ശിവഗംഗ: തമിഴ്നാട്ടിലെ ശിവഗംഗയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ കൂട്ടത്തല്ല്. ഒരു ഘട്ടത്തില്‍ പ്ലാസ്റ്റിക് കസേര അന്യോന്യം വലിച്ചെറിഞ്ഞ് പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല് കൈവിട്ടുപോകുമെന്നായപ്പോള്‍ രംഗം ശാന്തമാക്കാന്‍ പൊലീസിന് ഇടപെടേണ്ടി വന്നു.
തമിഴ്നാട്ടിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കാര്‍ത്തിക് ചിദംബരം കൂടി പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം നടന്നത്. സമ്മേളനം നടക്കുന്ന ഹാളിലെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹാളിന്റെ വാതിലിനരികില്‍ നില്ക്കുന്ന മറ്റൊരു സംഘം പ്രവര്‍ത്തകരെ തുരത്തിയോടിക്കാന്‍ അവര്‍ക്ക് നേരെ കസേര വലിച്ചെറിഞ്ഞു. പിന്നീട് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് ഏറ്റുമുട്ടി. അപ്പോഴെല്ലാം കാര്‍ത്തി ചിദംബരം അവിടെയുണ്ടായിരുന്നു. അധികം വൈകാതെ പൊലീസ് സ്ഥലത്തെത്തി എല്ലാവരേയും പിരിച്ചുവിട്ട് രംഗം ശാന്തമാക്കി.
സപ്തംബര്‍ തുടക്കത്തില്‍ മുന്‍ കേന്ദ്രമന്ത്രിയായിരുന്ന പി. ചിദംബരം തന്നെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തര്‍ക്കിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഈ വഴക്കും നടന്നത്. കോണ്‍ഗ്രസിന്റെ പ്രാദേശി ഭാരവാഹികളെ മാറ്റണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യമെന്നറിയുന്നു. ഒക്ടോബര്‍ 9നാണ് തമിഴ്നാട്ടിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്. ശിവഗംഗയില്‍ കാര്‍ത്തി ചിദംബരം വിജയിച്ചെങ്കിലും ഇവിടെ കാര്‍ത്തികിന്റെയും പി. ചിദംബരത്തിന്റെയും നേതൃത്വത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: