ബംഗളൂരു : കര്‍ണാടകത്തിലെ ബംഗളൂരുവിലെ പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരത്തിലെ ന്യൂ തറഗുപേട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് സ്‌ഫോടനമുണ്ടായത്. ഇവിടെയുള്ള ഒരു ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഗോഡൗണിലാണ് സ്‌ഫോടനം നടന്നത്.
ഗോഡൗണിന് തൊട്ടുമുന്നിലെ പഞ്ചര്‍ കടയിലുണ്ടായിരുന്ന രണ്ട് പേര്‍ ഉള്‍പ്പടെയാണ് മൂന്ന് പേര്‍ മരണപ്പെട്ടത്, നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞതായി ബംഗളൂരു സൗത്ത് ഡിസിപി ഹരീഷ് പാണ്ഡെ പറഞ്ഞു. അതേസമയം സ്‌ഫോടനത്തിന് കാരണമായ രാസവസ്തു ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫോറന്‍സിക് വിദഗ്‌ദ്ധര്‍ സ്ഥലം പരിശോധിച്ച് സ്‌ഫോടനത്തിന്റെ കാരണത്തെ കുറിച്ച് പരിശോധിക്കുകയാണ്.
ഇനിയും ഗോഡൗണില്‍ അറുപതോളം പെട്ടികള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് എന്താണെന്നോ ആരാണ് ഇവിടെ എത്തിച്ചതെന്നോ അറിവായിട്ടില്ല. വളരെ ശക്തമായ സ്ഥോടനമാണ് ഗോഡൗണില്‍ ഉണ്ടായത്. സ്‌ഫോടനത്തിന്റെ ശബ്ദം രണ്ട് കിലോമീറ്റര്‍ അകലെ വരെ കേട്ടു. ഭൂകമ്പത്തില്‍ നഗരം കുലുങ്ങിയതാണെന്നാണ് സമീപവാസികളടക്കം കരുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: