തൃശ്ശൂര്‍: വിയ്യൂര്‍ ജയിലിലെ പ്രതികള്‍ നിയമ വിരുദ്ധമായി ഫോണ്‍ വിളിക്കുന്നതില്‍ ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ്. ഇതുമായി ബന്ധപ്പെട്ട് ഉത്തര മേഖല ജയില്‍ ഡിഐജി നല്കിയ റിപ്പോര്‍ട്ടില്‍ എ.ജി. സുരേഷിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ഫോണ്‍ വിളി സജീവമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരിശോധന നടത്തിയിരുന്നു. ഉത്തര മേഖല ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. തടവ് പുള്ളികള്‍ ഫോണ്‍ വിളിക്കുന്നത് ജയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണോ എന്നാണ് പരിശോധന നടത്തിയത്.
ടി.പി. വധക്കേസ് പ്രതിയായ കൊടി സുനിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുക്കുകയും പല തവണ ഗുണ്ടകളെ അടക്കം സുനി ജയിലില്‍ വിളിച്ചെന്നും കണ്ടെത്തിയിരുന്നു. കൊലപാതക കേസില്‍ തടവില്‍ കഴിയുന്ന റഷീദ് എന്നയാള്‍ 223 മൊബൈല്‍ നമ്പറുകളിലേക്ക് 1345 തവണയായി ഫോണ്‍ വിളിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതേ ഫോണില്‍ നിന്ന് മറ്റു തടവുകാരും വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ജയിലില്‍ ജാമറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം മറികടന്നുകൊണ്ടാണ് തടവുപുള്ളികള്‍ ഫോണ്‍ വിളിക്കുന്നത്. തീവ്രവാദകേസുകളില്‍ ഉള്‍പ്പടെ പ്രതിയായവര്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജയിലില്‍ നിന്നുള്ള ഫോണ്‍വിളികളെ ഗൗരവപൂര്‍വ്വമാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: