കൊല്ലം: വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടച്ചിട്ട് 27ന് ഇടത്-വലത് സംയുക്ത ട്രേഡ് യൂണിയനുകള്‍ കേരളത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ നിന്നും വ്യാപാര, വ്യവസായ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം കൊല്ലം ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ നാലു മാസമായി പൂര്‍ണമായും അടച്ചിട്ടിരുന്ന വാണിജ്യ മേഖല തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു മാസക്കാലമേ ആയിട്ടുള്ളു. വ്യാപാരം തകര്‍ന്ന് കടക്കെണിയിലായി നിരവധി വ്യാപാരികള്‍ ഇതിനകം ആത്മഹത്യ ചെയ്തു.
കട ബാധ്യതയില്‍പ്പെട്ട് നട്ടംതിരിയുന്ന വ്യാപാരികള്‍ക്ക് മേല്‍ തങ്ങളുടെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിമാത്രമാണ് ഇത്തരം ഹര്‍ത്താലുകളും ബന്ദും അടിച്ചേല്‍പ്പിക്കുന്നത്. ഇത് സമൂഹത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. തകര്‍ന്നടിഞ്ഞ വ്യാപാര വ്യവസായ മേഖലയെ പുന:രുജ്ജീവിപ്പിക്കുന്നതില്‍ ധാര്‍മിക പങ്കു വഹിക്കേണ്ട, ഉത്തരവാദിത്വപ്പെട്ട രാഷ്‌ട്രീയ നേതൃത്വങ്ങള്‍ തന്നെ ഈ മേഖലയുടെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടുന്ന ഹര്‍ത്താലുകള്‍ നടത്തുന്നു. അതിനാല്‍ വ്യാപാരി, വ്യവസായി സമൂഹത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി, പി.അനില്‍, ട്രഷറര്‍ തെക്കടം ഹരീഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: