തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കം വിപ്ലവകരമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അവന്തിക വിഷ്ണു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വളരെ ഉപകാരപ്രദമാണ്. സാമൂഹിക നീതി മന്ത്രാലയത്തിന്റെ തീരുമാനം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും അവന്തിക പ്രതികരിച്ചു.
തീരുമാനം നടപ്പിലായാല്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒപ്പംതന്നെ വിവേചനവും കൂടാതെ സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ ചെയ്യാവന്‍ സാധിക്കും. ഒബിസി കാറ്റഗറിയില്‍ ഉള്‍പ്പെടുക വഴി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹിക സാമ്പത്തിക മേഖലകളില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നും അവന്തിക പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസവും നേടുന്നതിനുള്ള സംവരണാനുകൂല്യം നല്‍കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ക്യാബിനറ്റ് കുറിപ്പ് തയ്യാറാക്കി. നിരവധി മന്ത്രാലയങ്ങളുമായും ദേശീയ പിന്നാക്ക വിഭാഗ കമ്മിഷനുമായും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷാണ് ക്യാബിനറ്റ് നോട്ട് തയ്യാറാക്കിയത്. ട്രാന്‍സ്ജെന്‍ഡറുകളെ ജെന്‍ഡറായി അംഗീകരിച്ച് അവര്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക വിഭാഗത്തിലാണെന്നും സുപ്രീംകോടതി മുമ്പ് നിര്‍ദേശം പുറത്തിറക്കിയിരുന്നു. വിദ്യാഭ്യാസത്തിലും ജോലിയിലും ഇവര്‍ക്കു സംവരണ ആനുകൂല്യം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ ഒബിസി പട്ടിക ഭേദഗതി ചെയ്ത് ട്രാന്‍സ്ജെന്‍ഡറുകളെ ഉള്‍പ്പെടുത്താനാണ് സാമൂഹികനീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഭാഗത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രപതിയുടെ ഉത്തരവില്‍ ഭേദഗതി വരുത്തണം. ഇതിനു പാര്‍ലമെന്റിന്റെ അംഗീകാരം വേണം. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയുടെ ഉത്തരവ് ഭേദഗതി ചെയ്യാനുള്ള നടപടി സ്വീകരിക്കും.
ജാതിയുടെ അടിസ്ഥാനത്തിനാണ് ഒബിസി പട്ടിക നിര്‍ണ്ണയിക്കുന്നത്. അതിനൊടൊപ്പം തന്നെ സാമൂഹിക, സാമ്പത്തിക മുന്നോക്കാവസ്ഥയുമാണ് ഇതിന് മാനദണ്ഡം. ആദ്യമായിട്ടാണ് ലിംഗപരമായിട്ടുള്ള മാനദണ്ഡം കണക്കിലെടുത്ത് സംവരണം ഏര്‍പ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: