കൊല്ലം: ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍ വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനാകാതെ പ്രധാനാധ്യാപകരും പിടിഎ കമ്മിറ്റികളും.
ഒട്ടുമിക്ക സര്‍ക്കാര്‍ സ്കൂളുകളിലും പുതിയ കെട്ടിടങ്ങളും ക്ലാസ് മുറികളും സജ്ജമായിട്ടുണ്ടെങ്കിലും കൊവിഡ് പ്രോട്ടോക്കോളനുസരിച്ചുള്ള സംവിധാനങ്ങളൊരുക്കാന്‍ വരുന്ന സാമ്പത്തിക ചെലവ് കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഇവര്‍.
വിദ്യാര്‍ഥികളെ വീടുകളില്‍ നിന്ന് സുരക്ഷിതരായി സ്കൂളുകളിലെത്തിക്കുന്നതിനുള്ള വാഹന സൗകര്യമൊരുക്കുന്നതാണ് വലിയ വെല്ലുവിളി. നിലവിലുള്ള സ്കൂള്‍ ബസുകള്‍ നിരത്തിലിറക്കണമെങ്കില്‍ തന്നെ നല്ലൊരു തുക കണ്ടെത്തണം. ഒന്നരവര്‍ഷത്തോളമായി ഓടാതോ കിടക്കുന്ന ബസുകളുടെ ടയറുകളും ബാറ്ററിയും ജിപിഎസ് സംവിധാനങ്ങളുമെല്ലാം തകരാറിലാണ്.
അറ്റകുറ്റപ്പണികള്‍ നടത്തി പെയിന്റിങും മറ്റും ചെയ്ത് ആര്‍ടി ഓഫീസിലെ സര്‍ട്ടിഫിക്കറ്റും വാങ്ങി സര്‍വീസ് നടത്താന്‍ തയ്യാറാക്കണമെങ്കില്‍ നല്ലൊരു ഫണ്ട് വേണ്ടിവരും. ഇതിനു പുറമേ ക്ലാസ് മുറികളും പരിസരവും ശുചീകരിക്കാനും മറ്റുമുള്ള പണവും കണ്ടെത്തേണ്ടതുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും മറ്റ് സംവിധാനങ്ങളുമൊരുക്കുന്നതിനായി അതത് പ്രദേശങ്ങളില്‍നിന്ന് പരമാവധി സഹായമാണ് അധ്യാപകരും പിടിഎയും ചേര്‍ന്ന് വാങ്ങിയിരുന്നത്. ഇനിയും ഇവരുടെ മുന്നില്‍ പോകാനാവാത്ത അവസ്ഥയാണ് പല സ്കൂളുകള്‍ക്കും.
വലുതും ചെറുതുമായ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകളും വാഹനങ്ങള്‍ നന്നാക്കുന്നതിനുള്ള സാമ്പത്തികം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ്. ഡ്രൈവര്‍മാരും സഹായികളും മറ്റ് ജോലികള്‍ തേടിപ്പോയി. ഇവരെയെല്ലാം കണ്ടെത്തി പുതിയ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കണമെങ്കില്‍ വന്‍തുക വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: