ന്യൂദല്‍ഹി: വന്യംജീവി, പരിസ്ഥിതി സംരക്ഷണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊള്ളുന്ന നിലപാടുകളെ പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന് കെവിന് പീറ്റേഴ്സണ്. അസാമിലെ കാണ്ടാമൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രതികരണം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പരിസ്ഥിതി സ്നേഹികൂടിയായ പീറ്റേഴ്സന്റെ പ്രതികരണം.
മോദി ശരിക്കുമുള്ള ഹീറോയെന്ന് പറഞ്ഞ പീറ്റേഴ്സണ് മറ്റ് ലോകനേതാക്കള്‍ പ്രധാനമന്ത്രിയെ മാതൃകയാക്കണമെന്നും ട്വീറ്റ് ചെയ്തു.
കാണ്ടാമൃഗ വേട്ടയ്ക്കെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി അസം മുഖ്യമന്ത്രി വേട്ടക്കാരുടെ പക്കല്‍നിന്നും പിടിച്ചെടുത്ത കാണ്ടാമൃഗത്തിന്റെ കൊമ്പുകള്‍ കത്തിച്ചിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനുവദിക്കില്ലായെന്ന പ്രതിജ്ഞയും പരിപാടിയില്‍ ഹിമന്ത ബിശ്വ ശര്‍മ്മ നടത്തി. ഇതിനെ പ്രശംസിച്ചുകൊണ്ട് മോദി നടത്തിയ പ്രതികരണമാണ് പീറ്റേഴ്സണ് ഏറ്റെടുത്തത്.
ഭാരതത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാണപ്പെട്ടിരുന്ന ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലാണ്. ഒറ്റക്കൊമ്പന് കാണ്ടാമൃഗം ഏറ്റവും കൂടുതലുള്ള അസമിലെ കാസിരംഗ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈത്ൃകപട്ടികയില് ഉള്‍പ്പെടുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: