സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ പൂര്‍ണാടിസ്ഥാനത്തില്‍ തുറക്കാതെ മോഹന്‍ലാല്‍ ചിത്രമായ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യില്ലെന്ന് വിവരം. കൊവിഡ് ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ തിയേറ്ററുകള്‍ ഭാഗികമായി തുറക്കാനാണ് നീക്കം. എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്തി പ്രദര്‍ശനം ഉണ്ടാവില്ല. രാത്രി പ്രദര്‍ശനവും ഉണ്ടാകാനിടയില്ല. ഈ സാഹചര്യം സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കില്ല. അതിനാല്‍ സ്ഥിതിഗതികള്‍ അനുകൂലമായതിന് ശേഷം മരക്കാര്‍ പ്രദര്‍ശനത്തിന് എത്തിയ്ക്കാനാണ് തീരുമാനം.
പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ, മലയാളത്തിലെ എറ്റവും ചെലവേറിയ ചിത്രമാണ് മരയ്ക്കാര്‍. 100 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി. കുരുവിള, റോയ് സി.ജെ. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
റിലീസിംഗിന് തയ്യാറായിരുന്നെങ്കിലും കൊവിഡിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതോടെയാണ് റിലീസും നീണ്ടുപോയത്. ചിത്രം ഒടിടി വഴി റിലീസ് ചെയ്യില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് 600 സ്ക്രീനുകളിലെങ്കിലും ചിത്രം പ്രദര്‍ശിപ്പിയ്ക്കും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി കണക്കിലെടുത്താവും റിലീസ്.
കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തിയേറ്ററുകള്‍ നിയന്ത്രണങ്ങളോടെ വൈകാതെ തുറന്നേക്കും. തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: