മക്കളേ,
മനുഷ്യന്‍ ഈശ്വരാംശമാകയാല്‍ ഈശ്വരനാകുന്ന പൂര്‍ണ്ണതയുടെ ഒരു നേരിയ ബോധം അവനിലുണ്ട്. എന്നാല്‍ അതു വിത്തിലെ വൃക്ഷംപോലെ മറഞ്ഞിരിക്കുകയാണ്. അതുകാരണം ആത്മസ്വരൂപമായ ആ പൂര്‍ണ്ണതയെ പ്രാപിക്കാനുള്ള വെമ്പല്‍ ഓരോ ജീവനിലുമുണ്ട്. ഈ വെമ്പലില്‍നിന്നാണ് നമ്മുടെ ഭൗതികവും ആത്മീയവുമായ എല്ലാ ആഗ്രഹങ്ങളും ഉടലെടുക്കുന്നത്. ഓരോ ലോകവസ്തുക്കളെ കണ്ട്, ഇതുകിട്ടിയാല്‍ സുഖമാകും, ഇതുകിട്ടിയാല്‍ സന്തോഷമാകും എന്നു ജീവന്‍ മോഹിക്കുന്നു. അവയെ പ്രാപിക്കാന്‍ വേണ്ടി പരിശ്രമിക്കുന്നു.
ഒടുവില്‍ പ്രാപിക്കുമ്പോള്‍ ഒരു സുഖം അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ ആ സുഖം ക്ഷണികമാണ്. അടുത്ത നിമിഷം തന്നെ അവന്‍ അസംതൃപ്തനാകുന്നു. വീണ്ടും മറ്റൊരു വസ്തുവിനെ തേടുന്നു. ഒടുവില്‍ നശ്വരമായ ലോകവസ്തുക്കള്‍ക്കൊന്നും താന്‍ തേടുന്ന പൂര്‍ണ്ണത തരാന്‍ കഴിയില്ലെന്നു ബോധിച്ച് ജീവന്‍ ഈശ്വരനിലേക്കു തിരിയുന്നു. നിത്യനും പൂര്‍ണ്ണനുമായ ഈശ്വരനില്‍ അവന്‍ തന്റെ സാഫല്യവും സംതൃപ്തിയും കണ്ടെത്തുന്നു. അങ്ങനെയുള്ള ഭക്തന്‍ ചെയ്യുന്ന ഓരോ കര്‍മ്മവും ഈശ്വരാരാധനയാണ്, ഈശ്വരപൂജയാണ്. അതുകൊണ്ടുതന്നെ കര്‍മ്മത്തിന്റെ ഫലം തനിക്കു വേണം എന്നു ഭക്തന്‍ ആഗ്രഹിക്കുന്നില്ല. ‘ഈശ്വരാ, അവിടുത്തെ ഇച്ഛയാല്‍, അവിടുത്തെ ശക്തികൊണ്ട്, അവിടുത്തേയ്‌ക്കു വേണ്ടി ഈ കര്‍മ്മം ചെയ്യുന്നു. ഞാനവിടുത്തെ വെറും ഒരു ഉപകരണം മാത്രമാണ്,’ എന്നാണ് ഭക്തന്റെ ഭാവം.
ഹൃദയത്തില്‍ ഈശ്വരപ്രേമം വളരുമ്പോള്‍ മനസ്സ് ഈശ്വരസ്മരണയില്‍ത്തന്നെ മുഴുകും. തന്റെ സര്‍വ്വസ്വവുമായ ഭഗവാനില്‍ ഏകാന്തഭക്തിയാണ് ഭക്തന്‍ ആഗ്രഹിക്കുന്നത്. ഈശ്വരനെയൊഴിച്ച് മറ്റൊന്നിലും ഭക്തന് ശ്രദ്ധയോ താല്പര്യമോ ഇല്ലാതാകും.
ഇതു പറയുമ്പോള്‍ സൂര്‍ദാസിന്റെ കഥയാണ് ഓര്‍ക്കുന്നത്. ജന്മനാ അന്ധനായ ഭക്തകവി സൂര്‍ദാസ് വൃന്ദാവനത്തിലേക്കു പോകുകയായിരുന്നു. അപ്പോള്‍ എവിടെനിന്നോ ഒരു കുട്ടി വൃദ്ധനായ സൂര്‍ദാസിനെ സഹായിക്കാനായി എത്തി. അവന്റെ സംഭാഷണവും മറ്റും കേട്ട് സൂര്‍ദാസിന് അവനോട് വല്ലാത്ത ആകര്‍ഷണം തോന്നി. അങ്ങനെ അവര്‍ ഒന്നിച്ച് നടന്നു നടന്ന് വൃന്ദാവനത്തിലെത്താറായി.അപ്പോള്‍ ഒരു ചിന്ത സൂര്‍ദാസിന്റെ മനസ്സില്‍ തെളിഞ്ഞു. ‘ഇവന്‍ സാക്ഷാല്‍ കണ്ണന്‍’ തന്നെ. പെട്ടെന്ന് സൂര്‍ദാസ് മുന്നോട്ടാഞ്ഞ് ഇരുകൈകള്‍ക്കൊണ്ടും കണ്ണനെ വാരിപ്പുണര്‍ന്നു. എന്നാല്‍ കണ്ണന്‍ കുതറി ഓടി അപ്രത്യക്ഷനായി. അപ്പോള്‍ സൂര്‍ദാസ് പറഞ്ഞു. ‘അന്ധനായ എന്റെ കൈകളില്‍ നിന്നും കുതറി ഓടാന്‍ നിനക്കു സാധിക്കും. എന്നാല്‍ എന്റെ ഹൃദയത്തില്‍നിന്നും കുതറി ഓടാന്‍ നിനക്കൊരിക്കലും ആവില്ല.’ ആ ഭക്തി കണ്ടു സംപ്രീതനായ ഭഗവാന്‍ സൂര്‍ദാസിന്റെ കണ്ണിനു കാഴ്ച നല്‍കി. കണ്ണന്റെ രൂപം സൂര്‍ദാസ് കണ്‍കുളിര്‍ക്കെ കണ്ടു. എന്നാല്‍ സൂര്‍ദാസ് അടുത്ത ക്ഷണം ഇങ്ങനെ അപേക്ഷിച്ചു. ‘കൃഷ്ണാ, ഈ കാഴ്ച തിരിച്ചെടുക്കൂ. നിന്റെ രൂപം കണ്ട ഈ കണ്ണുകള്‍ക്കൊണ്ട് ഇനി ഈ ലോകത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ കൃഷ്ണന്‍ അത് അംഗീകരിച്ചു. സൂര്‍ദാസ് പിന്നെയും അന്ധനായി. സദാ കൃഷ്ണലീലകള്‍ പാടിയും കീര്‍ത്തനങ്ങള്‍ രചിച്ചും ആ ഭക്തന്‍ എപ്പോഴും പ്രേമഭക്തിയുടെ ലഹരിയില്‍ ജീവിച്ചു. ബാഹ്യമായി അന്ധനായിരുന്നെങ്കിലും ഉള്‍ക്കണ്ണുകൊണ്ട് എന്നും എവിടെയും അദ്ദേഹം കണ്ണനെത്തന്നെ ദര്‍ശിച്ചു.
ഈശ്വരനോട് ഏകാന്തപ്രേമം വരുമ്പോള്‍ ലോകവും ലോകത്തിന്റെ ആകര്‍ഷണങ്ങളും നിരര്‍ത്ഥകമായി തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ക്രമേണ ഈ ഭാവത്തെയും അതിക്രമിക്കും, പ്രകൃതിയും സര്‍വ്വജീവജാലങ്ങളും ഈശ്വരന്റെ വിഭൂതിയായി ഭക്തന് അനുഭവപ്പെടും.
ഭക്തിയുടെ പൂര്‍ണ്ണതയില്‍ പ്രപഞ്ചം മുഴുവന്‍ ഈശ്വരമയമായി ഭക്തന്‍ ദര്‍ശിക്കുന്നു. അവിടെ പിന്നെ തള്ളാനും കൊള്ളാനും ഒന്നുമില്ല. ഓരോ അണുവിലും ഈശ്വരചൈതന്യം തുടിച്ചു നില്‍ക്കുകയാണ്.ഭക്തന്‍ പുഴുവിലും പുല്‍ക്കൊടിയിലും ഈശ്വരനെ ദര്‍ശിച്ച് ആരാധിക്കുന്നു. ഒരു ഉറുമ്പിനെപ്പോലും നമസ്‌ക്കരിക്കുന്ന ഭാവം അവ
നില്‍ വളരുന്നു. അതുകൊണ്ടാണ് പറയുന്നത് സര്‍വ്വതിനോടുമുള്ള ആദരവ്, എല്ലാത്തിനോടുമുള്ള ആരാധന, സ്വീകരിക്കല്‍ മനോഭാവം, വിനയം ഇതൊക്കെയാണ് യഥാര്‍ത്ഥ ഭക്തി. മറ്റുള്ളവരില്‍, ഈശ്വരനെ ദര്‍ശിച്ച് സ്‌നേഹിക്കുക, സേവിക്കുക. അതാണ് ഉത്തമ ഭക്തിയുടെ മാര്‍ഗ്ഗം.
മാതാ അമൃതാനന്ദമയീ ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: