ന്യൂദല്‍ഹി : രോഹിണി കോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റില്‍. കോടതി മുറിക്കുള്ളില്‍ കൊല്ലപ്പെടട ജിതേന്ദ്രഗോഗിയെ വധിക്കാനെത്തിയ അക്രമികള്‍ക്ക് സഹായം നല്കിയവരാണ് പിടിയിലായത്. ഉമങ്ക്, വിനയ് എന്നിവരെയാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
രോഹിണി കോടതിയിലെ സിസിടിവി പരിശോധിച്ചതില്‍ ഇരുവര്‍ക്കും പങ്കാളിത്തമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗോഗിയെ വെടിവെയ്ക്കുന്നതിനായി അക്രമികളെ കോടതിയില്‍ ഇറക്കാന്‍ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഗോഗിയെ വധിക്കാനായി മണ്ഡോലി ജയില്‍ വച്ചാണ് ടില്ലു ഗൂഢാലോചന നടത്തിയതെന്നാണ് നിഗമനം. ക്രൈംബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്യും
രോഹിണി കോടതിയില്‍ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഇല്ലെന്ന് ഒരു വര്‍ഷം മുമ്പ് ദല്‍ഹി ഹൈക്കോടതി ഭരണ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഹൈക്കോടതി ഭരണ വിഭാഗം ഇക്കാര്യം ഉന്നയിച്ചത്. കോടതി മുറിക്കുള്ളില്‍ അടിയന്തരമായി പോലീസ് വിന്യാസം വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടതികളില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകനായ കുന്‍വാര്‍ ഗംഗേഷ് 2019 ല്‍ നല്കിയ ഹര്‍ജിയിലാണ് കഴിഞ്ഞവര്‍ഷം ഭരണവിഭാഗം ഈ സത്യവാങ്മൂലം നല്‍കിയത്.
എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി ഇതുവരെ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ കേസില്‍ ഇതുവരെ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. അതിനിടെ കോടതികളിലെ സുരക്ഷ വിഷയം ഉന്നയിച്ച് ജില്ലാ കോടതികളിലെ നടപടികളില്‍ നിന്ന് അഭിഭാഷകര്‍ കഴിഞ്ഞദിവസം വിട്ടു നിന്നു.
വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രോഹിണി കോടതിയിലെ സുരക്ഷ കര്‍ശ്ശനമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദില്ലിയിലെ ജയിലുകളിലും സുരക്ഷ വര്‍ധിപ്പിച്ചു. രോഹിണിയിലെ വെടിവെപ്പിന് പിന്നാലെ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: