ന്യൂദല്‍ഹി : ലോക നദീ ദിനത്തില്‍ നദികളെ സംരക്ഷിക്കുന്നവരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്ത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് സന്ദര്‍ശനത്തിനിടെയാണ് 81ാമത് മന് കി ബാത്തില്‍ മോദി പങ്കെടുത്തത്.
നമ്മള് ലോക നദീദിനം ആഘോഷിക്കുന്ന ഒരു മാസമാണ്. നിസ്വാര്‍ത്ഥമായി നമുക്ക് ജലം നല്കുന്ന നമ്മുടെ നദികളുടെ സംഭാവനകളെക്കുറിച്ച് ഓര്‍ക്കുന്ന ദിവസമാണിന്ന്. നദികളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് മോദി പറഞ്ഞു. തമിഴ്നാട്ടിലെ നാഗാ നദി വറ്റിവരണ്ടിരുന്നു, എന്നാല്‍ ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ സംരംഭങ്ങളും സജീവമായ ജനപങ്കാളിത്തവും കാരണം നദിക്ക് പുതുജീവന്‍ നല്കി. നാഗാ നദിയില്‍ ഇന്ന് ധാരാളം വെള്ളമുണ്ട്. നദീദിനം എല്ലാ വര്‍ഷവും ആചരിക്കണം. നദികളെ പുനരുജ്ജീവിപ്പിക്കുന്ന നടപടികള്‍ സജീവമാക്കണം. മലിനീകരണത്തില്‍ നിന്ന് നദികളെ മുക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബീഹാറിലും കിഴക്കിന്റെ മറ്റ് പ്രദേശങ്ങളിലും, മഹത്തായ ചത്ത് ഉത്സവം ആഘോഷിക്കുന്നു. ചത്ത് പൂജ മനസ്സില്‍ വച്ചുകൊണ്ട്, നദികളുടെ കരകളും ഘട്ടങ്ങളും വൃത്തിയാക്കുന്നതിനും നന്നാക്കുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഒരു പ്രത്യേക ഇ- ലേലം ഈ ദിവസങ്ങളില്‍ നടക്കുന്നുണ്ട്. അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ‘നമാമി ഗംഗേ’ പ്രചാരണത്തിനായി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്തെ പ്രാദേശിക കരകൗശല തൊഴിലാളികളെ സഹായിക്കുന്നതിനായി ഖാദി ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് പ്രധാനമന്ത്രി മോദി ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നമുക്ക് ഖാദി ഉത്പന്നങ്ങള്‍ വാങ്ങി ബാപ്പു ജയന്തി ആഘോഷിക്കാമെന്നും മോദി അറിയിച്ചു.
കോവിഡ് വാക്സിനേഷനില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകും. വാക്സിന് എന്ന സുരക്ഷ കവചം എല്ലാവരും ധരിക്കണം. കോവിഡ് മഹാമാരി മാനവരാശിയെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ആരോഗ്യ, ശുചിത്വ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു. കോവിഡ് പ്രതിരോധത്തിനായുള്ള വാക്സിന് വിതരണത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത ടീം ഇന്ത്യയെ മോദി അഭിനന്ദിച്ചു. ചെറിയ കാര്യങ്ങളെ നിസാരമെന്ന് കരുതി തള്ളിക്കളയരുത്. ഭാവിയില്‍ അവ നിര്‍ണ്ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: