”സിപിഎമ്മിനെ പ്രതിനിധാനം ചെയ്യുന്നവര്‍ക്ക് സ്വഭാവഗുണം വേണം. പൊതു അംഗീകാരം ഉള്ളവരുമാകണം. ലാളിത്യവും സത്യസന്ധതയും നിലനിര്‍ത്തണം. മാതൃകാപരമായ പൊതുപ്രവര്‍ത്തനത്തിന് വിഘാതം ഒന്നും പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാകരുത്.”
പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി അണികള്‍ക്ക് നല്കിയ നിര്‍ദ്ദേശങ്ങള്‍ക്കിടയിലാണ് മേലുദ്ധരിച്ച ഉപദേശം. ഇത് പുറത്തുവന്ന ദിവസം തന്നെയാണ് തിരുവനന്തപുരത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കിരീടം വച്ച കള്ളങ്ങള്‍ സഖാക്കള്‍ വിളമ്പിയത്. ഇത് ചെയ്തത് ബ്രാഞ്ച്-ലോക്കല്‍ കമ്മിറ്റികളില്‍ അംഗങ്ങളായവരോ അണികളോ അല്ല. സംസ്ഥാന-കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങളും എംഎല്‍എയും ആയവര്‍. അതിലൊരാള്‍ ഇന്ന് സംസ്ഥാന മന്ത്രിസഭയില്‍ അംഗം. അതും വിദ്യാഭ്യാസമന്ത്രി. എങ്ങിനെയാകും അഭ്യാസ (?) മെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആറുവര്‍ഷം മുന്‍പ് നിയമസഭയില്‍ അരങ്ങേറിയ അതിക്രമ വാര്‍ത്തയും ചിത്രങ്ങളുമെല്ലാം കെട്ടിച്ചമച്ചതെന്ന് സമര്‍ത്ഥിക്കാനായിരുന്നു അത്.
ആ സംഭവത്തിലെ പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി സുപ്രീംകോടതിയടക്കം തള്ളിയതാണ്. അതിന്റെ വിചാരണ വേളയില്‍ കേട്ടത് ഇങ്ങിനെ: ”നിയമസഭയില്‍ സ്പീക്കറുടെ ഡയസും വിദേശ നിര്‍മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച കേസില്‍ തങ്ങള്‍ക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും പ്രതികള്‍ പോലീസുകാരാണെന്നുമുള്ള വിചിത്രമായ വാദമുയര്‍ന്നു.
നാശനഷ്ടം വരുത്താന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലായിരുന്നെന്ന് പ്രതികള്‍ വാദിച്ചു. തങ്ങള്‍ മാത്രമല്ല സ്പീക്കറുടെ ഡയസില്‍ കയറിയത്. എംഎല്‍എമാരായ സുനില്‍കുമാര്‍, ബി. സത്യന്, തോമസ് ഐസക്ക് എന്നിവരും കയറി. അക്രമം കാട്ടാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. വാച്ച് ആന്‍ഡ് വാര്‍ഡായി വന്ന പോലീസുകാരാണ് അതിക്രമം കാണിച്ചത്. അവര്‍ സംഘര്‍ഷം ഉണ്ടാക്കിയപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. 21 മന്ത്രിമാര്‍ ഉള്‍പ്പെടെ 140 എംഎല്‍എമാരും നിയമസഭയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരാരും കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് സാക്ഷികളായില്ല. പകരം പോലീസുകാര്‍ മാത്രമാണ് സാക്ഷികളായത്. അക്രമവുമായി ബന്ധപ്പെട്ട് ദൃശ്യമാധമങ്ങളിലടക്കം പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും പ്രതികള്‍ വാദിച്ചു. നിയമസഭാ സാമാജികര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചുകാട്ടി. വി. ശിവന്‍കുട്ടി നശിപ്പിച്ചു എന്നു പറയുന്ന ഇലക്ട്രോണിക് പാനല്‍ എന്ന വസ്തുവിനെക്കുറിച്ച് രാസപരിശോധന നടത്തിയ ഇലക്ട്രോണിക് എഞ്ചിനീയറെ പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന് നിയമസഭയിലെ സംഭവങ്ങള്‍ സാക്ഷികളെ സിഡിയില്‍ കാണിച്ചുകൊടുത്താണ് മൊഴി രേഖപ്പെടുത്തിയത്. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ല. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവുകളില്ല. സിസിടിവി ദൃശ്യങ്ങള്‍ ശരിയായും നിയമപരമായ രീതിയിലും സാക്ഷ്യപ്പെടുത്തിയിട്ടില്ല. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 65 ബി. പ്രകാരം തൊണ്ടിമുതലായ ദൃശ്യങ്ങള്‍, സിഡികള്‍ ഏത് ഡിവൈസില്‍ നിന്നാണെടുത്തതെന്ന സാക്ഷ്യപത്രം ഫോറന്‍സിക് റിപ്പോര്‍ട്ടിനൊപ്പം ക്രൈംബ്രാഞ്ച് ഹാജരാക്കിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
എന്നാല്‍ ഇത്തരം വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും നിയമസഭയിലെ ഹാര്‍ഡ് ഡിസ്ക്, ടൈമര്‍ ഘടിപ്പിച്ചിട്ടുള്ളതാണെന്നും തിരിമറി നടത്താന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് മറുപടി നല്കി. വാദം തള്ളി പ്രതികളെ വിചാരണ ചെയ്യണമെന്നും പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടര്‍ ബാലചന്ദ്രമേനോന് ആവശ്യപ്പെട്ടു. സുപ്രീംകോടതി നിര്‍ദേശവും അതുതന്നെയാണല്ലോ. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചു വാങ്ങിയ ഉപകരണങ്ങള്‍ ഒരു എംഎല്‍എയ്ക്കും നശിപ്പിക്കാനാകില്ല. പ്രതികള്‍ പൂര്‍ണബോധ്യത്തോടെയാണ് ആക്രമണം നടത്തിയത്. ഒരു പ്രവര്‍ത്തി ചെയ്യുന്ന ആള് അതിന്റെ പരിണതഫലവും അറിഞ്ഞിരിക്കണമെന്നാണ് നിയമം. അതിനാല്‍ തന്നെ കുറ്റകൃത്യത്തിന്റെ പരിണിത ഫലം അറിഞ്ഞു ബോധപൂര്‍വമാണ് പ്രതികള്‍ കൃത്യം ചെയ്തത്. പ്രതികളുടെ പ്രവൃത്തി സഭാചരിത്രത്തില്‍ ആദ്യ സംഭവമെന്നും സര്‍ക്കാര്‍ അഭിഭാഷകന് ബോധിപ്പിച്ചു. അതിനാല്‍ വിടുതല്‍ ഹര്‍ജി തള്ളണമെന്നും അന്വേഷണ വീഴ്ചകള്‍ ഉണ്ടായാല്‍ പോലും വിചാരണയ്ക്ക് ദോഷം ചെയ്യില്ലെന്നും അദ്ദേഹം വാദിച്ചു.
നിയമസഭ കൈയാങ്കളി കേസില്‍ വി. ശിവന്‍കുട്ടി, ഇ.പി.ജയരാജന്, കെ.ടി.ജലീല്‍, കെ.അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവന് എന്നീ ആറ് പ്രതികളാണ് വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇരുകൂട്ടരുടെയും വാദം കേട്ട കോടതി വിടുതല്‍ ഹര്‍ജിയില്‍ വിധി അടുത്തമാസം 7 ന് പ്രസ്താവിക്കും.
ധനകാര്യമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റവതരിപ്പിക്കുന്നത് തടയാനൊരുങ്ങിയും ഓങ്ങിയുമാണ് അന്നത്തെ പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിപക്ഷത്തിന്റെ തന്ത്രം മനസ്സിലാക്കിയ കെ.എം. മാണി സഭാമന്ദിരത്തില്‍ കാലേകൂട്ടിയെത്തി. ബജറ്റവതരണം തുടങ്ങിയപ്പോള്‍ തന്നെ കലഹം തുടങ്ങി. മന്ത്രിയെ സംരക്ഷിക്കാനായി ഭരണകക്ഷി അംഗങ്ങള്‍ കവചമൊരുക്കി. തുടര്‍ന്നാണ് കയ്യാങ്കളിയും ഡയസില്‍ കയറലും കസേരയേറുമെല്ലാം നടന്നത്. കണ്ണില്‍ കണ്ടതെല്ലാം വലിച്ചെറിഞ്ഞു. എന്നിട്ടരിശം തീരാതെ സഭാഹാളിലും ഡസ്കിലും ബഞ്ചിലുമെല്ലാം കയറി വീരസ്യം പ്രകടിപ്പിക്കുന്നത് സകലചാനലുകളും ക്യാമറയിലാക്കി. ലോകം മുഴുവനുമത് നേരിട്ട് കണ്ടതുമാണ്. അതും ലൈവായി. എന്നിട്ടിപ്പോള്‍ എല്ലാം കൃത്രിമമായുണ്ടാക്കിയെന്ന് വാദിക്കണമെങ്കില്‍ വല്ലാത്ത തൊലിക്കട്ടിയുള്ളവര്‍ക്ക് മാത്രം കഴിയുന്നതാണ്. വിധി അനുകൂലമാക്കാന്‍ ചെയ്യുമ്പോള്‍ പാര്‍ട്ടി പറയുന്ന മാന്യതയും സത്യസന്ധതയും ബലേ ഭേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: