എടത്വാ: കുട്ടനാട്ടില്‍ പുഞ്ചക്കൃഷി ഒരുക്കം ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കര്‍ഷകരില്‍ ആശങ്കയേറുന്നു. ഒക്ടോബര്‍ 15ന് ശേഷം വിതയിറക്കാനുള്ള തീരുമാനത്തിലാണ് പുഞ്ചക്കൃഷി ഒരുക്കം ആരംഭിച്ചത്.
പാടത്ത് കെട്ടിക്കിടക്കുന്ന പോളയും പുല്ലും തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്യുന്ന ജോലിയാണ് ഒട്ടുമിക്ക പാടശേഖരങ്ങളിലും നടക്കുന്നത്. ചില പാടശേഖരങ്ങളില്‍ പമ്പിങ് ആരംഭിച്ചിട്ടുണ്ട്. കൃഷിയുടെ തുടക്കത്തിലെ കാര്‍ഷിക ചെലവ് വര്‍ധിച്ചു. മിക്ക പാടങ്ങളിലും കാക്കപോളയും പുല്ലും തഴച്ചുവളര്‍ന്ന് കിടക്കുകയാണ്. ഒരേക്കറില്‍ പത്തോളം പുരുഷ തൊഴിലാളികളെ ഇറക്കിയാല്‍ മാത്രമേ പാടത്തെ പോളയും പുല്ലും നീക്കം ചെയ്യാന്‍ കഴിയൂ.
പ്രതിദിനം ഒരു തൊഴിലാളിക്ക് 900 രൂപ കൂലിച്ചെലവായി നല്‍കേണ്ടി വരുന്നു. മുന്‍കാലങ്ങളേക്കാള്‍ ഇക്കുറി പുല്ലും പോളയും പാടങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ കൃഷിയുടെ തുടക്കത്തിലെ ആയിരക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരുന്നെന്ന് കര്‍ഷകര്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനവും കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. പമ്പിങ് നടത്തിയ പല പാടശേഖരങ്ങളും നിനച്ചിരിക്കാതെ പെയ്യുന്ന ഒറ്റപ്പെട്ട ശക്തമായ മഴയില്‍ മുങ്ങുകയാണ്. മഴ ശമിച്ച ശേഷം പമ്പിങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന നിരവധി പാടശേഖര സമിതികളും കുട്ടനാട്ടിലുണ്ട്. കാലവര്‍ഷത്തെ തുടര്‍ന്ന് തുലാമഴ എത്തിയാല്‍ വിതയിറക്ക് വീണ്ടും താമസിക്കും.ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യ ആഴ്ചയോ വിതയ്ക്കാനാണ് കൂടുതല്‍ സാധ്യത. തുലാമഴ ശക്തിപ്രാപിച്ച് വെള്ളപ്പൊക്കമുണ്ടായാല്‍ കൃഷിയെ സംരക്ഷിക്കാനുള്ള പുറംബണ്ട് മിക്ക പാടങ്ങള്ക്കുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: