എന്‍.കെ.നവനീത്
വടകര (കോഴിക്കോട്): ഒന്നര വര്‍ഷത്തിന് ശേഷം വിദ്യാലങ്ങള്‍ തുറക്കാനൊരുങ്ങുമ്പോള്‍ ആശ്വാസത്തേക്കാളേറെ ആശങ്ക. ആറു വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ വിദ്യാലത്തിലേക്ക് എത്തുമ്പോള്‍ നിലവിലെ പ്രതിരോധ സംവിധാനത്തില്‍ കുട്ടികള്‍ സുരക്ഷിതരാകുമോയെന്ന വലിയ ആശങ്കയിലാണ് രക്ഷിതാക്കള്‍.
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയുന്ന സംസ്ഥാനങ്ങളില്‍ മുന്‍ നിരയില്‍ ഇടം പിടിച്ച കേരളത്തില്‍ ധൃതിപിടിച്ചുള്ള സ്കൂള്‍ തുറക്കല്‍ തീരുമാനം പുന:പരിശോധിക്കേണ്ടിതില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
കൊറോണ വ്യാപനത്തില്‍ അടഞ്ഞു കിടന്ന വിദ്യാലയങ്ങള്‍ കേരള പിറവി ദിനത്തില്‍ തുറക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിക്ക് വലിയ മാറ്റമില്ല. പ്രതിദിന രോഗികളും വ്യാപനവും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാലങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ തുറന്നത്.
പ്രൈമറി ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് ആശങ്ക ഏറെ. പൊതു സമൂഹത്തില്‍ കൊവിഡ് വ്യാപനം ഉണ്ടായിരിക്കെ, വിദ്യാലത്തില്‍ എത്തുമ്പോള്‍ അവരില്‍ നിന്ന് എത്രത്തോളം അകന്നുനില്ക്കാന് കുട്ടികള്‍ക്ക് സാധിക്കും എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ സംശയിക്കുന്നു. കുട്ടികളുടെ വിദ്യാലത്തിലെ ഭക്ഷണ കാര്യത്തിലും, ശുചിമുറി-വെള്ളം ഉപയോഗം, രക്ഷിതാക്കള്‍ ജോലിയിടങ്ങളില്‍ ആകുമ്പോള്‍ കുട്ടികളെ വിദ്യാലത്തിലേക്കും തിരിച്ച് വീട്ടിലെത്തുന്നതും എങ്ങിനെ പരിഹരിക്കാനാകും തുടങ്ങിയ കാര്യങ്ങളില്‍ സന്ദേഹമുമുണ്ട്. വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിദ്യാലയം തുറക്കുമെന്ന പ്രസ്താവന നടത്തിയതോടെ കൊവിഡ്കാല ക്ലാസ്സുകള്‍ എങ്ങനെയെന്ന ആശങ്ക കുട്ടികളിലും രക്ഷിതാക്കള്‍ക്കും സ്കൂള്‍ മാനേജ്മെന്റിലുമുണ്ട്.
നിലവില്‍ കുട്ടികളുടെ വാക്സിനേഷന് നടപടികള്‍ പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലെ പ്രഖ്യാപനം അനവസരത്തിലാണെന്നാണ് രക്ഷിതാക്കളുടെ വാദം. അദ്ധ്യാപകര്‍ക്ക് സെപ്റ്റംബര്‍ അഞ്ചിനകം വാക്സിനേഷന് പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്രം പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും അതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്കൂള്‍ തുറക്കുന്നത് എപ്രകാരമാണെന്ന നിര്‍ദ്ദേശം ലഭിക്കാത്തതിനാല്‍ ക്രമീകരണങ്ങള്‍ ഏത് രീതിയില്‍ ഒരുക്കണമെന്ന് സ്കൂള്‍ മാനേജ്മെന്റിനും അറയില്ല. ഷിഫ്റ്റ് സമ്പ്രദായം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പ്രീ കെ.ഇ.ആര് പ്രകാരമുള്ള ജില്ലയിലെ നിരവധി വിദ്യാലയങ്ങളിലെ ക്ലാസ്റൂമുകളില്‍ സാമൂഹ്യ അകലം പാലിച്ച് കുട്ടികള്‍ പഠനം നടത്തിയാലും നാല് ഷിഫ്റ്റില്‍ കൂടുതല്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യണ്ടിവരും എന്നാണ് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ജോലിഭാരം ഉയര്‍ത്തും. ഒരേ ക്ലാസുകളുടെ ആവര്‍ത്തനം പഠനബോധന പ്രക്രിയയുടെ ഗുണ നിലവാരം കുറക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത് .
പൊതുഗതാഗതത്തിലൂടെയും വിദ്യാലയത്തിലെ വാഹനസംവിധാനത്തിലും ദൂരെ സ്ഥലങ്ങളില്‍ നിന്നുള്‍പ്പടെ വിദ്യാലങ്ങളിലേക്ക് എത്തുന്ന കുട്ടികളുടെ കാര്യത്തിലും കൊവിഡ് വ്യാപനം എങ്ങിനെ ആയിരിക്കുമെന്നതില്‍ ആശങ്ക ഏറെയാണ്.
ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുകയാണെങ്കില്‍ വിദ്യാലങ്ങളിലെ സ്കൂള്‍ വാഹന സര്‍വീസുകളുടെ എണ്ണം അധികമാകും. നിലവില്‍ സ്കൂള്‍ പിടിഎ പിന്തുണയോടെ ധനസമാഹരണം നടത്തി വാഹനം ഏര്‍പ്പാട് ചെയ്യുന്ന പല സ്കൂളുകള്‍ക്കും ഇത് ബാധ്യത കൂട്ടും. ഇന്ധന ചിലവും ഡ്രൈവറുടെ ശമ്പളം ഉള്‍പ്പെടെ ഉയരുന്നതിനാലാണത്. ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിദ്യാലയങ്ങളെ തള്ളിവിടുകയും ചെയ്യും.
പരിചയ സമ്പന്നരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ വിദ്യാഭ്യാസ രംഗത്തെ പിറകോട്ട് വലിക്കുക മാത്രമാണ് ചെയ്യുക. കൃത്യമായ പഠനം നടത്താതെ ഒന്നര വര്‍ഷത്തിനു ശേഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ ഭയാശങ്കകള്‍ ഇല്ലാതെ ആത്മവിശ്വാസത്തോടെ പഠന മുറികളില്‍ ഇരിക്കാന്‍ കുട്ടികള്‍ക്ക് കഴിയണമെങ്കില്‍ അതിനാവശ്യമായ ഗൃഹപാഠങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയേ തീരൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഒന്നരവര്‍ഷമായി അദ്ധ്യാപകര്‍ പോലും വരാത്ത വിദ്യാലങ്ങള്‍ പെട്ടന്ന് തുറക്കണം എന്ന പ്രഖ്യാപനം ശരിയായില്ല. വിദ്യാലയങ്ങള്‍ സജ്ജമാക്കേണ്ടത് മാനേജ്മന്റ് ആണെങ്കിലും അവരോട് കൂടിയാലോചിക്കാതെ പെട്ടെന്നെടുത്ത തീരുമാനം പ്രായോഗികമാക്കാന്‍ പ്രയാസമുണ്ട്.
ശശികുമാര്‍
(സംസ്ഥാന പ്രസിഡന്റ് കേരള എയ്ഡഡ് സ്കൂള്‍ മാനേജ്മന്റ് അസോസിയേഷന്)
കേരളത്തില്‍ ഇപ്പോഴും കൊവിഡ് നിയന്ത്രണ വിധേയമായിട്ടില്ല. സ്കൂള്‍ തുറക്കുക എന്ന ധൃതിപിടിച്ചുള്ള തീരുമാനം പുന:പരിശോധിക്കണം. കൊവിഡ് വ്യാപനവും മൂന്നാം തരംഗ ഭീഷണിയും നിലനില്ക്കുമ്പോള് കുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കുന്നതില്‍ എത്രത്തോളം സുരക്ഷ ഒരുക്കാന്‍ കഴിയും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയതിനു ശേഷമേ സ്കൂളുകള്‍ തുറക്കാവൂ.
അനീഷ് രാമത്ത്
(രക്ഷിതാവ്)
സ്കൂള്‍ തുറക്കുന്നതില്‍ അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും സന്തോഷത്തിലാണ്. അതേ പോലെ ആശങ്കയിലുമാണ്. മറ്റു സംസ്ഥാനങ്ങളിലെല്ലാം ടിപിആര്‍ നിരക്ക് കുറഞ്ഞപ്പോഴാണ് വിദ്യാലങ്ങള്‍ തുറന്നത്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും ടിപിആര്‍ ഉയര്ന്നിട്ടാണ്. കുട്ടികളുടെ യാത്ര, ഭക്ഷണ വിതരണം, പൂര്‍ണ സമയം മാസ്ക് ധരിക്കല്‍, സ്കൂളിന്റെ പ്രവര്‍ത്തന സമയം തുടങ്ങിവയില്‍ ആവശ്യമായ മുന്നൊരുക്കം ഉണ്ടാവേണ്ടതുണ്ട്. ആവശ്യമായ കൂടിയാലോചനകളൂം മുന്നൊരുക്കവും നടത്തിയതിനു ശേഷമേ സ്കൂള്‍ തുറക്കാവൂ.
ഷാജിമോന്‍
(എന്‍ടിയു ജില്ലാ പ്രസിഡന്റ്)
സ്കൂളുകള്‍ തുറക്കണം. കൂട്ടുകാരെയും അദ്ധ്യാപകരെയും കാണണം. കൂട്ടുകാരോടൊപ്പം സ്കൂളില്‍ പോകണം. എന്നാല്‍ ഒരുമിച്ചു കളിക്കാന്‍ പറ്റുമോയെന്നും മാസ്ക് ധരിക്കുന്നതിനാല്‍ ആരുടെയും മുഖം കാണാന്‍ കഴിയില്ലല്ലോ എന്നുമുള്ള വിഷമമുണ്ട്.
ആദിത്യന് നടയിലെടുത്ത്
(ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: