം, സംസ്കൃതത്തിന്റെ പ്രാധാന്യം കുറച്ചുകാണിക്കാന്‍ അവതരിപ്പിച്ച ഇന്തോ-യൂറോപ്യന്‍ പൊതു ഭാഷ, വൈദിക ചട്ടക്കൂടാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനം തുടങ്ങിയവയിലൂന്നിയ പാശ്ചാത്യ കുപ്രചാരണത്തിന്റെ സ്വാധീനം ഇവരുടെ കൃതികളിലും കാണാം. ഇത് ആംഗ്ലോ-ജര്‍മന്‍ ഗൂഢപദ്ധതി എത്രമാത്രം ഹിന്ദു ഉപബോധത്തെ അന്നേ സ്വാധീനിച്ചു എന്നതിന് തെളിവാണ്.
ആംഗ്ലോ-ജര്‍മന്‍ കുതന്ത്രത്തെ എല്ലാ തരത്തിലും പിന്തുടര്ന്നതും, ഇന്നും അതിനെ സജീവമാക്കി നിലനിര്‍ത്തിപ്പോരുന്നതും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരും എഴുത്തുകാരുമാണ്. ഡി.ഡി. കൊസാംബി, ബിപിന്‍ ചന്ദ്ര, റൊമിള ഥാപ്പര്‍, ആര്.എസ്. ശര്‍മ, ഇര്ഫാന് ഹബീബ്, സതീഷ് ചന്ദ്ര എന്നിവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഭാരതീയമായ എന്തിനെയും ഇകഴ്ത്താനും, വൈദേശികമായതിനെ പുകഴ്ത്താനുമുള്ള വ്യഗ്രതയാണ് മാര്‍ക്സിസ്റ്റ് പണ്ഡിതന്മാരെ നയിക്കുന്നത്. ഹിന്ദുപാരമ്പര്യം എന്നൊന്നില്ല എന്ന് ഇവര്‍ ശഠിക്കുന്നു. ”ഇന്ത്യ ഒരു നാഗരികത അല്ല. കൊള്ള കൊടുക്കലുകള്‍ അരങ്ങേറിയ ഒരു നാല്ക്കവലയാണ്” എന്ന് ‘ഈസ് ഇന്ത്യന്‍ സിവിലൈസേഷന് എ മിത്ത്’ എന്ന ഗ്രന്ഥത്തില്‍ സഞ്ജയ് സുബ്രഹ്മണ്യം പറയുന്നത് ഇതിനുദാഹരണമാണ്.
കാലഗണനകള്‍ മറ്റൊന്നാകുമ്പോള്‍
കൊളോണിയല്‍ വിധേയത്വം പുലര്‍ത്തുന്നതും, വസ്തുതാവിരുദ്ധവുമായ ഈ സമീപനത്തില്‍നിന്ന് ഭാരതത്തിന്റെ ചരിത്രരചനാ പദ്ധതികള്‍ക്കും സംസ്കാര പഠനങ്ങള്‍ക്കും മോചനമില്ലെന്നാണോ കരുതേണ്ടത്?
ഇങ്ങനെ കരുതേണ്ടതില്ല. പുരാവസ്തു ശാസ്ത്രം നല്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രാചീന ശിലായുഗം തൊട്ടുതന്നെ ഭാരതത്തില്‍ ജനവാസം ഉണ്ടായിരുന്നു എന്നുറപ്പിക്കാം. ആ കാലം മുതല്‍ നാട്ടുരാജ്യങ്ങളുടെ ആരംഭം വരെയുള്ള ഹിന്ദുക്കളുടെ കൂട്ടായ ജീവിതത്തിന്റെ വിവരണം ദിലീപ് കെ. ചക്രവര്‍ത്തി തന്റെ ‘ഇന്ത്യ-ആന്‍ ആര്‍ക്കിയോളജിക്കല്‍ ഹിസ്റ്ററി, പാലിയോലിത്തിക് ബിഗ്നിങ് ടു ഏര്‍ളി ഹിസ്റ്റോറിക് ഫൗണ്ടേഷന്‍സ്’ എന്ന പുസ്തകത്തില്‍ നല്‍കുന്നുണ്ട്. ഭാരതത്തിന്റെ ഭൂപരമായ വൈവിധ്യവും അതേസമയം അതിന്റെ ഏകതയും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചക്രവര്‍ത്തി എടുത്തുകാട്ടുന്നുണ്ട്. ഹിന്ദു സാമൂഹ്യ ജീവിതത്തിന്റെ ഒരു സുപ്രധാനമായ നാഴികക്കല്ലായിട്ടാണ് സിന്ധു-സരസ്വതീ നാഗരികതയെ കണക്കാക്കുന്നത്.
ഈ നാഗരികതയുടെ പഴക്കം നിര്‍ണയിക്കുന്നതില്‍ പുരാവസ്തു ഗവേഷകന്മാര് തന്നെ പല തട്ടിലാണ്. ഇതിനു കാരണം പാശ്ചാത്യമായ കാലഗണനാ സമ്പ്രദായമാണ്. ഈ കാലഗണന പിന്തുടര്ന്നുകൊണ്ട് സിന്ധുനാഗരികതയുടെ ഉത്ഭവത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും ശരിയായ നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയുമോ?
2500 BCE(BCക്കു പകരം BCE യും അതായത് Before Common Eraയും, ADക്കു പകരം CEയും അതായത് Common Era യുമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ സ്വീകരിച്ചിരിക്കുന്നത്) ആണ് സിന്ധു നാഗരികതയുടെ തുടക്കമായി കണക്കാക്കുന്നത്. എന്നാല്‍ ഈ നാഗരികതയുടെ തുടക്കം ഇതില്‍നിന്നും ഏതാണ്ട് 7000 വര്‍ഷം പിന്നില്‍ അതായത് 8000 BCE ആണെന്ന് 2016 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും ഖരക്പൂര്‍ ഐഐടിയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ‘ചരിത്ര പുസ്തകങ്ങള്‍ തിരുത്തിയെഴുതാന്‍ സമയമായിരിക്കുന്നു’ എന്നാണ് ഒരു ഇംഗ്ലീഷ് ദിനപത്രം ഇതുസംബന്ധിച്ച വാര്‍ത്തയ്ക്ക് ശീര്‍ഷകം നല്‍കിയത്. ഈ പുതുക്കിയ കാലഗണന പ്രകാരം ലോകത്തിലെ ഏറ്റവും പഴക്കംചെന്ന നാഗരികത ഹിന്ദുക്കളുടെതാണ്. അതുകഴിഞ്ഞേ ഈജിപ്ഷ്യന്‍, മെസപ്പൊട്ടേമിയന് നാഗരികതകള്‍ വരുന്നുള്ളൂ. ഇവയുമായി പില്ക്കാലത്ത് ഹൈന്ദവ നാഗരികത വ്യാപാരാദി ബന്ധങ്ങള്‍ പുലര്ത്തിയിരുന്നതിനും തെളിവുകളുണ്ട്.
സ്വാതന്ത്ര്യത്തിനു മുന്‍പും പിന്പുമായി നടന്നിട്ടുള്ള പുരാവസ്തു ഉത്ഖനനങ്ങളുടെ ഭൂമിശാസ്ത്രപരമായ പരിമിതികള്‍ ഭാരതത്തില്‍ നിലനിന്നിരുന്ന നാഗരികതകളുടെ വ്യാപ്തി തിരിച്ചറിയുന്നതിന് തടസ്സമായിട്ടില്ലേ? സിന്ധു-സരസ്വതീ നാഗരികതകള്‍ ഒറ്റപ്പെട്ട പ്രതിഭാസമല്ല എന്നാണ് പുതിയ ഉത്ഖനനങ്ങള്‍ തെളിയിക്കുന്നത്.
ഹാരപ്പന്‍ മുദ്രകളെക്കുറിച്ച് ഈ നാഗരികതയെ കണ്ടെത്തും മുന്‍പുതന്നെ അറിയാമായിരുന്നു. 1920-21 കാലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പണ്ഡിറ്റ് ദയാറാം സാഹ്നി ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള ഹാരപ്പയില്‍ ഉത്ഖനനം നടത്തി തുടങ്ങിയപ്പോഴാണ് ഈ നാഗരികതയുടെ പ്രാധാന്യം മനസ്സിലായത്. അടുത്തവര്‍ഷം രാംപാല്‍ ദാസ് ബാനര്‍ജിയുടെ നേതൃത്വത്തില്‍ സിന്ധിലെ മോഹന്ജദാരോയിലും ഉത്ഖനനം നടന്നു. മോഹന്ജദാരോ, ഹാരപ്പ, ചന്‍ഹു ദാരോ, കാളീബംഗന്‍, ബാനാവലീ, ലോഥല്‍, ധോളവീര തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ഉത്ഖനനങ്ങളുടെ വിശദവിവരങ്ങള്‍ ദിലീപ് ചക്രവര്‍ത്തിയുടെ പുസ്തകത്തില്‍ കാണാം.
സിന്ധു-സരസ്വതീ നാഗരികതയും ഹാരപ്പന്‍ നാഗരികതയും വളര്‍ന്നു വികസിച്ച പ്രദേശങ്ങള്‍ക്കു പുറമെയുള്ള കശ്മീര്‍, ലഡാക്ക്, ആധുനിക പാക്കിസ്ഥാനിലെ നോര്‍ത്ത് വെസ്റ്റേണ്‍ ഫ്രോണ്ടിയര്‍ പ്രൊവിന്‍സ്, ഉത്തര്‍പ്രദേശിലെ കുമയൂണ്‍- ഗഡ്വാള് പ്രദേശം, ദല്‍ഹി-ആരവല്ലി-കാംബ പ്രദേശം, ദക്ഷിണേന്ത്യാ എന്നിവിടങ്ങളില്‍ നടത്തിയ ഉത്ഖനനങ്ങള്‍ വെളിവാക്കുന്നത് ഇവിടങ്ങളിലെ ഗ്രാമീണ ഭാരതത്തിന്റെ അനുക്രമമായ പിറവിയെയാണ്.
സിന്ധു-സരസ്വതീ നാഗരികതയുമായി ബന്ധപ്പെട്ട് ഹരിയാനയിലെ രാഹിഗഢി എന്ന ഗ്രാമീണ നഗരത്തില്‍ നിന്ന് 4500 വര്‍ഷം പഴക്കമുള്ള ഒരു സ്ത്രീയുടെ അസ്ഥികൂടം ഉത്ഖനനത്തിലൂടെ കണ്ടെത്തി. ഈ അവശിഷ്ടത്തിന്റെ ആര്‍ക്കിയോ-ജനറ്റിക് പഠനം 2019 സെപ്തംബറില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രജ്ഞനായ വസന്ത് ഷിന്‍ഡേ, ജനിതക ശാസ്ത്രജ്ഞനായ നീരജ് റായ്, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ജനിതക ശാസ്ത്രജ്ഞനായ ഡേവിസ് റൈക്ക്, വാഗീശ് നരസിംഹന് എന്നിവര്‍ ചേര്‍ന്നു നടത്തിയ ഈ പഠനത്തില്‍ വെളിവായത് ഇതുവരെ കരുതിയതുപോലെ ഭാരതത്തിലേക്കുള്ള വിദേശികളുടെ കുടിയേറ്റമല്ല, നേരെ മറിച്ച് ഭാരതത്തില്‍നിന്നും ഇറാന്, മധ്യേഷ്യ എന്നിവിടങ്ങളിലേക്കാണ് വന്‍തോതില്‍ കുടിയേറ്റം നടന്നിരിക്കുന്നത് എന്നാണ്. ആചാരാനുഷ്ഠാനങ്ങളില്‍പ്പോലും ഒരു പൊതു പാരമ്പര്യം ഭാരതത്തില്‍ ക്രമേണ ഉരുത്തിരിഞ്ഞിരിക്കുന്നു എന്നു കാണാം.
കേരള ചരിത്രം ഒരു മാര്‍ക്സിയന്‍ മിഥ്യ
പ്രാചീന ഭാരതത്തിന്റെ വിശാലമായ ഭൂപ്രദേശത്തെ ജനജീവിതത്തിന് അനുഭവവേദ്യമായിരുന്ന ഏകാത്മകതയെ കേരളത്തിന്റെ പൂര്‍വകാല ചരിത്രം പ്രതിനിധീകരിക്കുന്നത് എങ്ങനെയൊക്കെയാണ്? നമുക്ക് ഇവിടെ പറയാവുന്നത് ഒരു പറയിപെറ്റ പന്തിരുകുലത്തെക്കുറിച്ചാണല്ലോ. കഥയ്ക്കുപരിയായ സാധുത അതിനുണ്ടോ?
കഥ എന്നു പറയുമ്പോള്‍ പോലും അത് ഒരു ആശയമാണല്ലോ. ഈ ആശയം കാലങ്ങള്‍ നിലനില്ക്കുകയും ചെയ്തു. കേരളീയ ചരിത്രത്തില്‍ അയിത്ത ചിന്തയൊന്നും ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു എന്നാണ് ആറ്റൂര്‍ കൃഷ്ണ പിഷാരടി ‘കേരള ചരിത്ര’ത്തില്‍ പറയുന്നത്. വനവാസികളുമായിപ്പോലും പട്ടണവാസികള്‍ക്ക് സഹവാസം ഉണ്ടായിരുന്നു. ഏതാണ്ട് തുല്യ അളവിലുണ്ടായിരുന്ന പ്രധാനപ്പെട്ട വിഭാഗങ്ങളായ വൈദികരും ബൗദ്ധന്മാരും ഒരു കുടുംബത്തില്‍ തന്നെ താമസിച്ചിരുന്നു. ഭാര്യ വൈദികസ്ത്രീയും ഭര്‍ത്താവ് ബൗദ്ധനുമായിരുന്ന ഒരു കാലം. പിന്നീട് മീമാംസകര്‍ക്ക് സ്വാധീനം വന്നപ്പോള്‍ വേര്തിരിവുണ്ടാക്കിയെന്നാണ് പിഷാരടിയുടെ നിഗമനം. പില്ക്കാലത്ത് കേരള ചരിത്രം എങ്ങനെയാണ് മാറി മറിഞ്ഞതെന്നും പറയുന്നുണ്ട്. തമിഴ് രാജാക്കന്മാരെക്കുറിച്ചും തിരുവിതാംകൂര്‍ രാജാക്കന്മാരെക്കുറിച്ചും പറയുന്നു. ചേരമാന്‍ പെരുമാളിന്റെ വംശപരമ്പര എങ്ങനെയായിരുന്നുവെന്നും ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്.
പക്ഷേ ഈ ദിശയില്‍ കാര്യമായ പഠനങ്ങളൊന്നും കേരള ചരിത്രത്തെക്കുറിച്ച് നടന്നതായി കാണുന്നില്ല. അക്കാദമിക് തലത്തില്‍ ചര്‍ച്ചകളുമുണ്ടായില്ല.
കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് പല ചരിത്രകാരന്മാരും പറഞ്ഞിട്ടുള്ളത് ഊഹത്തിന്റെ അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന് എട്ട്-ഒന്‍പത് നൂറ്റാണ്ടുകളിലാണ് കേരളത്തിലേക്ക് നമ്പൂതിരിമാര്‍ വന്നതെന്നാണല്ലോ ഇവര്‍ പറയുന്നത്. എന്നാല്‍ എട്ടാം നൂറ്റാണ്ടില്‍ തന്നെ ഒരു ശങ്കരാചാര്യര്‍ ഉയര്‍ന്നുവന്നതായും പറയുന്നു! ഇതില്‍ പൊരുത്തക്കേടുണ്ട്. വിശാല തമിഴകത്തുനിന്ന് കേരളം വേര്‍പെട്ടതിനെക്കുറിച്ച് പറയുമ്പോള്‍ അതിനെ ഇരുണ്ട കാലഘട്ടം പോലെയാണ് പലരും കാണുന്നത്. മലയാണ്മ രൂപപ്പെട്ടത് എങ്ങനെയാണെന്നതിനെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല. മാര്‍ക്സിസ്റ്റു കാഴ്ചപ്പാടുവച്ചുള്ള നിഗമനങ്ങളിലേക്ക് വളരെ വേഗം എത്തിച്ചേരുകയാണുണ്ടായിട്ടുള്ളത്. നര്‍മദയുടെ തീരത്തുനിന്ന് പടിഞ്ഞാറുഭാഗത്തു കൂടി കുടിയേറിയവരാണത്രേ കേരളത്തിലെ നമ്പൂതിരിമാര്‍. കിഴക്കു ഭാഗത്തു കൂടി കുടിയേറിയവരാണ് തമിഴ്നാട്ടിലെ അയ്യര്‍മാര്‍ എന്നൊക്കെയുള്ള നിഗമനങ്ങള്‍ ഇവയില്‍പ്പെടുന്നു. പക്ഷേ ഇതിന് ഉപോല്‍ബലകമായ തെളിവുകള്‍ മുന്നോട്ടുവയ്ക്കുന്നില്ല.
?സോഷ്യല്‍ ഡൈനാമിക്സിനെക്കുറിച്ചാണ് നാം സംസാരിച്ചു തുടങ്ങിയത്. അവിടേക്ക് തിരിച്ചെത്തിയാല്‍, കേരളീയ സമൂഹത്തില്‍ ഇതെങ്ങനെയാണ് പ്രവര്‍ത്തിച്ചത്?
ഭാരതത്തിന്റെ ഭാഗം തന്നെയാണ് കേരളം. അതിപ്രാചീനകാലത്തുപോലും ഒരു അംഗാംഗീഭാവം പ്രതിഫലിക്കുന്നുണ്ട്. വൈദിക സാഹിത്യത്തിലെ ഐതരേയ ബ്രാഹ്മണം (ആഇഋ രണ്ടാം ദശകം), വാല്മീകി രാമായണം, മഹാഭാരതം, കാത്യായന്റെ പാണിനീയ വാര്‍ത്തികം, പതഞ്ജലിയുടെ മഹാഭാഷ്യം, ഭരതമുനിയുടെ നാട്യശാസ്ത്രം, ചാണക്യന്റെ അര്‍ത്ഥശാസ്ത്രം, ആചാര്യ ദണ്ഡിയുടെ കാവ്യാദര്‍ശം, കാളിദാസന്റെ രഘുവംശം, അശോക ചക്രവര്‍ത്തിയുടെ ശിലാശാസനങ്ങള്‍ തുടങ്ങിയവയിലെല്ലാം പില്ക്കാലത്ത് കേരളമായി രൂപപ്പെട്ട പ്രദേശങ്ങളെക്കുറിച്ചും, അവിടങ്ങളിലെ ജനങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്. ഭാരതീയ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം അംഗാംഗീ ഭാവമാണ് കേരളീയ സമൂഹത്തിനുമുള്ളത്. സാംസ്കാരികമായി ഭാരതത്തിന്റെ ഭാഗം തന്നെയാണ് കേരളവും. കേരളം വേറെയാണെന്ന വാദം ചരിത്ര നിഷേധമാണ്. ഇത് കേരളമാണെന്ന ചിലരുടെ ഭാവം കഥയില്ലായ്മയും.
ഫോട്ടോ: ആര്. ആര്. ജയറാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: