തേഞ്ഞിപ്പലം: അനധികൃതമായി മാര്‍ക്ക് നല്കി ബിടെക് വിദ്യാര്‍ഥികളെ ജയിപ്പിക്കാനുള്ള നീക്കം വിവാദമായതോടെ കാലിക്കറ്റ് വിസിയെ അക്കാദമിക് കൗണ്‍സില്‍ കൈവിട്ടു. 2014 ബാച്ചിലെ ബിടെക് എന്‍ജിനീയറിങ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികളെ പ്രത്യേക മോഡറേഷന് മാര്‍ക്ക് നല്കി ജയിപ്പിക്കാന്‍ വിസി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
ഇന്നലെച്ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം വന്നു. എന്നാല്‍, അതിനിടെ ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് വിസിയുടെ തീരുമാനം വിവാദമാകുകയും അധ്യാപക-വിദ്യാര്‍ഥി സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ കൗണ്‍സില്‍ യോഗം അജണ്ട പിന്‍വലിച്ചു.
മാര്‍ക്ക്ദാന വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യമാണ് ഇന്നലത്തെ യോഗത്തില്‍ ഉയര്‍ന്നത്. മാര്‍ക്ക്ദാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും, വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷ നടത്തണമെന്നും വലത് സിന്‍ഡിക്കേറ്റ് അംഗങ്ങളടക്കം ആവശ്യപ്പെട്ടു.
കൊവിഡിന്റെ പശ്ചാലത്തലത്തില്‍ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന് കാണിച്ച് 2014 ബാച്ചിലെ ബിടെക് വിദ്യാര്‍ഥികളില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 20 മാര്‍ക്ക് വരെ സ്പെഷല്‍ മോഡറേഷന് നല്കി ഇവരെ ജയിപ്പിക്കാന്‍ വിസി ഡോ. എം.കെ. ജയരാജ് പ്രത്യേക ഉത്തരവിറക്കിയത്. സര്‍വ്വകലാശാല ചട്ടപ്രകാരം നിയമിക്കപ്പെടുന്ന പരീക്ഷാ ബോര്‍ഡിനേ മോഡറേഷന് മാര്‍ക്ക് നിശ്ചയിക്കാന്‍ അധികാരമുള്ളൂ. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചാല്‍ മോഡറേഷനില്‍ മാറ്റം വരുത്താനോ പരീക്ഷാ ഫലം മാറ്റാനോ ആര്‍ക്കും അധികാരമില്ല. ഫലം പ്രസിദ്ധീകരിക്കുന്നതോടെ ബന്ധപ്പെട്ട ബോര്‍ഡിന്റെ ചുമതലകളും അവസാനിക്കുമെന്നിരിക്കെയാണ് വിസി ഉത്തരവിറക്കിയത്. ഇതിനെതിരെ എബിവിപിയും ബിജെപിയുമടക്കം പ്രതിഷേധമുയര്‍ത്തുകയും ഗവര്‍ണര്‍ക്കടക്കം പരാതി നല്‍കുകയും ചെയ്തു. അക്കാദമിക് കൗണ്‍സിലും കൈവിട്ടതോടെ വിസിക്കെതിരെ നിയമനടപടിക്കും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: