കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ പ്രശസ്തമായ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി മാത്രം യോഗ്യതയുള്ളയാളെ വിസിയാക്കി താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിയമനത്തില്‍ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റിയില്‍ നിന്നും എഴുപതോളം ഉന്നത യോഗ്യതയുള്ള അദ്ധ്യാപകര്‍ രാജിവച്ചു.
നിലവില്‍ പിഎച്ച്‌ഡി യോഗ്യതയുള്ള പണ്ഡിതനായ മുഹമ്മദ് ഒസ്മാന്‍ ബാബുരിയാണ് വി.സി. ഇദ്ദേഹത്തെ മാറ്റിയാണ് കേവലം ഡിഗ്രി മാത്രമുള്ള മുഹമ്മദ് അഷ്റഫ് ഗൈറാത്തിനെ നിയമിച്ചത്. കടുത്ത താലിബാന്‍ അനുഭാവിയായതാണ് ഗൈറാത്തിന്റെ അധിക യോഗ്യതയായി സര്‍ക്കാര്‍ പരിഗണിച്ചത്. സര്‍വകലാശാലയുടെ തലവനായി ഗൈറാത്തിനെ നിയമിച്ചതിന് എതിരെ പ്രതിഷേധം ശക്തമാണ്.
താലിബാന് അനുകൂലമായി മുന്‍പും നിലപാടുകള്‍ സ്വീകരിച്ചയാളാണ് ഗൈറാത്ത്. മാദ്ധ്യമപ്രവര്‍ത്തകരുടെ അടക്കം കൊലപാതകങ്ങളില്‍ താലിബാന്‍ പക്ഷം ചേര്‍ന്ന് ഇയാള്‍ നിരവധി ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. വിസിയാവുന്നതിനുള്ള മതിയായ യോഗ്യതകള്‍ തനിക്കുണ്ടെന്നാണ് വിമര്‍ശകരോട് ഗൈറാത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. 2008 ല്‍ താന്‍ ജേണലിസത്തില്‍ ബിരുദം നേടിയിട്ടുണ്ട്, പതിനഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും തനിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ പിഎച്ച്‌ഡി യോഗ്യതയുള്ള പണ്ഡിതനെ മാറ്റി ബി എക്കാരനെ രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റിയുടെ വി സി ആക്കിയതില്‍ ജനങ്ങളും രോഷാകുലരാണ്. സമൂഹമാദ്ധ്യമങ്ങളിലും ഇക്കാര്യത്തില്‍ ഏറെ പേര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: