ദുബായ്: കുട്ടികളുടെ സാന്നിധ്യത്തില്‍ വാഹനത്തിലോ, അടച്ചിട്ട മുറിയിലോ പുകവലിച്ചാല്‍ 10,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് യുഎഇ ഫെഡറല്‍ പബ്ലിക് പ്രോഷിക്യൂഷന്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ളപ്പോള്‍ പുകവലിക്കരുതെന്നാണ് മുന്നറിയിപ്പ്. കുട്ടികളുള്ള വാഹനങ്ങളില്‍ മുതിര്‍ന്നവര്‍ പുകവലിക്കുന്നതു കണ്ടാല്‍ പട്രോളിങ്ങിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നടപടിയെടുക്കാം. ആദ്യ തവണ 5,000 ദിര്‍ഹവും രണ്ടാം തവണ 10,000 ദിര്‍ഹവുമാണ് പിഴ.
കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള വദീമ നിയമത്തിന്റെ ഭാഗമായാണിത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുകയിലയോ, പുകയില ഉല്പന്നങ്ങളോ വില്‍ക്കരുത്. പുകയില ഉല്പന്നങ്ങള് വില്ക്കുമ്പോള് കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖ വില്പനക്കാര് ചോദിക്കണം. ലഹരി വസ്തുക്കള്‍ കുട്ടികള്‍ക്ക് കൈമാറുന്നതും വദീമ നിയമം 12 അനുച്ഛേദപ്രകാരം ഗുരുതര കുറ്റമാണ്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. കുരുന്നുകളെ വാഹനത്തില്‍ തനിച്ചാക്കി പോകരുത്. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള നടപടികളും കൂടുതല്‍ കര്‍ശനമാക്കി. ഏഴ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനത്തില്‍ കുടുങ്ങുന്ന കേസുകളിലും 10,000 ദിര്‍ഹമാണു പിഴ.
വാഹനങ്ങളില്‍ കുടുങ്ങിയ 39 കുട്ടികളെയാണ് ഈ വര്‍ഷം പൊലീസ് രക്ഷപ്പെടുത്തിയത്. കുട്ടികളെ വാഹനത്തിലിരുത്തി ലോക്ക് ചെയ്തു രക്ഷിതാക്കള്‍ ഷോപ്പിങ്ങിനും മറ്റും പോയ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: