കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി സെമി കാണാതെ പുറത്തായി. ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുഹമ്മദന്‍സാണ് ഗോകുലത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. 44-ാം മിനിറ്റില്‍ മാര്‍കസ് ജോസഫ് മുഹമ്മദന്‍സിന്റെ വിജയഗോള്‍ നേടി.
ഗോകുലത്തിനെതിരെ മുഹമ്മദന്‍സ് മികച്ച മത്സരമാണ് പുറത്തെടുത്തത്. ഗോകുലത്തിന്റെ മുന്നേറ്റനിര താരങ്ങളായ ചികത്താരയെയും റഹീം ഒസ്മാനുവിനെയും മുഹമ്മദന്‍സ് പ്രതിരോധം പൂട്ടിയിട്ടു. മറുവശത്ത് മുഹമ്മദന്‍സ് ഗോകുലം മുന്‍ നായകനായിരുന്ന മാര്‍കസ് ജോസഫിലൂടെ എതിര് ഗോള്‍മുഖത്തേക്ക് മികച്ച മുന്നേറ്റങ്ങളും നടത്തി. കളിയുടെ 42-ാം മിനിറ്റില്‍ ഗോകുലം മുഹമ്മദന്‍സ് വല കുലുക്കിയെങ്കിലും ഓഫ് സൈഡായി. തെട്ടടുത്ത നിമിഷം തന്നെ മാര്‍കസ് ജോസഫിലൂടെ മുഹമ്മദന്‍സ് ലീഡെടുത്തു. പിന്നീട് 64-ാം മിനിറ്റില്‍ സമനില നേടിയെന്ന് തോന്നിച്ചെങ്കിലും റഹീം ഒസ്മാനുവിന്റെ ഗോള്‍ശ്രമം മുഹമ്മദന്‍സ് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. സെമിയില്‍ ബംഗളൂരു യുണൈറ്റഡാണ് മുഹമ്മദന്‍സിന്റെ എതിരാളികള്‍.
ഇന്ന് നടക്കാനിരുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് ആര്‍മി റെഡ് പിന്മാറിയതിനെ തുടര്‍ന്ന് ബെംഗളൂരു യുണൈറ്റഡും സെമിയില്‍ ഇടംപിടിച്ചു. ടീമംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആര്‍മി റെഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാതെ പിന്‍വാങ്ങിയത്. ഇന്ന് മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ എഫ്സി ഗോവ ദല്‍ഹി എഫ്സിയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: