തിരുവനന്തപുരം : സംസ്ഥാനത്ത് നവംബര്‍ മുതല്‍ സ്‌കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗ്ഗരേഖയായി. ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ എന്ന വിധത്തിലായിരിക്കും ക്ലാസ്സുകള്‍ ക്രമീകരിക്കുക. ക്ലാസ്സിനെ രണ്ടായി തിരിച്ച് രാവിലെ, ഉച്ചയ്‌ക്ക് എന്നിങ്ങനെ രണ്ടായി തരംതിരിച്ച് ആയിരിക്കും ക്ലാസ്സുകള്‍ നടത്തുകയെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാകില്ല, പകരം അലവന്‍സ് നല്‍കും. സ്‌കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല. ശശീര ഊഷ്മാവ്, ഓക്‌സിജന്‍ എന്നിവ പരിശോധിക്കാന്‍ സ്‌കൂളുകളില്‍ സംവിധാനം ഒരുക്കും.
ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളില്‍ വിടരുത്. അഞ്ചുദിവസത്തിനകം അന്തിമ രേഖ പുറപ്പെടുവിക്കും. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബര്‍ ഒന്നാം തിയതി തുറക്കുക. അതിന് മുമ്പ് സ്‌കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. സ്‌കൂള്‍ തുറക്കും മുമ്പ് സ്‌കൂള്‍തല പിടിഎ യോഗം ചേരും. ക്ലാസുകളുടെ ക്രമീകരണം, മുന്നൊരുക്കങ്ങള്‍ എന്നിവയ്‌ക്ക് അധ്യാപക സംഘടനകളുമായടക്കം വിപുലമായ ചര്‍ച്ചകളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
അതേസമയം കൃത്യമായ മുന്നൊരുക്കങ്ങളോടെ വേണം സ്‌കൂളുകള്‍ തുറക്കാനെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും എല്ലാം വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പിക്കണം.
ക്ലാസുകള്‍ ക്രമീകരിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമായി സാമൂഹിക അകലം പാലിക്കുന്ന രീതിയിലാകണം ഇരിപ്പിടം ക്രമീകരിക്കേണ്ടത്. ക്ലാസുകള്‍ വിഭജിച്ച് പഠനം നടത്തണം. ഒരു ബാച്ച് കുട്ടികള്‍ ക്ലാസുകളില്‍ ഹാജരായി പഠനം നടത്തുമ്പോള്‍ അതേ ക്ലാസ് മറ്റൊരു ബാച്ചിന് ഓണ്‍ലൈനായും അറ്റന്‍ഡ് ചെയ്യാം. ഷിഫ്റ്റ് സമ്പ്രദായത്തില്‍ ഇത്തരം ക്രമീകരണം സാധ്യമാണെന്നും ഐഎംഎയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: